Breaking News

ഫോക്‌സ്‌വാഗണ്‍ , ടൊയോട്ട; ആരാകും കോടിപതി ?

ഇന്‍ഷുറന്‍സ് എജന്റുകളെ പോലെ കോടിപതി പട്ടം നേടാന്‍ പരക്കം പായുകയാണ് ഇപ്പോള്‍ ഫോക്‌സ്‌വാഗണും ടൊയോട്ടയും. ഈ വര്‍ഷം ഒരു കോടി വാഹനങ്ങള്‍ നിരത്തിലിറക്കണമെന്നതാണ് രണ്ട് കമ്പനികളുടെയും സ്വപ്നം. വാഹനനിര്‍മാണമേഖലയുടെ ചരിത്രത്തിലിതുവരെ ഒരു കമ്പനിക്കും വര്‍ഷത്തില്‍ ഒരുകോടി വാഹനങ്ങള്‍ എന്ന സ്വപ്‌നനേട്ടം സ്വന്തമാക്കാനായിട്ടില്ല. നിലവില്‍ വാഹനകമ്പനികള്‍ക്കിടയിലെ ഒന്നാം സ്ഥാനക്കാരായ ടൊയോട്ടയാണ് ഈ ലക്ഷ്യവുമായി ആദ്യം മുന്നിട്ടിറങ്ങിയത്. തൊട്ടുപുറകിലുളള ഫോക്‌സ്‌വാഗണ് വെറുതെയിരിക്കാന്‍ പറ്റുമോ? അവരും പ്രഖ്യാപിച്ചു ഈ വര്‍ഷം ഒരു കോടി വാഹനങ്ങളെന്ന ടാര്‍ഗറ്റ്. രണ്ടു കമ്പനികളും കച്ച മുറുക്കിയിറങ്ങിയതോടെ ആഗോളവാഹനവ്യവസായം തന്നെ ഉഷാറായിരിക്കുകയാണ്.

2018 ആകുമ്പോഴേക്ക് പ്രതിവര്‍ഷം ഒരു കോടി വാഹനങ്ങള്‍ നിരത്തിലിറക്കുക എന്നതായിരുന്നു ഫോക്‌സ്‌വാഗണിന്റെ മുമ്പത്തെ പദ്ധതി. അതിനായി 1100 കോടി ഡോളര്‍ മുതല്‍മുടക്കില്‍ വമ്പന്‍ നിര്‍മാണ പദ്ധതികളും അവര്‍ രൂപവത്കരിച്ചിരുന്നു. ഇതിനിടയിലാണ് ടൊയോട്ട ഈ വര്‍ഷം തന്നെ ഒരു കോടി വാഹനങ്ങള്‍ വിറ്റഴിക്കുമെന്ന് പ്രഖ്യാപിച്ചത്. അതോടെ ഫോക്‌സ്‌വാഗണും ആ വഴിക്ക് നീങ്ങാന്‍ നിര്‍ബന്ധിതരായി. ”നൂറിലേറെ പുത്തന്‍ മോഡലുകളും അപ്‌ഡേറ്റഡ് വെര്‍ഷനുകളും ഈ വര്‍ഷം പുറത്തിറക്കുന്നുണ്ട്. അതുകൊണ്ട് 2014ല്‍ തന്നെ ഒരു കോടി ഡെലിവറികള്‍ എന്ന നേട്ടം കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചേക്കും”- ഫോക്‌സ്‌വാഗണ്‍ സി.ഇ.ഒ. മാര്‍ട്ടിന്‍ വിന്റര്‍കോം വ്യക്തമാക്കി. കമ്പനിയുടെ വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കവെയാണ് മാര്‍ട്ടിന്‍ ഇക്കാര്യം പറഞ്ഞത്.

ഒരു വര്‍ഷത്തില്‍ ഒരു കോടി ഫോകസ്‌വാഗണ്‍ വാഹനങ്ങള്‍ വില്‍ക്കാനാകുമോ എന്ന് സംശയിക്കുന്നവരുണ്ടാകാം. ചെറുതും വലുതുമായ 12 വാഹനബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് എന്ന് മനസിലാക്കുക. ഇതില്‍ ഔഡിയും പോര്‍ഷെയും സ്‌കോഡയും ലമ്പോര്‍ഗിനിയും ഡ്യുകറ്റിയുമൊക്കെ ഉള്‍പ്പെടുന്നു. ഇവയുടെ വില്പനയും ഫോക്‌സ്‌വാഗണിന്റെ അക്കൗണ്ടിലേക്കാണ് പോകുക. എല്ലാം കൂടിയാകുമ്പോള്‍ ഒരു കോടി എന്ന മാന്ത്രിക സംഖ്യ തികയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫോക്‌സ്‌വാഗണ്‍. ഈ വര്‍ഷം ഫോക്‌സ്‌വാഗണ്‍ പസാറ്റ്, ഔഡി എ4, ഔഡി ക്യൂ7 എസ്.യു.വി., പോര്‍ഷെ മകാന്‍ എസ്.യു.വി., പോര്‍ഷെ കയിന്‍ എസ്.യു.വി. എന്നീ മോഡലുകളുടെ പുതിയ വേരിയന്റുകള്‍ ഇറങ്ങുന്നുണ്ട്. ഇതും വില്പനയെ സഹായിച്ചേക്കും.

കഴിഞ്ഞ വര്‍ഷം 97.2 ലക്ഷം വാഹനങ്ങള്‍ വിറ്റുകൊണ്ടാണ് ഫോക്‌സ്‌വാഗണ്‍ ലോകത്തെ രണ്ടാം നമ്പര്‍ വാഹനനിര്‍മാതാക്കളായത്. അതുവരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജനറല്‍ മോട്ടോഴ്‌സിന് 2013ല്‍ 97.1 ലക്ഷം വാഹനങ്ങള്‍ വില്‍ക്കാനേ ആയുള്ളൂ. ഈ വര്‍ഷം എങ്ങനെയെങ്കിലും വില്പന ഒരു കോടിയില്‍ എത്തിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് കമ്പനി.

രണ്ടാം സ്ഥാനത്തുള്ള ഫോക്‌സ്‌വാഗണ് ഇത്രയധികം വെപ്രാളമുണ്ടെങ്കിലും നിലവിലെ ഒന്നാം സ്ഥാനക്കാരായ ടൊയോട്ടയ്ക്ക് ഇക്കാര്യത്തില്‍ വേവലാതികളൊന്നുമില്ല. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ 99.8 ലക്ഷം വാഹനങ്ങളാണ് ടൊയോട്ട ഷോറൂമുകളില്‍ നിന്ന് പുറത്തിറങ്ങിയത്. ഒരു കോടിയിലേക്കെത്താന്‍ കഷ്ടിച്ച് ഇരുപതിനായിരം വാഹനങ്ങളുടെ കുറവ്. ഈ വര്‍ഷം അതും കടന്ന് വില്പന 1.032 കോടി യൂണിറ്റുകളിലേക്കെത്തിക്കുമെന്നാണ് കമ്പനി ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നത്.

ആറുവര്‍ഷത്തെ സാമ്പത്തികമാന്ദ്യകാലത്തിന് ശേഷം യൂറോപ്യന്‍ വാഹനവിപണിക്ക് പതുക്കെ ജീവന്‍ വച്ചുതുടങ്ങിയിട്ടുണ്ട്. ചൈനയിലും വിദേശകാറുകളുടെ പ്രിയം വര്‍ധിച്ചുതുടങ്ങിയിരിക്കുന്നു. ഈ അനുകൂലസാഹചര്യങ്ങളെല്ലാം മുതലെടുത്ത് രണ്ട് കമ്പനികളും ഒരു കോടി ടാര്‍ഗറ്റ് തികയ്ക്കുമെന്നാണ് വാഹനനിര്‍മാണമേഖലയിലെ വിദഗ്ധരുടെ പ്രവചനം. എന്നാല്‍ റഷ്യ, ബ്രസീല്‍, ഇന്ത്യന്‍ കാര്‍ വിപണികളില്‍ പൊടുന്നനെ സംഭവിച്ചിരിക്കുന്ന വില്‍പന ഇടിവ് കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നവരുമുണ്ട്.

പി.എസ് രാകേഷ്‌

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!