പൂരത്തിന് വാദ്യക്കമ്പക്കാരുടെ ആശങ്കയകറ്റി തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് അന്നമനട പരമേശ്വരമാരാരെത്തുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി കൈവിരലിന് പരിക്കായതിനാല്‍ പലപൂരങ്ങള്‍ക്കും മാരാര്‍ക്ക് കൊട്ടാനായില്ല. എന്നാല്‍ പലപൂരങ്ങള്‍ പോലെയല്ല തൃശൂര്‍ പൂരം എന്ന് മാരാര്‍ക്കറിയാം. അതുകൊണ്ടതന്നെ ഇന്ന് രാവിലെ മഠത്തില്‍നിന്നാരംഭിക്കുന്ന പഞ്ചവാദ്യപഞ്ചാമൃതത്തിന് കാലം നിരത്താന്‍ മാരാര്‍ റെഡി. അന്നമനടയ്ക്കിത് മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന്റെ വ്യാഴവട്ടപ്രമാണമാണ്.
1972 മുതല്‍ മാരാര്‍ തിരുവമ്പാടി വിഭാഗത്തില്‍ പഞ്ചവാദ്യനിരയിലുണ്ട്.തുടര്‍ച്ചയായി 43 വര്‍ഷം അമ്പാടിക്കണ്ണന്റെ വാദ്യനിരയില്‍.പൂരപ്പുലരിയില്‍ബ്രഹ്മസ്വം മഠത്തിനുമുമ്പില്‍ പുരുഷാരം പൂത്തുലയുമ്പോള്‍ ഈ പഞ്ചവാദ്യപഞ്ചാനന്റെ വിരലുകള്‍ വിസ്മയത്തിന്റെ അക്ഷരകാലമുതിര്‍ക്കും.അതെ; പതികാലവും ഇടകാലവും ത്രിപുടയും പിന്നിട്ട് ഏകതാളത്തിലെത്തുമ്പോള്‍ പൂരപ്രേമികളുടെ മനം നിറയും.