Breaking News

ലോനപ്പന്‍ നമ്പാടന്റെ ഓര്‍മയ്ക്ക് ഒരാണ്ട്

Lonappan-Nambadan1കൊടകര : ലോനപ്പന്‍ നമ്പാടന്‍ എന്ന വിശ്വാസിയായ വിപ്ലവകാരി വിടവാങ്ങിയിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. മുന്‍മന്ത്രിയും എം.പിയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന  നമ്പാടന്‍ അരനൂറ്റാണ്ടുകാലം ആരേയും കൂസാതെത്തന്നെ അസൂയാവഹമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ കര്‍മയോഗിയായിരുന്നു.

തൃശൂര്‍ കൊടകര പേരാമ്പ്ര നമ്പാടന്‍ വീട്ടില്‍ കുരിയപ്പന്റേയും പ്ലമേനയുടേയും മകനായി 1935 ല്‍ ജനിച്ച  നമ്പാടന്‍ പേരാമ്പ്ര സെന്റ് ആന്റണീസ് സ്‌കൂള്‍, കൊടകര നാഷണല്‍ ഹൈസ്‌കൂള്‍ എന്നിവിയങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് തൃശൂര്‍ രാമവര്‍മപുരത്ത് ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളില്‍ നിന്നും ടി.ടി.സി വിജയിച്ചു. 1958 ല്‍ ഇരിങ്ങാലക്കുട ആനന്ദപുരം യു.പി.സ്‌കൂളില്‍ അധ്യാപകനായി  ജോലിയില്‍ പ്രവേശിച്ചു. 63 ല്‍ ആനന്ദപുരത്തുനിന്നും പേരാമ്പ്ര എല്‍.പി സ്‌കൂളിലേക്കു മാറ്റം കിട്ടി. 59 ലായിരുന്നു വിവാഹം. അവിട്ടത്തൂര്‍ ഹോളി ഫാമിലിഎല്‍.പി .സ്‌കൂളിലെ അധ്യാപികയായിരുന്ന ആനിയായിരുന്നു  ഭാര്യ. നമ്പാടന്‍ മരിച്ച് ഏതാനും മാസങ്ങള്‍ക്കുശേഷം പ്രിയപത്‌നിയും ഓര്‍മയായിരുന്നു.

കേരള രാഷ്ട്രീയത്തിലെ ചരിത്രമായി മാറിയ രാഷ്ട്രീയക്കാരനാണ് നമ്പാടന്‍. 1982 ലായിരുന്നു അത്. സ്പീക്കറായിരുന്ന എ.സി.ജോസിന്റെ കാസ്റ്റിംഗ് വോട്ടിന്റെ അന്ന് കരുണാകരന്റെ മന്ത്രി സഭ നിലനിന്നിരുന്നത്.ആ മന്ത്രി സഭയില്‍ നമ്പാടന്‍ മന്ത്രിയായില്ല.കെ.എം.മാണി മന്ത്രിയായി.അന്ന് കേരളകോണ്‍ഗ്രസ്സ് കോണ്‍ഗ്രസ്സിനൊപ്പമായിരുന്നെങ്കിലും കരുണാകരന്റെ ഭരമശൈലിയോടു അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.അന്ന് ആ മന്ത്രിസഭയെ തട്ടിയിടുമ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നും തിരിച്ചുപോന്ന് അധ്യാപനം തുടരാനായിരുന്നു നമ്പാടന്റെ ആഗ്രഹം.എന്നാല്‍ മന്ത്രിസഭയെ മറിച്ചിട്ടെങ്കിലും രാഷ്ട്രീയം ഉപേക്ഷിച്ചില്ല.കെ.കരുണാകരന്‍ പേടിച്ചിരുന്ന രണ്ടു അപ്പന്‍മാര്‍ ഗുരുവായൂരപ്പനും ലോനപ്പനുമായിരുന്നെന്ന് നര്‍മഭാഷണങ്ങളില്‍ നമ്പാടന്‍ പറയാറുണ്ടായിരുന്നു.

രാഷ്ട്രീയരംഗത്തെ തിളങ്ങുന്ന താരമായ നമ്പാടന്‍ 28 നാടകങ്ങളിലും 3 സിനിമകളിലും അഭിനയിച്ചു.നിയമസഭയുടെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ജഗതി , എന്‍.കെ.ആചാരിയുടെ വിഷമവൃത്തം എന്ന നാടകത്തില്‍ എം.എല്‍.എ ആയ ശേഷവും അഭിനയിച്ചു.കെ.ആര്‍.മോഹനന്റെ അശ്വത്ഥാമാവ്,ദൂരദര്‍ശനിലെ നാരായണീയം ടെലിഫിലിം,  എം.പിയായിരിക്കുമ്പോള്‍ ഏ.കെ.ജി എന്നീ സിനിമകളില്‍ അഭിനയിച്ചു.പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിന്റെ വേഷമാണ് നമ്പാടന്‍ ചെയ്തത്. മെമ്പര്‍ ഓഫ് പഞ്ചായത്തുമുതല്‍ മെമ്പര്‍ ഓഫ് പാര്‍ലമെന്റുവരെ പ്രയാണംചെയ്ത നമ്പാടന്‍ പല വേദികളിലും  ഈ എം.പി പ്രയോഗം നടത്താറുണ്ട്. 1963 ലാണ് ലോനപ്പന്‍ നമ്പാടന്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

കൊടകര പഞ്ചായത്തിലേക്കു നടന്ന ആ തെരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.1965 ല്‍ ആദ്യമായി നിയമസഭാതെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് 77 ല്‍ കൊടകരയില്‍ നിന്നും മത്സരിച്ചു. അന്ന് കോണ്‍ഗ്രസ്സും സി.പി.ഐയും ഉള്‍പ്പെട്ട മുന്നണിയിലായിരുന്നു നമ്പാടന്‍. ടി.പീ.സീതാരാമയ്യരായിരുന്നു എതിരാളി. അടിയന്തരാവസ്ഥക്കുശേഷം നടന്ന ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ഇന്ദിരാഗാന്ധിയും കൂപ്പുകുത്തിയെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു.നിയമസഭയിലേക്കുള്ള നമ്പാടന്റെ ആദ്യ  വിജയമായിരുന്നു അത്. പിന്നീട് 80 ലും കൊടകരയില്‍ നിന്നും നിയമസഭയിലെത്തുകയും  മന്ത്രിയാകുകയുമായിരുന്നു. പിന്നീട് 2004 ല്‍ മുകുന്ദപുരം ലോകസഭാമണ്ഡലത്തില്‍ നിന്നും ലോകസഭയിലെത്തി.അന്ന് പത്മജയെയാണ് നമ്പാടന്‍ പരാജയപ്പെടുത്തിയത്.

മുകുന്ദപുരത്തെ അവസാനത്തെ എം.പിയെന്ന വിശേഷണവും നമ്പാടന് സ്വന്തം. 2009 ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ മുകുന്ദപുരം എന്ന മണ്ഡലം നാമാവശേഷമായി ചാലക്കുടി എന്ന പേരില്‍ പുതിയ പാര്‍ലിമെന്റ് മണ്ഡലം ഉടലെടുക്കുകയായിരുന്നു. നമ്പാടന്‍ എന്ന രാഷ്ട്രീയക്കാരനും നമ്പാടനര്‍മവും  ~ഒന്നല്ല, ഒരായിരം വര്‍ഷംപിന്നിട്ടാലും  ജനമനസ്സുകളില്‍നിന്നും മായില്ല.
കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!