Breaking News

മറ്റത്തൂര്‍ വിഭജിക്കാന്‍ തീരുമാനം; വെള്ളിക്കുളങ്ങര പഞ്ചായത്താകുന്നു, മലയോരത്തിന് ആഹ്ലാദം

MATTATHURകൊടകര: മലയോരത്തെ വിസ്തൃതിയേറിയ മറ്റത്തൂര്‍ പഞ്ചായത്തിനെ വിഭജിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായതോടെ വെള്ളിക്കുളങ്ങരക്കാരുടെ പതിറ്റാണ്ടുകളുടെ ആവശ്യത്തിന് പരിഹാരമാകുന്നു. രണ്ടു പതിറ്റാണ്ടുമുമ്പ് പ്രഖ്യാപനമുണ്ടായെങ്കിലും യാഥാര്‍ത്ഥ്യമാകാതെ പോയ മറ്റത്തൂര്‍ പഞ്ചായത്ത് വിഭജനത്തിനു അന്തിമതീരുമാനമായി. മറ്റത്തൂരിനെ വിഭജിച്ച് വെള്ളിക്കുളങ്ങര ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ മൂന്നുപതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ്.

വെള്ളിക്കുളങ്ങര വില്ലേജ് അടിസ്ഥാനമാക്കിയാണ് പുതിയ പഞ്ചായത്ത് രൂപവത്കരിക്കുന്നത്. പഞ്ചായത്തീരാജ് ചട്ടങ്ങള്‍ പ്രകാരം ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍വരുന്നതിനു മുന്നോടിയായി മറ്റത്തൂര്‍ ഉള്‍പ്പെടെയുള്ള വലിയ പഞ്ചായത്തുകള്‍ വിഭജിച്ചുകൊണ്ട് 1994 ആഗസ്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ ചില പഞ്ചായത്തുകള്‍ എതിര്‍പ്പുമായി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിഭജനനടപടികള്‍ കോടതി സ്റ്റേ ചെയ്തതോടെ വെള്ളിക്കുളങ്ങര പഞ്ചായത്ത് യാഥാര്‍ത്ഥ്യമായില്ല. പിന്നീട് അധികാരത്തില്‍ വന്ന എല്ലാ ഭരണസമതികളും പ്രമേയത്തിലൂടെ സര്‍ക്കാരിനോട് പഞ്ചായത്ത് വിഭജനം ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടികളുണ്ടായില്ല.

2009ല്‍ വെള്ളിക്കുളങ്ങര മേഖലയിലെ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ ചേര്‍ന്ന് വെള്ളിക്കുളങ്ങര പഞ്ചായത്ത് രൂപവത്കരണത്തിനായി കര്‍മ്മസമിതി രൂപവത്കരിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വെള്ളിക്കുളങ്ങര ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് കര്‍മ്മസമിതി ഹൈക്കോടതിയെ സമീപിക്കുകയും ഇക്കാര്യത്തില്‍ അനുകൂല നടപടികളെടുക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയുമുണ്ടായി. എന്നാല്‍ കോടതി സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തത് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ വൈകിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പിന്നീട് കര്‍മ്മസമിതി കണ്‍വീനര്‍ ജോയ് കൈതാരത്ത് വീണ്ടും കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.

മറ്റത്തൂര്‍ പഞ്ചായത്ത് വിഭജിക്കുന്ന കാര്യത്തില്‍ ആറുമാസത്തിനകം തീരുമാനമെടുക്കാനാണ് കോടതി സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശവകുപ്പുമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പുതുക്കാട് എം.എല്‍.എ., മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ സംഘടനാഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. പഞ്ചായത്ത് വിഭജനത്തിനായി വൈകാതെ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ വകുപ്പുമന്ത്രി ഉറപ്പു നല്‍കുകയും പഞ്ചായത്തുകളുടെ വിഭജനം സംബന്ധിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കി സമര്‍പ്പിക്കുന്നതിനായി പ്രത്യേകസമിതിയെ നിയോഗിക്കുകയും ചെയ്തു. ഈ സമിതിയുടെ ശുപാര്‍ശപ്രകാരമാണ് നാല്പതിനായിരത്തിലേറെ ജനങ്ങളുള്ള പഞ്ചായത്തുകള്‍ വിഭജിക്കാന്‍ തീരുമാനമുണ്ടായിട്ടുള്ളത്. ഈ വര്‍ഷം നടക്കുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിനുശേഷം വെള്ളിക്കുളങ്ങര ഗ്രാമപ്പഞ്ചായത്ത് നിലവില്‍ വരും.

മറ്റത്തൂര്‍ പഞ്ചായത്ത് വിഭജന തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളിക്കുളങ്ങരയില്‍ പ്രകടനം നടത്തി. കോണ്‍ഗ്രസ് (ഐ) മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രന്‍, മോളി തോമസ്, എന്‍.പി. ഓനച്ചന്‍, എ.കെ. പുഷ്പാകരന്‍, കെ.ആര്‍. ഔസേപ്പ്, സോജന്‍ പടിഞ്ഞാറന്‍കാരന്‍, മിനി ബാബു, വി.എസ്. സജീര്‍ബാബു, ലിന്റോ പള്ളിപ്പറമ്പന്‍, കെ.വി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

വെള്ളിക്കുളങ്ങര കേരള വ്യാപാരി വ്യവസായ ഏകോപനസമിതി പ്രവര്‍ത്തകസമിതി യോഗം മറ്റത്തൂര്‍ പഞ്ചായത്ത് വിഭജന തീരുമാനത്തെ അഭിനന്ദിച്ചു. ഇ.പി. സുധാകരാന്‍ അധ്യക്ഷനായി. എ.ഡി. സണ്ണി, വി.പി. ജോണി, റഷീദ് എറത്തു, ആക്കല്‍ ജോര്‍ജ്ജ്, പരിയാടാന്‍ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. തീരുമാനത്തെ സേവ് വെള്ളിക്കുളങ്ങര സംഘടന അഭിനന്ദിച്ചു.
മാതൃഭൂമി റിപ്പോർട്ട്‌

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!