Breaking News

ഓര്‍മയായത് തച്ചുശാസ്ത്രത്തിലെ ശിവരാമസ്പര്‍ശം

sivaraman aacharysivaraman aachary1കൊടകര : കേരളത്തിനകത്തും പുറത്തുമായി അമ്പതോളം ക്ഷേത്രങ്ങളില്‍ ശ്രീകോവിലുകളും ചുറ്റമ്പലങ്ങളും കൊടിമരനിര്‍മാണവും  നടത്തി ദാരുശില്‍പ്പകലയില്‍ വിസ്മയമായ  തച്ചുശാസ്ത്ര വിദഗ്ദ്ധനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച  കൊടകര അഴകം വയലൂര്‍ വടക്കൂട്ട ശിവരാമന്‍ ആചാരി .ആറുപതിറ്റാണ്ടിലേറെയായി തച്ചുശാസ്തരംഗത്ത് ശ്രദ്ദേയസാന്നിധ്യമായിരുന്നു ഇദ്ദേഹം .തച്ചുശാസ്ത്രപ്രകാരമുള്ള ക്ഷേത്രനിര്‍മാണത്തിന്റെ താന്ത്രികവിധികള്‍ ഉള്‍ക്കൊള്ളുന്ന തന്ത്രസമുച്ചയം ഗ്രന്ഥം ശിവരാമന്‍ആചാരിക്ക് മനപ്പാഠമായിരുന്നു.

അഞ്ചാംതരംവരെമാത്രമേ  സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയുള്ളുവെങ്കിലും തച്ചുശാസ്ത്രത്തില്‍ ഇദ്ദേഹം നിപുണനായി.ആമ്പല്ലൂര്‍ കുണ്ടുക്കാവ് ഭഗവതിക്ഷേത്രം, വല്ലച്ചിറ മഹാവിഷ്ണുക്ഷേത്രം, ചേലാമറ്റം വിഷ്ണുക്ഷേത്രം, കക്കാട് ഗണപതിക്ഷേത്രം, മൂന്നുപീടിക ശിവക്ഷേത്രം, നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രം, ചാലക്കുടി കണ്ണമ്പുഴ ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലൊക്കെ ക്ഷേത്രനിര്‍മാണത്തില്‍ പൂര്‍ണമായോ ഭാഗികമായോ ശിവരാമസ്പര്‍ശമുണ്ടായിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ശബരിമലയെന്നറിയപ്പെടുന്ന കോയമ്പത്തൂര്‍ സിദ്ധാപൂത്തുര്‍ അയ്യപ്പക്ഷേത്രത്തിന് ശബരിമലസന്നിധാനത്തിന്റെ പ്രതീതിയില്‍  ചുറ്റമ്പലനിര്‍മാണം നടത്തിയത് ഇദ്ദേഹമാണ്. തച്ചുശാസ്ത്രമാണ് ജീവമന്ത്രമെങ്കിലും തച്ചുശാസ്ത്രത്തിന്റെ പിതാവായ പെരുന്തച്ചനെക്കുറിച്ചുള്ള കഥകളെ തീരെ വിശ്വാസത്തിലെടുക്കാന്‍ ശിവരാമന്‍ആചാരി തയ്യാറല്ലായിരുന്നു.തച്ചുശാസ്ത്രത്തില്‍ മക്കളായ രമേഷ്,ഗിരീഷ്,ജിതേഷ് എന്നിവരുള്‍പ്പെടെ ഒട്ടനവധി ശിഷ്യസമ്പത്തിനുടമയായിരുന്നു ഇദ്ദേഹം.

മേല്‍നോട്ടത്തില്‍ നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തില്‍ നടന്നു വന്നിരുന്ന നടപ്പുരയും ഗോപുരവും സമര്‍പ്പണത്തിനുതയ്യാറാവുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ശ്വാസതടസ്സത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ നിര്യാണം തച്ചുശാസ്തരംഗത്തിനു തന്നെ തീരാനഷ്ടമാണ്. നമ്മുടെ കൊടകര ഡോട്ട് കോം ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു.
കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!