Breaking News

അനുമോദനവുമായി എം.എല്‍.എ. ചെമ്പുച്ചിറ സ്‌കൂളിലെത്തി

chembuchira schoolകൊടകര: പരിമിതികളില്‍നിന്ന് പഠനാവേശം പകര്‍ന്നുനല്‍കിയ അധ്യാപകരുടെ പ്രയത്‌നത്തിന് ഗുരുദക്ഷിണയായി എസ്.എസ്.എല്‍.സി.ക്കും പ്ലസ് ടു വിനും നൂറുശതമാനം വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ചെമ്പുച്ചിറ സര്‍ക്കാര്‍ സ്‌കൂളിലേക്ക് സി. രവീന്ദ്രനാഥ് എം.എല്‍.എ.യെത്തി. ജില്ലയിലെ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പ്ലസ് ടു പരീക്ഷയെഴുതിച്ച് നൂറ് ശതമാനം വിജയം നേടിയ രണ്ടാമത്തെ സ്ഥാനവും ചെമ്പുച്ചിറയ്ക്കാണ്.

അടിസ്ഥാന സൗകര്യങ്ങള്‍ വളരെ പരിമിതമായിട്ടും പഠനമികവില്‍ മുന്‍നിരയിലെത്തിയ സ്‌കൂളിന് ആവശ്യമായ പരിഗണന ഇനിയെങ്കിലും നല്‍കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. എല്‍.കെ.ജി. മുതല്‍ ഹയര്‍സെക്കന്‍ഡറി തലംവരെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഗ്രാമീണവിദ്യാലയത്തില്‍ ആയിരത്തി മുന്നൂറ് വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ക്ലാസ് മുറികളിലാണ് ഇപ്പോള്‍ പ്ലസ് ടു വിഭാഗം പ്രവര്‍ത്തിക്കുന്നത്. എം.എല്‍.എ. ഫണ്ടുപയോഗിച്ച് ഇപ്പോള്‍ നിര്‍മ്മാണം നടത്തുന്ന കെട്ടിടത്തില്‍ ആകെ നാല് ക്ലാസ് മുറികളും രണ്ട് ലാബ് മുറികളും മാത്രേമേ ഉണ്ടാകൂ.

ഹയര്‍സെക്കന്‍ഡറിക്ക് മൂന്ന് വിഭാഗങ്ങളിലായി മുന്നൂറ് വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ആവശ്യമായ ക്ലാസ് മുറികള്‍ക്കും ലൈബ്രറി, ലാബുകള്‍, ഓഫീസ് എന്നിവയ്ക്കും ഇടമില്ലാത്ത സ്ഥിതിയാണ്.
ഹൈസ്‌കൂളില്‍ ആയിരം വിദ്യാര്‍ഥികളുണ്ട്. ഇവിടെ ഉച്ചഭക്ഷണം തയ്യാറാക്കാന്‍ അടുക്കളയില്ല, ഭക്ഷണം വിളമ്പാന്‍ ഹാളില്ല, കളിസ്ഥലമില്ല; സ്‌കൂളിലെത്താന്‍ ആവശ്യത്തിന് വാഹനങ്ങളുമില്ല. നാല് കിലോമീറ്ററോളം അകലെ കോടാലിയിലുള്ള മറ്റത്തൂര്‍ പഞ്ചായത്ത് ഗ്രൗണ്ടിലാണ് കായിക മത്സരങ്ങള്‍ നടത്തുന്നത്.

സ്‌കൂളിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജനപ്രതിനിധികള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും നിവേദനം നല്‍കുമെന്ന് പ്രന്‍സിപ്പല്‍ ടി.വി. ഗോപി, പ്രധാനാധ്യാപകന്‍ എന്‍.ഡി. സുരേഷ്, പി.ടി.എ. പ്രസിഡന്റ് എന്‍.എസ്. വിദ്യാധരന്‍, അധ്യാപകനായ എ.ടി. ജോസ്, പി.ടി.എ. ഭാരവാഹി പി. ശിവശങ്കരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മാതൃഭൂമി റിപ്പോർട്ട്‌ 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!