Breaking News

രചനയും സംഗീതവും ആലാപനവും രാധാമണി

IMG-20150802-WA0050കൊടകര: നോവുതിന്നുന്ന കരളില്‍നിന്നാണ് നിത്യമധുരാര്‍ദ്രഗാനങ്ങളുയരുക എന്നതിനു നിദര്‍ശനമാണ് കൊടകര ലക്ഷംവീട് കോളനിയിലെ രാധാമണി . കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ രാധാമണിയുടെ മനസ്സില്‍നിന്നും മനോഹരരചനകളായത് 22 ക്രിസ്തീയഭക്തിഗാനങ്ങള്‍, 19 ലളിതഗാനങ്ങള്‍, 7 കവിതകള്‍ .

രചന മാത്രമല്ല സംഗീതവും ആലാപനവും രാധാമണി തന്നെ. കൊടുങ്ങല്ലൂര്‍ അഴീക്കോട് ആളൂപ്പറമ്പില്‍ അപ്പുകുട്ടന്റേയും സരസ്വതിയുടേയും മകളായ രാധാമണി എന്ന 60 കാരി കാഥികനായിരുന്ന പറവൂര്‍ ഗോപിനാഥിന്റെ മരുമകളാണ്. കുട്ടിക്കാലംമുതല്‍ റേഡിയോ കേള്‍ക്കുമായിരുന്നെങ്കിലും സംഗീതമോ സാഹിത്യമോ ഒന്നും പരിശീലിച്ചിട്ടില്ല ആറാംതരം മാത്രമാണ് വിദ്യാഭ്യാസം. വാഴേപ്പറമ്പില്‍ ഗോപാലന്‍ എന്നയാളാണ് രാധാമണിയെ വിവാഹം കഴിച്ചത്.എന്നാല്‍ വിഹാഹബന്ധം അധികം നീണ്ടില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചു.

2 പെണ്‍കുട്ടികളെ വളര്‍ത്തി വലുതാക്കിയ അമ്മമനസ്സ് ഇവരുടെ രചനകളില്‍ കടന്നുവരുന്നു.യാതനയും വേദനയും ദുഖവും ദാരിദ്ര്യവും ആശയും നിരാശയും സ്വപ്നങ്ങളും ഈ തൂലികയില്‍ നിന്നും കാവ്യങ്ങളായ് പുറത്തുവരുന്നു.തയ്യല്‍ജോലി ചെയ്താണ് കുട്ടികളെ വളര്‍ത്തിയത്. മക്കള്‍ക്ക് ഓണത്തിന് കോടിവാങ്ങാനും സദ്യയൊരുക്കാനും നിവൃത്തിയില്ലാതെ ഏറെ വിഷമിച്ച നാളുകള്‍ രാധാമണി മറന്നിട്ടില്ല. ആ ഓണത്തിന് സാരിവെട്ടി ഉടുപ്പു തയ്ച്ച്‌കൊടുത്ത് സമീപത്തെ ഭഗവതീക്ഷേത്രമായ പൂനിലാര്‍ക്കാവിലമ്മയുടെ നിവേദ്യച്ചോറ് വിളമ്പി ഓണസദ്യയൊരുക്കുകയുമായിരുന്നു.

മക്കള്‍ വിവാഹം കഴിഞ്ഞുപോയി. കൊടകരയിലെ ലക്ഷംവീട്ടിലെ തയ്പ്പിനിടയിലെ ഇടവേളകളിലാണ് മനസ്സിലെ ആശയങ്ങള്‍ കടലാസ്സിലേക്കുമാറ്റുന്നത്.അമ്മയുടെ കാത്തിരിപ്പ്, ചെറുമക്കിടാത്തി, വല്ല്യേച്ചി, മോക്ഷംതരുന്ന സ്ത്രീജന്മം എന്നിങ്ങനെയാണ് രാധാമണിയുടെ കവിതകള്‍. ലളിതഗാനങ്ങളെ ഏറെ സ്‌നേഹിക്കുന്ന ഇവരുടെ ‘വര്‍ഷമേഘമേ തുലാവര്‍ഷമേഘമേ, പറയാന്‍ മറന്നു സ്‌നേഹമേ’ എന്നിങ്ങനെത്തുടങ്ങുന്ന ഗാനങ്ങള്‍ ശ്രദ്ദേയമാണ്.

രാധാമണി വസ്ത്രങ്ങള്‍ തയ്ച്ചുകൊടുക്കുന്ന കൊടകരയിലെത്തന്നെ ഒരു സ്ത്രീയാണ് രാധാമണിക്ക് ഈ രംഗത്ത് പ്രോത്സാഹനവും സഹായവുമാകുന്നത്.ഒരു ടെലിഫിലിമിലേക്കുപാടാന്‍ രാധാമണിക്കു ക്ഷണം ലഭിച്ചിട്ടുണ്ട്. ‘സരംഗംഗ’ എന്ന പേരില്‍ തന്റെ രചനകള്‍ സമാഹാരമാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.കഴിഞ്ഞദിവസം കൊടകര ചെറുകുന്ന് ദീനദയാല്‍ സ്വയം സഹായസംഘത്തിന്റെ കുടുംബസംഗമത്തില്‍ പാടിയ രാധാമണി ആ ഗ്രാമവാസികളുടെ ശ്രദ്ധാകേന്ദ്രമായി. ചടങ്ങില്‍ സംഘത്തിന്റെ ഉപഹാരവും രാധാമണിയെത്തേടിയെത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!