Breaking News

ആനപ്പുറമേറാനിനി അപ്പുവുണ്ടാകില്ല, തേങ്ങലോടെ ഒരു ഗ്രാമം

Apple

ABHILASH1കൊടകര: ഉത്സവ സീസണുകളില്‍ ആനപ്പുറംകാരനായും ബലൂണ്‍ കച്ചവടക്കാരനായും ഓട്ടോഡ്രൈവറായുമൊക്കെ അത്യധ്വാനം ചെയ്തിരുന്ന യുവാവായിരുന്നു തിരുവോണനാള്‍ അക്രമികളുടെ വെട്ടേറ്റുമരിച്ച അഭിലാഷ് എന്ന നാട്ടുകാരുടെ പ്രിയങ്കരനായ അപ്പു. ആരോടും സൗമ്യതയോടെ പെരുമാറുന്ന അപ്പു വര്‍ഷക്കാലത്താണ് കൂടുതലായും വാസുപുരത്തെ ഓട്ടോപേട്ടയിലുണ്ടാകുക. അന്ധമായരാഷ്ട്രീയപ്രവര്‍ത്തനമൊന്നും അപ്പുവിനുണ്ടായിരുന്നില്ല.  എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കുറേക്കാലം സി.പി.,എം പ്രവര്‍ത്തകനായിരുന്നു ഇയാള്‍.

പാര്‍ട്ടിഏതായാലും നാട്ടുകാരോട് വളരെ സ്‌നേഹത്തോടെയാണ് ഇയാള്‍ പെരുമാറിയിരുന്നത്.കഴിഞ്ഞ ഉത്സക്കാലത്ത് കയ്പ്പമംഗലത്ത് ആന ഇടഞ്ഞ് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അവിടെ തകര്‍ത്തത് അപ്പുവിന്റെ ഓട്ടോയായിരുന്നു. ഏതാനും മാസംമുമ്പാണ് നിര്‍മാണം കഴിഞ്ഞ പുതിയവീട്ടിലേക്ക് അപ്പുവും കുടുംബവും താമസം മാറ്റിയത്. അപ്പുവിനോടുള്ള സമൂഹത്തിന്റെ സ്‌നേഹവായ്പ്പ് ഇന്നലെ നടന്ന അന്ത്യയാത്രയിലും പ്രകടമായരുന്നു. ആയിരങ്ങളാണ് ചുട്ടുപൊള്ളുന്ന വെയിലിനെ കൂസാതെ വിലാപയാത്രയിലും സംസ്‌കാര ചടങ്ങുകളിലും പങ്കെടുത്തത്.

രാവിലെ 11 മണിക്ക് കൊടകര ബി.ജെ.പി. ഓഫീസിനു മുന്‍പില്‍ മൃതദേഹം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലുംതൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുംപോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുകിട്ടി കൊടകരയിലെത്തിയപ്പോള്‍ 3 മണിയായിരുന്നു .ആ സമയമത്രയും ആയിരങ്ങള്‍ കൊടകരയില്‍ കാത്തു നിന്നു. നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടേയും കാറുകളുടെയും അകമ്പടിയോടെവിലാപയാത്രയായി വാസുപുരത്തെത്തിയ മൃതദേഹം വാസുപുരം സെന്ററില്‍ അരമണിക്കൂറോളം ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി വച്ച ശേഷം വന്‍ ജനാവലിയുടെ അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുപോയി.

ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍,സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍,വൈസ് പ്രസിഡണ്ട് പി.എം.വേലായുധന്‍ ,ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്,പട്ടികമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട്,സംസ്ഥാന സെല്‍ കോര്‍ഡിനെറ്റര്‍ അഡ്വ:ബി.ഗോപാലകൃഷ്ണന്‍, നേതാക്കളായ പി.എസ്.ശ്രീരാമന്‍,എ.ഉണ്ണികൃഷ്ണന്‍,ഇ.വി.കൃഷ്ണന്‍ നമ്പൂതിരി,പി.കെ.ബാബു, ബി.എം.എസ്.സംസ്ഥാന പ്രസിഡണ്ട് സജിനാരായണന്‍,ജില്ലാ പ്രസിഡണ്ട് ടി.സി.സേതുമാധവന്‍, ആര്‍.എസ്.എസ്.സംസ്ഥാന സേവാപ്രമുഖ് കെ.കൃഷ്ണന്‍കുട്ടി,ജില്ലാ കാര്യവാഹ് സന്തോഷ്ജി,ജില്ലാ സംഘചാലക് പദ്മനാഭന്‍,താലൂക്ക് സംഘ ചാലക് പി.കെ.സുബ്രഹ്മണ്യന്‍,സേവാ പ്രമുഖ് കെ.ആര്‍ ദേവദാസ് തുടങ്ങി നിരവധി നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിച്ചു. 4 മണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം പാറമേക്കാവ് ദേവസ്വത്തിന്റെ ശാന്തിഘട്ടില്‍ സംസ്‌കരിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery