വെള്ളിക്കുളങ്ങര: വെള്ളിക്കുളങ്ങരക്കാരില് ഭീതി വിതച്ച് വീണ്ടും പുലിയിറങ്ങി. കുറിഞ്ഞിപ്പാടം മേഖലയിലാണ് പുലിയെ കണ്ടതായി നാട്ടുകാര്‍ പരാതി പറയുന്നത്. പുലി കാടിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവായ മേഖലയാണ് ഇവിടം.
എപ്പോഴും പുലിപ്പേടിയില്‍ കഴിയേണ്ടിവരുന്ന അവസ്ഥയാണ് വെള്ളിക്കുളങ്ങരക്കാര്ക്കുള്ളത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശമാണ് ഇവിടം. ഭൂരിഭാഗം പേരും കൃഷിയെ ആശ്രയിച്ച് കഴിയുന്നവര്‍. കുറിഞ്ഞിപ്പാടത്തെ കര്‍ഷകകുടുംബമായ ബിജുവിന്റെ ഭാര്യയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പുലിയെ കണ്ടത്. റബ്ബര്‍ തോട്ടത്തിലായിരുന്നു പുലിയുടെ വിളയാട്ടം.
അടുത്തിടെയാണ് വെള്ളിക്കുളങ്ങര പത്തരക്കുണ്ടില്‍ അഞ്ച് പോത്തുകളെ വിവിധ ദിവസങ്ങളിലായി പുലി അകത്താക്കിയത്. ഇതിനിടെ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ പാതി തിന്ന് പോയ മാനിന്റെ ജഡവും കണ്ടു. വളര്‍ത്തുനായ്ക്കളെയും പുലി വെറുതെവിടുന്നില്ല. പുലിയെ പിടികൂടാന്‍ ഒരു കൂട് സ്ഥാപിച്ച് പോയതൊഴിച്ചാല്‍ വനംവകുപ്പ് മറ്റൊന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.