Breaking News

ശാന്തിഗിരി പ്രഭാഷണ പരമ്പരയുടെ തൃശ്ശൂര്‍ ജില്ലാതല ഉദ്ഘാടനം കൊടകരയില്‍ നടന്നു

Santhigiriകൊടകര : മതങ്ങളും സമുദായങ്ങളും തമ്മിലുള്ള കിടമത്സരം രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുകയാണെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. ശാന്തിഗിരി പ്രഭാഷണ പരമ്പരയുടെ തൃശ്ശൂര്‍ ജില്ലാതല ഉദ്ഘാടനം കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. ജാതി മത ധ്രുവീകരണങ്ങള്‍ രാജ്യത്തിന്റെ പൈതൃകവും തനിമയും നഷ്ടപ്പെടുത്തുന്നു.

മതങ്ങള്‍ക്കുള്ളിലെ യാഥാസ്ഥിതികത അസ്സഹിഷ്ണുതയായി രൂപപ്പെടുകയാണ്. എല്ലാമതത്തിലും യാഥാസ്ഥിതികവാദികളും, മൗലികവാദികളും ഉണ്ട് അവരാണ് ലോകത്ത് സംഘര്‍ഷങ്ങള്‍ പടച്ചുവിടുന്നത്. മതത്തിന്നധീതമായി ദേശീയത എന്ന ഉദ്ഗ്രഥനത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുവാന്‍ ഓരോ ഭാരതീയനും കഴിയണം. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് നേരെ ഉയരുന്ന വെല്ലുവിളികളെ സമര്‍ത്ഥമായി നേരിടുവാന്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല.

ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വര്‍ഗ്ഗീയതയാണ്. മാറി മാറി അധികാരത്തില്‍ വരുന്ന രാഷ്ട്രീയ സമവാക്യങ്ങളാണ് വര്‍ഗ്ഗീയത ഇത്ര അപകടകരമായ വിധത്തില്‍ ഇളക്കിവിട്ടത്. താല്ക്കാലിക ലാഭത്തിനായി വര്‍ഗ്ഗീയ പ്രീണനം നടത്തുന്ന രാഷ്ട്രീയക്കാരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ ജനാധിപത്യവ്യവസ്ഥയെ തകിടം മറിക്കുന്നു. ജാതിയുടെ പേരില്‍ മനുഷ്യനെ തരംതിരിച്ച് നേട്ടമുണ്ടാക്കുവാന്‍ ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുകയാണ്.

മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപ്പെടുന്ന അനാരോഗ്യകരമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. മതങ്ങള്‍ക്കിടയിലുള്ള ആശയപരമായ ഉള്‍പ്പിരിവുകള്‍ വളരെ സജീവമായി മതത്തിന്റെ ആന്തരീകശക്തിയെ പിരിമിതപ്പെടുത്തുകയാണെന്നും സ്വാമി പറഞ്ഞു. മതവും ആത്മീയതയും വര്‍ഗ്ഗീയതയും എന്ന വിഷയത്തില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന സ്വാമിയുടെ പ്രഭാഷണപരമ്പര പൂജിത പീഠ സമര്‍പ്പണദിനമായ ഫെബ്രുവരി 22 ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരത്ത് സമാപിക്കും.

സ്വാമി സ്‌നേഹാത്മ, സ്വാമി മധുശ്രീ, സ്വാമി ജ്യോതിചന്ദ്രന്‍, സത്യന്‍ ടി.ആര്‍, ഡോ. ഭദ്രന്‍, പി.ജി. രവീന്ദ്രന്‍, പി.ജി. രമണന്‍, സജീവ് എടക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ഗുരുഭക്തര്‍ പ്രഭാഷണപരമ്പരയില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!