മനക്കുളങ്ങര : കൊടകര ദേശീയപാതയില്‍ പ്രവര്‍ത്തിച്ചിരുന്ന ബീവറേജസ് വിദേശമദ്യവില്പനശാല അടച്ചുപൂട്ടുന്നതിനുപകരം മനക്കുളങ്ങര ഗ്രാമത്തിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ ഗ്രാമവാസികള്‍ സംയുക്തസമരസമിതിക്ക് രൂപം കൊടുത്തുകൊണ്ട് നടത്തുന്ന സത്യാഗ്രഹസമരം ഇന്ന് മൂന്നാംദിവസത്തിലേക്ക്.
സംയുക്തസമരസമിതി ചെയര്‍മാന്‍ ഇ.എല്‍. പാപ്പച്ചന്‍ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഷേധയോഗവും സമരപ്രഖ്യാപനവും എന്‍.എ.ടി.എം. കേരള കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. കുസുമം ജോസഫാണ് ഉദ്ഘാടനം ചെയതത്. . കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ അംഗം ഭിജിത്ത് എന്‍.ഡി, കൊടകര ഫൊറോന ചര്‍ച്ച് മദ്യവിരുദ്ധസമിതി അംഗം ജോസ് കോച്ചേക്കാടന്‍, സാംസ്‌കാരികസംഘം ട്രഷറര്‍ ദിനേഷ് പരമേശ്വരന്‍, കുടുംബശ്രീ പ്രവര്‍ത്തക റോസിലി പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രതിഷേധയോഗത്തില്‍ സംസാരിച്ചു.
മനക്കുളങ്ങരയെ മലീമസമാക്കുന്ന മദ്യശാലയ്‌ക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധസമിതി ഡയറക്ടര്‍ ഫാ. പോളി കണ്ണൂക്കാടന്‍ ,മദ്യവിരുദ്ധസമിതിയുടെ രൂപതാ പ്രസിഡന്റ് സേവ്യര്‍ പള്ളിപ്പാടന്‍ എന്നിവര്‍സമരപ്പന്തലിലെത്തി. ഇന്നലെ അറുപതോളംപേര്‍ സത്യാഗ്രഹപന്തലിലെത്തി.
സമരസമിതി ചെയര്‍മാനും 18-ാം വാര്‍ഡ് മെമ്പറുമായ ഇ.എല്‍.പാപ്പച്ചന്‍, വൈസ് ചെയര്‍മാനും 19-ാം വാര്‍ഡ് മെമ്പറുമായ ഉഷ സത്യന്‍, സമരസമിതി കണ്‍വീനര്‍ എന്‍.വി. ബിജു, ജോയിന്റ് കണ്‍വീനര്‍മാരായ കോടന നാരായണന്‍കുട്ടി, ദിലീപ് എന്‍.ജി, വേലായുധന്‍ എന്‍.യു., കമ്മിറ്റി അംഗങ്ങളായ സുനില്‍കുമാര്‍ വി.എസ്., ദിനേഷ് എന്‍.പി, സുനിത ശോഭനന്‍, റോസിലി പാപ്പച്ചന്‍, സുകുമാരന്‍ കാടുവെട്ടി തുടങ്ങിയവരാണ് സത്യാഗ്രഹമിരിക്കുന്നത്. രാവിലെ 9.15 മുതല്‍ വൈകീട്ട് 5 വരെയാണ് സത്യഗ്രഹം.