Breaking News

ജനമൈത്രിപോലീസും കെ.എസ്.ഇ.ബി യും കൈകോര്‍ത്തു; ഇരുപത് കുടുംബങ്ങള്‍ക്ക് ഇരുട്ടകന്നു

കൊടകര: വെള്ളിക്കുളങ്ങര ജനമൈത്രി പോലീസും വൈദ്യുതിസെക്ഷനിലെ ജീവനക്കാരും കൈകോര്‍ത്തപ്പോള്‍ അത് മലയോരഗ്രാമമായ മറ്റത്തൂരിലെ ഇരുപത് നിര്‍ധനകുടംബങ്ങള്‍ക്ക് വെളിച്ചമായി. നാഡിപ്പാറ കമ്മ്യൂണിറ്റിഹാളിനുസമീപത്തെ തൃക്കാശ്ശേരി കുഞ്ഞിക്കാളിയുടെ വീട്ടില്‍ സ്വിച്ച്ഓണ്‍ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു.

ജനങ്ങളെല്ലാം പൊതുപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിന്റെ മഹനീയമാതൃകക്കാണ് മററത്തൂരിലെ ഈ നിര്‍ധനകുടുംബങ്ങള്‍ക്ക് വെളിച്ചംനല്‍കുന്നപദ്ധതിയിലൂടെ സാക്ഷാത്കാരമായതെന്ന് മന്ത്രി പറഞ്ഞു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാറൂറല്‍ പോലീസ് മേധാവി എന്‍.വി.ജയകുമാര്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്തിലെ ഏറ്റവും നിര്‍ധനരായ ഇരുപതുകുടുംബങ്ങളെയാണ് പദ്ധതിയില്‍ തെരഞ്ഞെടുത്ത്.

ഇതില്‍ കോടാലി, കുട്ടിയമ്പലം, മോനൊടി, ചെമ്പുച്ചിറ, മുരിക്കുങ്ങല്‍, ഇഞ്ചക്കുണ്ട്, നാഡിപ്പാറ എന്നിവിടങ്ങളിലെ 12 വീട്ടുകാരെ വെള്ളിക്കുളങ്ങര പോലീസും കടമ്പോട്, മാങ്കുറ്റിപ്പാടം ഭാഗത്തെ 8 വീട്ടുകാരെ വൈദ്യുതിവകുപ്പുജീവനക്കാരുമാണ് തെരഞ്ഞെടുത്തത്. ഒരുവീട്ടിലേക്ക് വൈദ്യുതി എത്തിക്കാന്‍ 3500 രൂപയോളം ചെലവായി.

കുഞ്ഞിക്കാളിയെകൂടാതെ കിടപ്പുരോഗിയായ മോനൊടി വെളളാങ്കല്ലൂക്കാരന്‍ നാരായണി,സംസാരിശേഷി ജന്മനായില്ലാത്ത നാഡിപ്പാറ തേരൂപ്പാടം ലീല, ഇരുകൈകളുമില്ലാത്ത മകനൊപ്പം ദുരിതജീവിതം നടത്തുന്ന ഇഞ്ചക്കുണ്ട് കടിയന്‍വീട്ടില്‍ അമ്മിണി, കുട്ടികളില്ലാത്ത ദേവയാനി, മുരിക്കുങ്ങല്‍ ആനന്ദപുരത്ത്കാരന്‍ കുറുമ്പ എന്നിങ്ങനെ 20 വീട്ടുകാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

സ്‌പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എ.സുരേഷ്, ചാലക്കുടി ഡിവിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.എന്‍.രാധ, ബ്ലോക്ക് പഞ്ചായത്തംഗം ആശഉണ്ണികൃഷ്ണന്‍, മറ്റത്തൂര്‍ പഞ്ചായത്തംഗം സുനിതവിനോദ്കുമാര്‍, കൊടകര സി.ഐ.സുമേഷ്, വെള്ളിക്കുളങ്ങര എസ്.ഐ സിബിന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌പെഷ്യല്‍ബ്രാഞ്ച് ഓഫീസര്‍ സനീഷ്ബാബു, സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!