Breaking News

കോഴിമുട്ടപ്പാറ : കാലം കാത്തുവച്ച കുന്നിന്‍ചെരുവിലെ വിസ്മയ ശില

കൊടകര: വെള്ളിക്കുളങ്ങര മലയോരമേഖലയായ ചൊക്കന റോഡില്‍ പത്തരക്കുണ്ടിനുസമീപത്തെ കുന്നിന്‍ ചെരുവില്‍ ഏവരേയും വിസ്മയിപ്പിച്ചുകൊണ്ട് ഒരു അത്ഭുതമായി നിലകൊള്ളുകയാണ് കോഴിമുട്ടപ്പാറ. ഏതുനിമിഷവും താഴേക്കുവീഴുമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന കോഴിമുട്ടയുടെ ആകൃതിയിലുള്ള ഒരു കൂറ്റന്‍ പാറയാണിത്. ഇരുപത് അടിയോളം ഉയരമുള്ള ഈ പാറയാണ് പ്രദേശത്തെ ഏറ്റവും മനോഹരമായ ഒരു ദൃശ്യവും ആകര്‍ഷണീയതയും ഇതാണ്.

നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ഈ ഉരുണ്ട പാറയുടെ വീതികുറഞ്ഞ അടിഭാഗം മാത്രം നിലത്ത് മുട്ടി ബാലന്‍സ് ചെയ്താണ് ഇതിന്റെ നില്‍പ്പ്. വലിയ പാറയുടെ ചെരിഞ്ഞ പ്രതലത്തില്‍ ചെരിഞ്ഞു നില്‍ക്കുന്ന കോഴിമുട്ടപ്പാറ നേരിട്ട് കാണുന്ന ഏവരേയും അതിശയിപ്പിക്കും.

നിരവധി പ്രകൃതി സ്‌നേഹികളുടെയും സഞ്ചാരികളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കോഴിമുട്ടപ്പാറ. നിരവധിപേരാണ് പ്രകൃതിയൊരുക്കിയ ഈ മനോഹര ശില്പം ആസ്വദിക്കാന്‍ ഇവിടെ എത്തുന്നത്. റോഡില്‍ നിന്ന് 100 മീറ്ററോളം ദൂരംമാത്രമുള്ള കുന്നിന്‍ ചെരുവിലാണ് ഈ വിസ്മയമെങ്കിലും അടുത്തുചെന്നല്ലാതെ ഈ വിസ്മയം കാണാനാവില്ലെന്നതും അതിശയമാണ്.

പ്രദേശവാസികളുടേയോ മുന്‍പരിചയമുള്ളവരുടേയോ സഹായമില്ലാതെ കോഴിമുട്ടപ്പാറയുടെ അടുത്തെത്താനാവില്ല. സമീപത്തുകൂടെ പോകുന്ന റോഡില്‍ നിന്നാല്‍ കോഴിമുട്ടപ്പാറയുടെ യാതൊരു സൂചനയും ലഭിക്കില്ല. താഴ്‌വാരത്തെ ഉയരമുള്ള മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നതിനാലാണ് കോഴിമുട്ടപ്പാറയുടെ അകലെനിന്നുള്ള കാഴ്ചയെ മറക്കുന്നത്. ഏറെ കൗതുകമുണര്‍ത്തുന്ന കോഴിമുട്ടപ്പാറയെ തൊട്ടുരുമിയും താങ്ങിപിടിച്ചുമൊക്കെ ഫോട്ടോക്ക് പോസ് ചെയ്യാനും സെല്‍ഫിയെടുക്കാനും നിരവധി പ്രകൃതി സ്‌നേഹികള്‍ ഇവിടെയെത്തുന്നുണ്ട്.

കോഴിമുട്ടപ്പാറ കാണാനാവാതെ പ്രകൃതിസ്‌നേഹികള്‍
പ്രസിദ്ധമായ ഈ കോഴിമുട്ടപ്പാറയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള ഭാഗ്യം പലര്‍ക്കുമുണ്ടായിട്ടില്ലെന്നതാണ് സത്യം. വനംവകുപ്പിന്റെ കീഴിലാണ് ഈ പ്രദേശമെങ്കിലും എത്തിപ്പെടാന്‍ അത്ര എളുപ്പമല്ല. പാറക്കെട്ടുകളും മരങ്ങളും ഇടകലര്‍ന്ന് നില്‍ക്കുന്ന കുന്നിന്‍ചെരുവിലൂടെയുള്ള ദുര്‍ഘട പാദയിലൂടെ വേണം നയനമനോഹരമായ ഈ പ്രകൃതി സൗന്ദര്യത്തിന്റെ അടുത്തെത്താന്‍.

ചെങ്കുത്തായി കിടക്കുന്ന പാറക്കെട്ടുകളുടെ ചെരുവിലൂടെ തപ്പിപ്പിടിച്ച് ഇവിടെ എത്തിപ്പെട്ടാല്‍ ഏറെ സുന്ദരമായ കാഴ്ചയാണ് പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നത്. കോഴിമുട്ടപ്പാറയിലേക്ക് സ്വകാര്യഭൂമിയിലൂടെ വഴിയുണ്ടായിരുന്നത് അടച്ചുകെട്ടിയതോടെ സഞ്ചാരികള്‍ക്ക് ഇവിടേക്കെത്തിപ്പെടാന്‍ സൗകര്യമില്ലാതായിരിക്കുകയാണ്. സ്വകാര്യ ഭൂമിയിലൂടെ കയറി വേണം ഈ വിസ്മയ കാഴ്ചകാണാന്‍. പ്രകൃതിവിസ്മയമായ കോഴിമുട്ടപ്പാറയിലേക്ക് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും പ്രമേയങ്ങളും വഴി സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

വനംവകുപ്പുമായി സഹകരിച്ച് കോഴിമുട്ടപ്പാറ പ്രദേശിക ടൂറിസം കേന്ദ്രമായി വികസിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. അമിതമായ പാറ പൊട്ടിക്കല്‍ കോഴിമുട്ടപ്പാറയെ ഇല്ലാതാക്കുമെന്ന ഭയവും പ്രകൃതി സ്‌നേഹികള്‍ക്കുണ്ട്. പ്രകൃതിയുടെ വശ്യസുന്ദരമായ ഈ ശില്പം അധികം വൈകാതെ നിലംപൊത്തുമെന്നുതന്നെയാണ് നാട്ടുകാര്‍ പറയുന്നത്. കോഴിമുട്ടപ്പാറയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്രഷര്‍ കോഴിമുട്ടപ്പാറയിലെക്കുള്ള വഴി അടച്ചുകെട്ടിയിരിക്കുകയാണ്.

അമിതമായ പാറ പൊട്ടിക്കല്‍ കോഴിമുട്ടപ്പാറയെയും ഇല്ലായ്മ ചെയ്യും എന്ന ഭയത്തില്‍ തന്നെയാണ് പ്രകൃതിസ്‌നേഹികള്‍. പാറപൊട്ടിക്കല്‍ മൂലം ഏത് നിമിഷവും നിലത്തേക്ക് വീഴുമെന്ന അവസ്ഥയലാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പ്രകൃതിയൊരുക്കിയ ഈ സൗന്ദര്യ ശില്‍പം കാണുന്നതിനുള്ള വഴിയൊരുക്കണമെന്നും അടുത്ത തലമുറക്കായി കാത്തുവെക്കാനും വേണ്ട നടപടിയെടുക്കണമെന്ന ആവശ്യത്തിലാണ് പരിസ്ഥിതി സ്‌നേഹികള്‍.
കടപ്പാട് : മനോരമ 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!