Breaking News

വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലില്‍ കരിസ്മാറ്റിക് സുവര്‍ണ്ണജൂബിലിക്ക് തുടക്കമായി

ഇരിങ്ങാലക്കുട  :  ഭാരതത്തില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ച ക്രിസ്തുശിഷ്യനായ മാര്‍ തോമാശ്ലീഹായുടെ പാദസ്പര്‍ശനത്താല്‍ അനുഗ്രഹീതമായ ഇരിങ്ങാലക്കുട രൂപതയില്‍ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ്ണജൂബിലിസംഗമത്തിന് ആരംഭം. ആളൂര്‍ ല്യൂമന്‍ യൂത്ത് സെന്ററില്‍  രാവിലെ 10ന് ആരംഭിച്ച അഖിലലോകമലയാളി കരിസ്മാറ്റിക് സംഗമം തൃശ്ശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.

കത്തോലിക്കാസഭയുടെ വസന്തമാണ്  കരിസ്മാറ്റിക് നവീകരണമെന്നും ഇത് സഭയിലെ ഒരു സമാന്തര പ്രസ്ഥാനമല്ല മറിച്ച് സഭയോടൊപ്പം പ്രയത്നിക്കേണ്ട കൃപയുടെ സ്രോതസ്സാണെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ച് പിതാവ് പറഞ്ഞു. ഐക്യത്തിന്റെ കൂട്ടാളികളും സഹനത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുന്നവരും സാക്ഷ്യത്തിന്റെ ജീവിതങ്ങളുമാകണം നവീകരിക്കപ്പെട്ട് തിരികെ പോകുന്ന ഓരോരുത്തരും എന്ന് അതിരൂപതാധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.  വിശുദ്ധിയില്‍ വളരാനുള്ള ദൃഢനിശ്ചയവും പ്രഖ്യാപിച്ച വിശ്വാസം പ്രഘോഷിക്കാനുള്ള ആത്മധൈര്യവും പ്രതികൂലസാഹചര്യങ്ങളില്‍ വിശ്വാസികള്‍ പ്രകടമാക്കണമെന്ന് സമ്മേളത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു.

ക്രൈസ്തവവിശ്വാസത്തിന്റെ പിള്ളത്തൊട്ടിലും നിരവധി പുണ്യാത്മാക്കള്‍ക്ക് ജന്മം നല്‍കിയതുമായ ഇരിങ്ങാലക്കുട രൂപതയില്‍ ഈ സംഗമത്തിന് അവസരമൊരുക്കിയതിന് അഭിവന്ദ്യപിതാവ് നന്ദി പറഞ്ഞു.  തുടര്‍ന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാനും കെ.സി.ബി.സി കമ്മീഷന്‍ ചെയര്‍മാനുമായ സാമുവല്‍ മാര്‍ ഐറേനിയോസ് ആഗസ്റ്റ് 15 മുതല്‍ കേരളം മുഴുവന്‍ പ്രദക്ഷിണമായി സഞ്ചരിക്കുന്ന ഫാത്തിമമാതാവിന്റെ രൂപം പ്രതിഷ്ഠിച്ച് സന്ദേശം നല്‍കി. അഭിവന്ദ്യപിതാക്കന്മാരുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്ന പ്രതിനിധികളുടെയും നേതൃത്വത്തില്‍ ല്യൂമന്‍ യൂത്ത് സെന്റര്‍ ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് പെരേപ്പാടന്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി.

1959ല്‍ വി.ജോണ്‍ 23-ാം മാര്‍പ്പാപ്പ വിളിച്ചുചേര്‍ത്ത 2-ാം വത്തിക്കാന്‍ കൗണ്‍സിലോടുകൂടി ആരംഭിച്ച കത്തോലിക്കാ സഭയിലെ നവീകരണമാണ് കരിസ്മാറ്റിക് പ്രസ്ഥാനത്തിന് കാരണമായത്. 1967 ഫെബ്രുവരി 17 മുതല്‍ 19 വരെ അമേരിക്കയിലെ ഡ്യൂക്കെയിന്‍ സര്‍വ്വകലാശാലയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തിലാണ് ഔദ്യോഗികമായ ആഗോളതലത്തില്‍ കരിസ്മാറ്റിക് പ്രസ്ഥാനം ആരംഭം കുറിച്ചത്. ലോകമാകെ  വ്യത്യസ്ത ശുശ്രൂഷകളിലൂടെ പ്രയത്നിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണജൂബിലി സംഗമമാണ് ആഗസ്റ്റ് 12 മുതല്‍ 15 വരെ ആളൂരില്‍ നടക്കുന്നത്.  ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോബി പൊഴോലിപറമ്പില്‍, എന്‍.എസ്.ടി ചെയര്‍മാര്‍ സന്തോഷ് തലച്ചിറ,കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറി  ഫാ. വര്‍ഗ്ഗീസ് മുണ്ടയ്ക്കല്‍ കപ്പൂച്ചിന്‍, വൈസ് ചെയര്‍മാന്‍ ഷാജി വൈക്കത്തുപറമ്പില്‍, സെക്രട്ടറി സെബാസ്റ്റ്യന്‍ താന്നിക്കല്‍ എന്നിവര്‍ സംസാരിച്ചു.

കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, സി.ബി.സി.ഐ എപ്പിസ്‌കോപ്പല്‍ അഡൈ്വസര്‍ എന്‍.സി.സി.ആര്‍.എസ്. റൈറ്റ് റവ. ഡോ. ഫ്രാന്‍സിസ് കല്ലിസ്റ്റ്, സി. നിര്‍മല്‍ ജ്യോതി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. യു.കെ, അമേരിക്ക, സ്വിറ്റ്സര്‍ലന്റ്, സ്പെയിന്‍, യു.എ.ഇ, സൗദിഅറേബ്യ, കുവൈറ്റ്, ആസ്ട്രേലിയ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി അഭിവന്ദ്യപിതാക്കന്മാരും വൈദികരും സിസ്റ്റേഴ്സും അല്മായ പ്രതിനിധികളുമടങ്ങിയ പതിനായിരം പേരാണ് 4 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് പങ്കെടുക്കാനെത്തിയിരിക്കുന്നത്.

ആദ്യദിനത്തിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കന്‍ മുഖ്യകാര്‍മികത്വം നല്‍കി. റൈറ്റ് റവ. ഡോ. ഫ്രാന്‍സിസ് കല്ലിസ്റ്റ് മുഖ്യപ്രഭാഷണം നടത്തി. ഫാ. സെബാസ്റ്റ്യന്‍ കറുകപിള്ളി, എന്‍.എസ്.ടി. ചെയര്‍മാന്‍ സിറില്‍ ജോണ്‍, അഡ്വ. റൈജു വര്‍ഗ്ഗീസ്, ഫാ. ജോസ് പാലാട്ടി, ഫാ. പ്രശാന്ത് ഐ.എം.എസ്, നവജീവന്‍ ഡയറക്ടര്‍ പി.യു. തോമസ്, ആലീസ് മാത്യു, ഫാ. അബ്രാഹം പള്ളിവാതുക്കല്‍, പി.വി. അഗസ്റ്റിന്‍, പാച്ചന്‍ പള്ളത്ത്, വത്തിക്കാനിലെ ഫ്രെട്ടേണിറ്റി ഓഫ് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വ്വീസസിന്റെ ട്രഷറര്‍ മനോജ് സണ്ണി എന്നിവര്‍ സംസാരിച്ചു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *