Breaking News

മാതൃക കൊണ്ട് വെല്ലുവിളി ഉയര്‍ത്തുന്നവരാകണം അദ്ധ്യാപകര്‍- ജസ്റ്റിസ്  കുരിയന്‍ ജോസഫ്

കൊടകര : അനുകരിക്ക തക്കവിധം ശ്രേഷ്ഠമായ മാതൃകകള്‍ കൊണ്ട് വിദ്ധ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയൊരുക്കുന്നവരാകണം അദ്ധ്യാപകരെന്ന് ഹോണറബിള്‍ ജസ്റ്റിസ്  കുരിയന്‍ ജോസഫ്. ഇരിങ്ങാലക്കുട രൂപതയിലെ മതദ്ധ്യാപകരുടെ സംഗമം – ‘ക്രേദോ 2017’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുപ്രീം കോടതി ജസ്റ്റിസ്. നന്മതിന്മയും തമ്മിലുള്ള  വര്‍തിരിവ് ലഘുവായികൊണ്ടിരിക്കുന്ന ഇക്കാലത്ത് നന്മ പരിശീലിപ്പിക്കുന്നവരാകണം അദ്ധ്യാപകര്‍.

ഭരണഘടന ഉറപ്പുനല്കുന്ന വിശ്വാസം പ്രഖ്യാപിക്കാനും പ്രഘോഷിക്കാനും പ്രചരിപ്പിക്കാനും മതാധ്യാപകര്‍ യത്നിക്കണം. വിശുദ്ധിയും വിനയവും നീതിയും ലോകം ആഗ്രഹിക്കുന്ന മാന്യതയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഗുരുഭൂതര്‍ ശ്രദ്ധിക്കണം. ഹോണറബിള്‍ ജസ്റ്റിസ്  കൂട്ടിചേര്‍ത്തു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. വിശുദ്ധരുടെ സാന്നിദ്ധ്യം കൊണ്ടു സമ്പന്നമായ ഇരിങ്ങാലക്കുട രൂപതയിലെ അദ്ധ്യാപകരെല്ലാം വിശുദ്ധി നിറഞ്ഞ മാതൃകകള്‍ കൊണ്ട് സാക്ഷ്യം നല്‍കുന്നവരാകണമെന്ന് മെത്രാന്‍ ആഹ്വാനം ചെയ്തു.

മതാത്മകതയ്ക്കപ്പുറത്ത് ആത്മീയത മതങ്ങളുടെ ലക്ഷ്യമാകണമെന്നും അധികാരം സേവനത്തിനാണെന്നും വിദ്ധ്യാര്‍ത്ഥികളെ ബോദ്ധ്യങ്ങളില്‍ അദ്ധ്യാപകര്‍ വളര്‍ത്തണമെന്നും പിതാവ് കൂട്ടിചേര്‍ത്തു. സീറോ മലബാര്‍ ക്യാറ്റകെറ്റിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയും സഭയുടെ ഔദ്യോഗിക വക്താവുമായ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. മതബോധന വിഭാഗം ചുമത വഹിക്കുന്ന വികാരി ജനറാള്‍ മോണ്‍. ആന്റോ തച്ചില്‍, സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ടൈറ്റസ് കാട്ടുപ്പറമ്പില്‍, റൂബി ജൂബിലി ജനറല്‍ കണ്‍വീനര്‍ ഫാ. ഡേവീസ് കിഴക്കുംതല, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ബ്രദര്‍ മാരിയോ ജോസഫ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഇരിങ്ങാലക്കുട രൂപത മതബോധന ഡയറക്ടര്‍ ഫാ. ടോം മാളിയേക്കല്‍, കല്‍പ്പറമ്പ് ഫൊറോന മതബോധന ഡയഫക്ടര്‍ ഫാ. ബെന്നി കരുമാലിക്കല്‍ പ്രോഗ്രാം കണ്‍വീനര്‍ ഫാ. ബെന്നി ചെറുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. മാര്‍പോളി കണ്ണൂക്കാടന്‍ വിശുദ്ധ ബലിയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു വചനസന്ദേശം നല്കി. അഖിലകേരള ലോഗോസ് ക്വിസ് 2017 ലെ പ്രതിഭയായ മാള ദയാനഗര്‍ കുരിശുപള്ളി അംഗം കളപുരക്കല്‍ പീറ്റര്‍ -ബിന്‍സി മകള്‍ ബെനീറ്റയെ യോഗത്തില്‍ പ്രത്യേക സമ്മാനങ്ങള്‍ നല്കി ആദരിച്ചു.

ഇരിങ്ങാലക്കുട രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് വിശ്വാസ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ അദ്ധ്യാപകരേയും ആദരിക്കുന്നതിനും കൂടുതല്‍ ക്രിയാത്മകമായി പരിശീലന രംഗങ്ങളില്‍ കര്‍മ്മ നിരതരാകുന്നതിനും വേണ്ടി കൊടകര സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളേജില്‍ വച്ച് സംഘടിപ്പിച്ച ഈ സ്നേഹ സംഗമത്തില്‍ 134 ഇടവകകളില്‍ നിന്നുള്ള 148 യൂണിറ്റുകളില്‍ നിന്നായി 3160 വിശ്വാസപരിശീലകര്‍ പങ്കെടുത്തു.  സമ്മേളനത്തില്‍ വ്യത്യസ്ഥങ്ങളായ കലാപരിപാടികളുണ്ടായിരുന്നു. പങ്കെടുക്കുത്തവര്‍ക്കെല്ലാം സ്നേഹോപകാരങ്ങള്‍ നല്കി. ഫാ. ജിജോ മനോത്ത്, ഫാ. മെഫിന്‍  തെക്കേക്കര, ഫാ. സജി പൊന്‍മണിശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ രൂപത ആനിമേറ്റേഴ്സിന്റെ വിപുലമായ ടീം പരിപാടികള്‍ക്ക് നേതൃത്വം നല്കി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *