നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കുക: മന്ത്രി സുനില്‍ കുമാര്‍

ആളൂര്‍ : കാര്‍ഷിക സംസ്‌കാരം നഷ്ടപ്പെട്ടതാണ് സമൂഹത്തില്‍ സ്വാര്‍ത്ഥത വളരാന്‍ കാരണമെന്നും സ്നേഹവും സഹിഷ്ണുതയും വര്‍ധിക്കാന്‍ ഈ സംസ്‌കാരം തിരിച്ചെത്തെണമെന്നും കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. സ്വന്തം കാര്യത്തില്‍ മാത്രം താല്‍പര്യമുള്ളവര്‍ സമൂഹത്തില്‍ കൂടിവരുന്നത് ഉപഭോഗ സംസ്‌കാരത്തിന്റെയും കച്ചവടതാല്‍പര്യങ്ങളുടെയും അതിരുകവിഞ്ഞ സ്വാധീനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട രൂപതയുടെ ‘കേരളസഭാതാരം’, ‘സേവനപുരസ്‌കാരം’ അവാര്‍ഡുകള്‍ പ്രഫ. ജോര്‍ജ് മേനാച്ചേരി, ജോണ്‍സന്‍ ആലപ്പാട്ട്, ജോളി ജോസഫ് എന്നിവര്‍ക്ക് സമ്മാനിക്കുകയായിരുന്നു മന്ത്രി. എല്ലാ സംസ്‌കാരങ്ങളുടെയും ഉല്‍ഭവം കൃഷി അടിസ്ഥാനമാക്കിയ ജനജീവിതങ്ങളില്‍ നിന്നാണ്. കുടുംബവും സമൂഹങ്ങളും വളര്‍ന്നുവന്നത് പരസ്പരസഹകരണത്തിന്റെയും സൗഹൃദത്തിന്റെയും കാര്‍ഷിക സമൂഹങ്ങളില്‍ നിന്നാണ്. ഇന്ന് മതങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ജനജീവിതത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടത് നന്മയുടേയും സ്നേഹത്തിന്റേയും ആധാരമായ കാര്‍ഷിക സംസ്‌കാരമാണെന്നും മന്ത്രി സുനില്‍കുമാര്‍ ഓര്‍മ്മിപ്പിച്ചു.

ഇതുണ്ടെങ്കില്‍ വര്‍ഗ്ഗീയതയുടെയും കപടദേശാഭിമാനത്തിന്റെയും മതമൗലികവാദത്തിന്റെയും പേരില്‍ സമൂഹത്തില്‍  അസ്വസ്ഥതകളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ്ദാനവും കുടുംബസംഗമവും ഹോസൂര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ‘കേരളസഭ ‘ കുടുംബസംഗമത്തിന്റെ ഭാഗമായുള്ള ക്രിസ്തുമസ് ആഘോഷം മാര്‍ പോളി കണ്ണൂക്കാടനും മന്ത്രി വി. എസ്. സുനില്‍ കുമാറും ചേര്‍ന്ന് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. ഓഖി ചുഴലിക്കാറ്റില്‍ ദുരിതം നേരിട്ടവര്‍ക്കായി കേരള മെത്രാന്‍ സമിതി സ്വരൂപിക്കുന്ന ഫണ്ടിലേയ്ക്കുള്ള ‘കേരളസഭ’യുടെ വിഹിതം മാനേജിംഗ് എഡിറ്റര്‍ ഫാ. വില്‍സന്‍ ഈരത്തറ, മാര്‍ പോളി കണ്ണൂക്കാടന് കൈമാറി. രൂപതയിലെ 134 ഇടവകകളില്‍ നിന്നുള്ള ആയിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!