Breaking News

കോടാലി സ്‌ക്കൂളിലേക്കൊരു യാത്ര

കോടാലി : ഏറെ വര്‍ഷങ്ങളായി , പേരുകേട്ട കോടാലി സ്‌ക്കൂളില്‍ പോകണമെന്ന് വിചാരിച്ചിട്ട് .പക്ഷെ സമയക്കുറവു കാരണം പറ്റിയില്ല. ഇന്ന് ( 30- 3 – 18 വെള്ളി ) ദു:ഖവെള്ളി പ്രമാണിച്ച് മുടക്കമാണല്ലോ. ആയതിനാല്‍ തന്നെ പോകാമെന്നു ഉറപ്പിച്ചു. ആറാട്ടുപുഴ പൂരശേഷത്തില്‍ പങ്കെടുത്തു കൊണ്ട് പുതുക്കാട് > കൊടകര > കോടാലി -> അങ്ങനെ അങ്ങ് എത്തി. മുടക്കു ദിവസമായതിനാല്‍ ,സ്‌ക്കൂള്‍ പൂട്ടിക്കിടക്കും എന്ന ഒരു മുന്‍ധാരണ ഉണ്ടായിരുന്നു. എങ്കിലും ,ഇന്ന് മാത്രമേ, ഇക്കാര്യത്തിന് ഒഴിവുള്ളൂ എന്നതിനാല്‍ ,പുറത്തു നിന്നെങ്കിലും കാര്യങ്ങള്‍ നോക്കിക്കാണാമല്ലോ എന്ന ധാരണയായാണ് പുറപ്പെട്ടത് .

വര്‍ഷങ്ങളായി ,ക്ലസ്റ്ററുകളിലും ബി ആര്‍ സി , എ ഇ ഒ , ഡി ഇ ഒ ,ഡി ഡി മീറ്റിംഗുകളിലും നല്ല സ്‌ക്കൂളുകളെക്കുറിച്ച് പറയുമ്പോള്‍ കോടാലി സ്‌ക്കൂളിനെക്കുറിച്ചും പരാമര്‍ശിക്കാറുണ്ട് .മാത്രമല്ല , ചര്‍ച്ചകളില്‍ ,പല മികച്ച അധ്യാപകരുടേയും – കോടാലി സ്‌ക്കൂളില്‍ പോകാത്തവന്‍ – എന്ന രീതിയിലുള്ള നോട്ടവും അസഹനീയമായിരുന്നു .

മുടക്കു ദിവസമായതിനാല്‍ ,വഴിയോരം വിജനമായിരുന്നു. സിനിമയില്‍ പറയുന്നതുപോലെ ‘ചോദിച്ച് ചോദിച്ച് ‘ തന്നെയാണ് എത്തിച്ചേര്‍ന്നത് . സ്‌ക്കൂളിനു മുന്നില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ,പ്രതീക്ഷിച്ചു പോലെ ,ഗേറ്റ് അടച്ചിട്ടുണ്ട് .പക്ഷെ ,ലോക്ക് ചെയ്തിട്ടില്ല; തണ്ട് ഇട്ടിട്ടുണ്ട് എന്നു മാത്രം!

കുറച്ചു നേരം ,ഗേറ്റിനു പുറത്തു നിന്ന് ഉള്ളിലെ മനോഹരമായ ഉദ്യാനക്കാഴ്ച കണ്ടു.  തണ്ടു നീക്കിയാല്‍ അകത്തു കയറാം .പക്ഷെ ,അത് ശരിയല്ലല്ലോ .തൊട്ടപ്പുറത്ത് ,വെയിറ്റിംഗ് ഷെഡ് കഴിഞ്ഞ് ഒരു പീടിക കണ്ടു .അവിടെ ചെന്ന് സ്‌ക്കൂളിനെക്കുറിച്ച് അന്വേഷിച്ചു. അഭിമാനത്തോടെയുള്ള കടക്കാരന്റെ വാക്കുകള്‍ കേട്ടു . തങ്ങളുടെയാണ് സ്‌ക്കൂള്‍ എന്ന രീതിയില്‍ ,ഗേറ്റ് തുറന്ന് കയറിക്കോ എന്ന അനുവാദവും തന്നു. എന്റെ മടി കണ്ടു കൊണ്ടാവണം ‘വാ’ എന്നു പറഞ്ഞ് അയാള്‍ മുന്നോട്ട് നടന്ന് ഗേറ്റ് തുറന്നു തന്നു.

ഞാന്‍ ,സ്‌ക്കൂളിനുള്ളില്‍ കടന്നു മനോഹരമായ പൂച്ചെടികള്‍ ,മിക്കവാറും ചെടിച്ചട്ടിയില്‍ .അതും മണ്‍പാത്ര ചെടിച്ചട്ടികള്‍!
വൃക്ഷങ്ങള്‍ക്കു ചുറ്റും കല്ല കൊണ്ട് കെട്ടി സിമന്റ് തേച്ചിട്ടുണ്ട് .ഓരോ വൃക്ഷത്തിലും അവയുടെ വിവരണമുണ്ട് .
വൃത്തിയുള്ള നടപ്പാത . രണ്ട് പക്ഷിക്കൂട്ടിലും പക്ഷികളുണ്ട് . ഫോട്ടോ പിടുത്തുവുമായി കുറേ നേരം അവിടെ തങ്ങി.
തിരിച്ചു വരുമ്പോള്‍ മുന്‍പത്തെ കടയില്‍ കയറി .കാര്യങ്ങള്‍ സംസാരിച്ചു. മാറ്റത്തെ ക്കുറിച്ചും മാറ്റമുണ്ടാകാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചും സംസാരിച്ചു. തുടര്‍ന്ന് ,കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ വീഡിയോയില്‍ ഒരു അഭിമുഖം തരുമോ എന്നു ചോദിച്ചു .അന്നേരം അദ്ദേഹം ഹംസ മാഷിന്റെ വീട് പറഞ്ഞു തന്നു. അദ്ദേഹമാകുമ്പോള്‍ കൃത്യതയോടെ കാര്യങ്ങള്‍ പറഞ്ഞു തരുമെന്നും പറഞ്ഞു.

തുടര്‍ന്ന് ഹംസ മാഷിന്റെ വീട്ടിലെത്തി .അഭിമുഖം നടത്തി.
അധ്യാപകര്‍ക്ക് രക്ഷിതാക്കളുമായും നാട്ടുകാരുമായും ഉള്ള നല്ല ബന്ധമാണ് കോടാലി സ്‌ക്കൂളിനെ അഭ്യുന്നതിയില്‍ എത്തിച്ചതെന്ന് ഹംസ മാഷിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു . തിരിച്ചുപോരുമ്പോള്‍, ഇനി ഏതെങ്കിലുമൊരു പ്രവൃത്തി ദിനത്തില്‍ ,സ്‌ക്കൂളിലെത്തി അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും സന്ദര്‍ശിക്കണമെന്ന് മനസ്സിലുറപ്പിച്ചു .

മാതൃകാപരമായ രീതിയില്‍ നടക്കുന്ന സ്‌ക്കൂളുകള്‍ സന്ദര്‍ശിക്കാന്‍ ,ആഗ്രഹമുള്ള പക്ഷം ,ഔദ്യോഗിക പരമായ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എന്നൊരാശ മനസ്സില്‍ തോന്നിയത് ഇവിടെ മറച്ചുവെക്കുന്നില്ല .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!