Breaking News

ഒരു മരക്കഥ.

green-cartoon-treesഞാന്‍ ഒരു ഒറ്റത്തടി മരം
പൊട്ടി മുളച്ചതല്ല നട്ടു വളര്‍ത്തിയത്‌.. .
ദൈവതുല്യരായ അവരോടു കടപ്പാടും വിധേയത്വവും ആവോളം
അവരുടെ പരിരക്ഷണവും പരിലാളനവും എനിക്ക് ജീവപ്രചോദനമായി.
അവരുടെ നനവുള്ള ഓർമ്മകളാണ് എന്നെ പടർന്നു പന്തലിപ്പിച്ചത്.
ഇപ്പോഴും എപ്പോഴും അങ്ങനെ ആകട്ടെ.
വളര്‍ന്നു വരവേ ഒരു ശാഖകൂടി ആയി.
മണ്ണിലെ ജൈവാസാന്നിധ്യവും സൂര്യ ഊര്‍ജവും വായുവും വേരുറച്ചു വളരാനുള്ള പ്രചോദനമായി.
ഋതുഭേദങ്ങളെ അതിജീവിച്ച് പൂക്കളും ഫലങ്ങളും ആയി തല ഉയര്‍ത്തി നിന്നു, അഹങ്കാരത്തോടെ.
ഒന്നിന് പുറകെ ഒന്നായി മൂന്നു കിളികൾ എത്തിയത് പെട്ടെന്നായിരുന്നു,
രണ്ടു ശിഖിരങ്ങളിലായി അവറ്റകള്‍ കളിച്ചു രസിച്ചു കൊക്കുരുമ്മി കഴിഞ്ഞു.
രണ്ടു ശിഖിരങ്ങളുടെയും വര്‍ത്തമാനകാല അഹങ്കാരങ്ങളായിരുന്നു അവറ്റകൾ…. ഒപ്പം അഭിമാനവും,
സമീപമരങ്ങള്‍ അസൂയയോടെ പിറുപിറുത്തു.
‘ഹോ …എന്തൊരു പത്രാസ് ……”.
അതില്‍ ഒരാണ്‍കിളി ശുണ്ടിക്കാരനായിരുന്നു, മരച്ചില്ലകളെയും തായ്ത്തടിയെയും കൊത്തി നശിപ്പിക്കാന്‍ തുനിയവേ മരക്കൊമ്പുകള്‍ക്ക് ദുഃഖം,
ഇലച്ചില്ലകള്‍ ആടിയുലഞ്ഞു.
പൊടുന്നനെ ഒരു പെണ്‍കിളി എന്റെ ശിഖരത്തില്‍ ചേക്കേറി ആണ്‍കിളിയെ ഒപ്പംകൂട്ടി, എവിടെനിന്ന് വന്നോ അവിടേക്ക് പറന്നു പോയി.
ഇടവിട്ട കാലങ്ങളില്‍ രണ്ടു ദേശാടനക്കിളികളായി അവർ തങ്ങളുടെ പഴയ മരപ്പൊത്തില്‍ വന്നു പോയിരുന്നു.
വന്നുപറ്റിയ പെണ്‍മൈനക്കിളി മറ്റു കിളികളോടൊപ്പം ഇടപഴകാ ന്‍ താല്പര്യമില്ലാതെ ഇണക്കിളിയെയും പ്രലോഭിപ്പിച്ചു കൂട്ടിലെ ഇരുട്ടില്‍ കൊക്കുരുമ്മി രമിച്ചിരുന്നു. അതായിരുന്നു അവൾക്ക്‌ ഏറെയിഷ്ടം. ഒപ്പം കലപിലകൂട്ടാനും കൊത്തിനോവിക്കാനും മറന്നില്ല.
കൂട്ട് ജീവിതം ഇഷ്ടപ്പെടാത്ത മൈന ഇണക്കിളിയുമായി വീണ്ടും ദേശം കടന്നു പോയി.
മൂന്നാം പെണ്‍കിളിയെ ഇണതേടി വന്ന ആണ്‍കിളി വ്യത്യസ്തനായിരുന്നു . വലിയ ഉയരങ്ങള്‍തേടി പറക്കാന്‍ വ്യമോഹമുണ്ടായിരുന്നവന്‍… പൊടുന്നനെ അവന്‍മാത്രം അവന്റെ സ്വപ്ന വൃക്ഷം തേടി പറന്നു. പെണ്‍കിളി തേങ്ങലടക്കാൻ പാടുപെട്ടു.
കൂട്ട്പിരിഞ്ഞു സ്വര്‍ഗമരത്തിലെത്തിയ കിളി അവന്റെ പൂര്‍–വ്വനഷ്ടങ്ങൾ ഓര്‍ത്തു ദുഃഖമുഖനായി. നഷ്ടപ്പെട്ട കൂട്ടിലെ ഇണയുമായുള്ള സമാഗമത്തിനായി തിരികെ പറന്നു പഴയ മരക്കൊമ്പിലെത്തി.
ഇണയെ പുണര്‍ന്നു കൊക്കുരുമ്മി ഐക്യദാര്‍ഡ്യം അറിയിച്ച് ആ സ്നേഹക്കിളികള്‍ തിരികെ പറന്നു, സ്വപ്നഭൂമിയിലേക്ക്… ദൂരെ ദൂരെ… ഒപ്പം പഴയ വൃക്ഷത്തിനെ നോക്കി പറഞ്ഞു, ‘സ്നേഹാദരങ്ങൾ’.
ഇപ്പോ ള്‍ ആ വൃക്ഷത്തി ല്‍ കുഞ്ഞു കൂടുകളില്ല
കിളികളുടെ കലമ്പലുകള്‍ കേള്‍ക്കാനില്ല
കാറ്റിന്റെ ശബ്ദം മാത്രം
ചൂടിന്റെ പ്രസരം കൂടി വൃക്ഷശിഖരങ്ങള്‍ വാടി തലചായ്ച്ചു
ചില്ലകള്‍ ഉണങ്ങി
കൊക്കും ചിറകും നനച്ചിരുന്ന കുഞ്ഞാറുകൾ വറ്റി വരണ്ടു
ദേശാടനത്തിനു പോയ കിളികളുടെ വരവുംനോക്കി ആകാശം കാത്തിരിന്നു
ഒരു പുനര്‍ സമാഗമത്തിനായുള്ള പ്രത്യാശയുമായി…
———————————————————–
ജി. കെ. എൻ

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!