Breaking News

പെൺകരുത്ത്‌.

പുലർച്ചെ അഞ്ചു മണിയ്ക്കുതന്നെ സുധർമ ഉണർന്നു;. ഭർത്താവിനെയും രണ്ടുമക്കളേയും വിളിച്ചുണർത്തി ബെഡ്കോഫി കൊടുത്തു. അൽപം അവളും കുടിച്ചു. വിറകടുപ്പിലാണ്‌ പതിവായി ചോറ്‌ വയ്ക്കുന്നത്‌. വിറകുകഷണമൊന്നു ചെറുതാക്കാൻ മുറ്റത്തേക്കിറങ്ങിയതാണ്‌. നേരം വെളുത്തുതുടങ്ങി. റോഡിൽ ആരോ മൊബൈലിൽ സംസാരിക്കുന്നു. വസന്തയുടെ ശബ്ദം തന്നെ. വസന്തയും, ഹാജിറയും കൂടി പ്രഭാതസവാരിയ്ക്കിറങ്ങിയതാവും. സുധർമ നല്ലതുപോലെ ഓർക്കുന്നു; വീടിനു വടക്കുഭാഗത്തുണ്ടായിരുന്ന വയലിൽ കൊല്ലത്തിൽ രണ്ടു തവണ നെൽക്കൃഷി ചെയ്തിരുന്നത്‌. വസന്തയും നാത്തൂൻ ചിരുതയും ആയിരുന്നു സ്ഥിരം പണിക്കാർ. ഞാറുനടീലും, കളപറിയ്ക്കലും, കൊയ്ത്തും മെതിയുമെല്ലാം അവർ രണ്ടാളും ചേർന്നായിരുന്നു. ഒരു കന്നിമാസം, കൊയ്തുവച്ച കറ്റകൾ പാടത്തിരുന്നു കിളിർത്തു. കുറ്റക്കാരാരെന്ന്‌ സുധർമയ്ക്കിന്നും അറിയില്ല. പാടം ഉണ്ടായിരുന്ന സ്ഥലത്ത്‌ ഇപ്പോൾ മൊയ്തീന്റേയും , ബാലഭാസ്കരന്റേയും വീടുകൾ. ചിരുത ഇന്നും പണിക്കു പോകും.

കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതു പോലുള്ള പ്രവർത്തനങ്ങളിലായി വസന്തയുടെ ശ്രദ്ധ! ഇപ്പോൾ കർഷകത്തൊഴിലാളി യൂണിയന്റെ ജില്ലാക്കമ്മറ്റിയംഗം! തടിവച്ചതോ, പ്രമേഹവും, കൊളസ്ട്രോളും കൂടിയതോ തൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനിടയിൽ അവർ ശ്രദ്ധിച്ചില്ല. സംഘടനാപരമായ വിദേശപര്യടനത്തിന്‌ മുന്നോടിയായി ഒരു മെഡിക്കൽ ചെക്കപ്പു വേണ്ടിവന്നു. പതിവായി ഒരു മണിക്കൂർ നടത്തം അനിവാര്യമെന്ന്‌ ഡോക്ടർ ശഠിച്ചു. കഴിഞ്ഞൊരു ദിവസം പ്രവർത്തനഫണ്ടു സമാഹരിക്കാൻ വന്നപ്പോൾ വസന്ത തന്നെ പറഞ്ഞതാണ്‌ ഇക്കാര്യങ്ങൾ. സഞ്ജന കുളികഴിഞ്ഞ്‌ ഇറങ്ങിയിട്ടു വേണം സുധർമ്മയ്ക്കു കുളിയ്ക്കാൻ. കാത്തിരിക്കണോ അകത്തെ കുളിമുറിയിയിൽ പോണോ? ജീവിതം മുഴുവൻ ഒരു കാത്തിരുപ്പാണെന്നല്ലേ യോഗാക്ളാസ്സെടുക്കുന്ന സ്വാമിജി പറയുന്നത്‌. വാഹനം എത്താൻ കാത്തിരുപ്പ്‌, വാഹനത്തിൽ കയറിപ്പറ്റിയാൽ ലക്ഷ്യത്തിൽ എത്താനുള്ള കാത്തിരുപ്പ്‌, പകൽ കുറേയായാൽ രാത്രിയാകാനുള്ള കാത്തിരുപ്പ്‌, രാത്രിയെത്തിയാൽ ഉറക്കം വരാനുള്ള കാത്തിരുപ്പ്‌. രാവേറെച്ചെന്ന്‌ ഉണർന്നാൽ പുലർന്നു കിട്ടാനും കാത്തിരുപ്പ്‌; ഏറെ രസകരമായാണ്‌ അദ്ദേഹം കാത്തിരുപ്പിനെപ്പറ്റി പറഞ്ഞത്‌. സുധർമ കാത്തിരാക്കാനൊന്നും പോകാതെ അകത്തെ കുളിമുറിയിൽ കയറി കുളിച്ചു. യോഗയും, ശ്വസനക്രിയയുമൊക്കെക്കഴിഞ്ഞ്‌ ബാലേട്ടൻ ആഹാരം കഴിക്കാനെത്തി. ഇഡ്ഡ്ലിയും ചായയും കൊടുത്തിട്ട്‌ അവളും ഒരിഡ്ഡലി നടന്നുകൊണ്ടു കടിച്ചുതിന്നു. `നിനക്കും ഇവിടിരുന്ന്‌ കഴിച്ചു കൂടേ സുധർമേ?` `ഇതൊക്കെ ഉണ്ടാക്കണമെന്നല്ലാതെ തിന്നണമെന്ന തോന്നൽ തീരെയില്ല ബാലേട്ടാ., പിന്നെ നിങ്ങള്‌ അച്ഛനും മക്കളും മതിയാവോളം തിന്നുന്നതു കാണുന്നതേ എന്റെ വയറും നിറയും.

അടുക്കളമുറ്റത്ത്‌ ബഹളം കേട്ടുതുടങ്ങി. അവിടെ ചെന്നപ്പോൾ അണ്ണാൻ, ഓലേഞ്ഞാലി, മൈന, കുളക്കോഴി, ബുൾബുൾ, അരിപ്രാവ്‌, മരംകൊത്തി; ദമ്പതിമാരെല്ലാം ഹാജർ! ഇണയെത്താത്തതിനാൽ കാക്കച്ചി പ്ളാവിൻകൊമ്പിൽ നിന്ന്‌ താഴത്തിറങ്ങിയിട്ടില്ല. കരിയിലക്കിളികളും, പ്രാവുകളും ഹാജർ, ആദ്യമൊക്കെ മടിച്ചുമടിച്ചായിരുന്നു ഓരോരുത്തരും വന്നിരുന്നത്‌. കോഴികൾക്ക്‌ കൊടുക്കുന്ന തീറ്റ ഇടോം തരോം നോക്കി കൊത്തിയും പെറുക്കിയും പോകും. ഇപ്പോൾ അവരുടെ ഒരവകാശം മാതിരിയാണ്‌, സമയത്തിന്റെ കാര്യത്തിൽ എന്തൊരു കൃത്യതയാണിവറ്റയ്ക്ക്‌! ഒരു മിനിറ്റ്‌ വൈകിയതിന്റെ കോലാഹലമാണിപ്പോൾ കേക്കുന്നത്‌. പാത്രത്തിലുണ്ടായിരുന്ന തലേന്നത്തെ വറ്റുമുഴുവൻ സുധർമ വാരിവിതറി. എല്ലാവരും ഡിസിപ്ളിൻ പാലിക്കുന്നുണ്ടോയെന്ന്‌ വളർത്തുനായയും സർവ്വാധികാരിയുമായ ബോബി ഒരു കോണിലിരുന്ന്‌ നിരീക്ഷിക്കുന്നുണ്ട്‌.

ബാലേട്ടന്റെ ബൈക്ക്‌ സ്റ്റാർട്ടാകുന്ന ശബ്ദം കേട്ട്‌ അവൾ ചെന്നുനോക്കി. ഇല്ല, തന്നെക്കൊണ്ട്‌ ആവശ്യങ്ങളൊന്നുംതന്നെയില്ല. മക്കൾ രണ്ടാളും ഇതിനകം ഒരുക്കങ്ങളെല്ലാം കഴിഞ്ഞ്‌ സ്കൂളിലും, കോളേജിലും പോയിക്കഴിഞ്ഞു. സുധർമയ്ക്കും ഇറങ്ങാറായി. സൗകര്യപ്രദമായ വേഷമെന്നനിലയ്ക്ക്‌ ബാങ്കിലെ ലേഡീസ്സ്റ്റാഫെല്ലാം ചുരിദാറാണ്‌ ധരിച്ചുവരുന്നത്‌. സുധർമയ്ക്ക്‌ സാരിതന്നെ വേണം. കാരണമൊന്നുമില്ല, അതാണിഷ്ടം. അത്രതന്നെ. സ്കൂട്ടിയിൽ കയറി അവൾ ബാങ്കിലേക്കു തിരിച്ചു. രണ്ടുകൊല്ലം മുമ്പു വരെ ബസ്സിനായിരുന്നു യാത്ര. കാത്തിരുപ്പിനും, യാത്രയ്ക്കും എല്ലാംകൂടി രണ്ടു മണിക്കൂറാണന്ന്‌ നഷ്ടപ്പെട്ടിരുന്നത്‌. മിക്കപ്പോഴും സന്ധ്യയാവും വീട്ടിലെത്താൻ.

ഒരുദിവസം ചെടികളേയും പച്ചക്കറികളേയും ശുശ്രൂഷിച്ചുകൊണ്ടിരിക്കെ മകൾ സഞ്ജന ചോദിച്ചു? `അമ്മേ, അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമെന്താ?` `ബഹളങ്ങളൊന്നുമില്ലാത്ത ഒരിടത്ത്‌ കുറെ നല്ല ഭൂമി! അതു നിറയെ പലതരം ചെടികളും, പൂക്കളും, ചിത്രശലഭങ്ങളും! അതിനുള്ളിൽ വള്ളിക്കുടിൽ പോലെ ചെറിയൊരു വീടും! ജീവിതകാലം മുഴുവൻ അവയ്ക്കൊപ്പം അങ്ങനെ കഴിയുക`. `ഇത്രേ ഒള്ളൂ?, ഞാൻ ഡോക്ടറായാൽ ആദ്യം അമ്മയെ നാലഞ്ചേക്കറിലെ ഉദ്യാനപാലകയാക്കും നോക്കിക്കോ`. `അതിനു നീ പഠിച്ച്‌ ഡോക്ടറാവാൻ കൊല്ലം എത്ര കഴിയണം?`. `നിന്റെ ഏട്ടനും ജോലികിട്ടിയാലാദ്യം എന്റെ ആഗ്രഹം സാധിച്ചു തരുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌`. `ഏട്ടൻ ചെടികളെ തിരിഞ്ഞു നോക്കുകകൂടിയില്ലല്ലോ? ഈ ഇടകിളയ്ക്കലും മറ്റും അമ്മയ്ക്ക്‌ ഏട്ടനെക്കൊണ്ടു ചെയ്യിച്ചാലെന്താ?`. `അവനവന്‌ വേണമെന്നു തോന്നി ചെയ്താലേ കാര്യമുള്ളു മോളേ, നിന്നെ ഞാൻ വിളിച്ചിട്ടാണോ എന്നെ സഹായിക്കാൻ വന്നത്‌? അവൻ പന്തു കളിയ്ക്കാൻ പോയതല്ലേ? അവന്റെ പ്രായത്തിലുള്ള കുട്ടികൾ നല്ലോണം കളിയ്ക്കണം കുട്ടീ.

ക്യാഷർ രമണി ലീവായിരുന്നതിനാൽ ബാങ്കിൽ നല്ല ജോലിത്തിരക്കായിരുന്നു. പലതരം എൻക്വയറികളുമായി വരുന്നവരുടെ തിരക്ക്‌ വേറെ. കാര്യങ്ങൾ മടികുടാതെയും, വ്യക്തമായും പറഞ്ഞുതരുന്നത്‌ സുധർമയാണെന്ന്‌ പരിചയക്കാരായ കസ്റ്റമേഴ്സിനറിയാം. സ്റ്റാഫ്‌ ഒരുമിച്ച്‌ ഉച്ചഭക്ഷണത്തിനിരുന്നു. `സുധർമയുടെ ഇന്നത്തെ ഊണിന്റെ വിഭവങ്ങളറിഞ്ഞിട്ടു വേണം ചോറുപാത്രം തുറക്കണോ എന്ന്‌ തീരുമാനിക്കാൻ`. മാനേജർ ജോർജ്‌ സാർ പകുതി കളിയായും ബാക്കി കാര്യമായും പറഞ്ഞു. അവൾ കുറേശ്ശ സമ്മന്തിയെടുത്ത്‌ സാറിനും, മറ്റുള്ളവർക്കും വിതരണം ചെയ്തു. `ഹായ്‌, അപാര ടെയ്സ്റ്റ്‌ തന്നെ, താൻ എന്നാ മാജിക്കാ ഇതുണ്ടാക്കാൻ ചെയ്തതെന്നിപ്പം പറയണം. ഒരുപാത്രം ചോറുണ്ണാൻ ഈ സമ്മന്തി ധാരാളം`. ഹെഡ്‌ അക്കൗണ്ടന്റ്‌ രമാദേവിയ്ക്ക്‌ പുതിയ സമ്മന്തി വല്ലാണ്ടങ്ങു പിടിച്ചു. `ഒരു മാജിക്കും ഇല്ല ചേച്ചീ; നാളികേരം തീക്കനലിൽച്ചുട്ട്‌ അമ്മിക്കല്ലിൽ അരച്ചെടുത്തതാ, ചുവന്നുള്ളിയ്ക്കു പകരം ലേശം വെളുത്തുള്ളി ചേർത്തൂ നോക്കി, അത്ര തന്നെ`. `എന്റെ വീട്ടിൽ, ഗ്രേസി അരകല്ലെടുത്ത്‌ പുറത്തെ ബാത്ത്‌റൂമിനുള്ളിൽ ഇട്ടിരിക്ക്വാ, കാലിന്റ വെള്ള ഒരച്ചു കഴുകാൻ`. ജോർജ്സാറിന്റെ വെളിപ്പെടുത്തലിൽ ചിരി നിയന്ത്രിക്കാൻ എല്ലാരും പാടുപെട്ടു. `ഇക്കണക്കിന്‌, സുധർമയ്ക്ക്‌ കറണ്ട്ചാർജ്‌ തീരെ ഉണ്ടാവില്ലല്ലോ?` രമാദേവിയ്ക്ക്‌ ഒരു സംശയം. `നമുക്കുള്ളതുപോലെ ആധുനിക ഗൃഹോപകരണങ്ങളെല്ലാം സുധർമയ്ക്കുണ്ട്‌. എല്ലാം ആവശ്യത്തിന്‌ ഉപയോഗിക്കന്നുമുണ്ട്‌. ഞാൻ നേരിട്ടു കണ്ടതാ`. ഡെയ്സി രമാദേവിയുടെ സംശയം തീർത്തു.

വീട്ടിലെത്തിയതേ സുധർമ ബോബിയെ കൂട്ടിൽനിന്നു വിട്ടു.അവന്റെ സ്നേഹപ്രകടനം അഞ്ചു മിനിറ്റോളം നീണ്ടു. അവൾ അടുക്കളവശത്തു വന്ന്‌ മക്കളേ എന്നൊന്നു വിളിച്ചു! എവിടെനിന്നെന്നറിയില്ല, പത്തിരുപത്‌ കോഴികൾ പാഞ്ഞുവന്നു. അധികവും നാടൻകോഴികൾ എല്ലാവർക്കും നല്ലനല്ല പേരുകളുണ്ട്‌. സുധർമ ഓരോരുത്തരേയും പേര്‌ വിളിച്ച്‌ കുശലം ചോദിയ്ക്കുകയും, തിന്നുനെറഞ്ഞോന്നു പരിശോധിക്കുകയും ചെയ്തു. സഞ്ജു അമ്മയെക്കണ്ടതേ തിടുക്കത്തിൽ അടുത്തെത്തി. `എങ്ങനെയുണ്ടമ്മേ എന്റെ പുതിയ ഷർട്ട്‌`. സഞ്ജുവിനാ ഷർട്ട്‌ അത്ര ചേർച്ചയുള്ളതായി സുധർമയ്ക്കു തോന്നിയില്ല. എങ്കിലുമവൾ പറഞ്ഞു, `കൊള്ളാം മോനേ`. അച്ഛന്റെ മുന്നിൽ ഇതൊക്കെ ഇട്ടോണ്ടു നടക്കുന്നത്‌ ഏതായാലും സൂക്ഷിച്ചു മതി. രണ്ടുമാസം മുമ്പാണ്‌ ഓണാവധി കഴിഞ്ഞ്‌ കോളേജ്‌ തുറന്ന ദിവസം. സഞ്ജു പുതിയ വെള്ള ജീൻസും, ഇറുകിയ ഒരു കറുത്ത കുട്ടിഷർട്ടും ധരിച്ച്‌ കോളേജിലേക്കിറങ്ങി. `എന്താടാ ഈ വലിച്ചുകയറ്റിയിരിക്കുന്നത്‌, വേഷം കെട്ടുന്നേനും ഒരു പരിധിയില്ലേ?` സഞ്ജുവിനെക്കണ്ട്‌ ബാലചന്ദ്രൻ‍്‌ നിന്ന്‌ ഉറഞ്ഞു. `ഏതായാതും അവൻ ആഗ്രഹിച്ചു വാങ്ങിയതല്ലേ? രണ്ടാളും കൂടി ഇനി അതിന്റെ പേരിൽ വഴക്കിടേണ്ട`. സുധർമ മകന്റെ രക്ഷയ്ക്കെത്തി. `മോൻ പൊയ്ക്കോടാ`. സഞ്ജു വേഗം സ്ഥലം വിട്ടു. `നീയാണ്‌ പിള്ളേരെ വഷളാക്കുന്നത്‌`. ബാലചന്ദ്രന്റെ കോപം സുധർമയുടെ നേർക്കായി. സുധർമ ഭർത്താവിനെ പിടിച്ച്‌ അരികിലിരുത്തി ശാന്തമായി ചോദിച്ചു; `ബാലേട്ടന്‌ അവൻ ഇന്നിട്ട ഡ്രസ്സും ധരിച്ച്‌ ഓഫീസിൽ പോകാൻ പറ്റ്വോ?`. `ൻഘും, അമ്മാതിരി വേഷം കെട്ടാൻ മനുഷ്യരെ ആരെയെങ്കിലും കിട്ടുമോ?`. `ബാലേട്ടനു പറ്റുമോ ഇല്ലയോ, അതു പറ?`. `ആ വേഷത്തിലെങ്ങാനും എന്നെ ഓഫീസിൽക്കണ്ടാൽ, എല്ലാവരുംകൂടി പിടിച്ച്‌ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോകും`. `അപ്പോൾ ഓരോന്നിനും ഓരോ പ്രായോം കാലോമൊക്കെയുണ്ട്‌. ഇപ്പോൾ ലേറ്റസ്റ്റ്‌ ഫാഷനിലുള്ള ഡ്രസ്സു ധരിക്കാൻ തോന്നുന്ന പ്രായമാ, അവനതു ചെയ്തോട്ടെ, നമ്മളെന്തിനാ അതോർത്തു ടെൻഷൻ ആകുന്നത്‌?. ബാലചന്ദ്രൻ പിന്നൊന്നും മിണ്ടിയില്ല.

ചായകുടിച്ചിട്ട്‌ സുധർമ ഗാർഡനിലേക്കിറങ്ങി. റോസകളുടെ ചുവട്ടിൽ വളർന്നുനിന്ന പുല്ലു പറിച്ചു. ഓർക്കിഡുകൾ വച്ചിരുന്ന ചട്ടികളിൽ കുറേശ്ശ ചകിരിപ്പൊടിയിട്ടു. അയൽക്കാരി നസീബ ആറു മാസക്കാരൻ ഇർഫാനെയും ഒക്കത്താക്കി വന്നു. `എന്തുപറ്റി നസീബാ, മോൻ കഴിഞ്ഞാഴ്ച കണ്ടതിലും മെലിഞ്ഞുപോയല്ലോ?`. ഇർഫാൻ സുധർമയുടെനേർക്കു കൈകൾ നീട്ടിക്കൊണ്ടേയിരുന്നു. `ചേച്ചി കൈകഴുകിവരാം മോനെ ഏടുക്കാൻ. പാലു കുറവായിട്ടാ നസീബാ മോൻ ഇങ്ങനെ കോലം കെട്ടു വരുന്നത്‌. അതാ തനിക്കു വേണ്ടിയാ സഞ്ജന ശതാവരിക്കിഴങ്ങ്‌ കിളച്ചിട്ടിരിക്കുന്നത്‌. ആവശ്യംപോലുണ്ട്‌. കൊണ്ടുപോയി ലേഹ്യമുണ്ടക്കി കഴിച്ചാലൊണ്ടല്ലോ. പാലു കൂടുതലാ ചേച്ചീ എന്ന പരാതിയുമായി താൻ എന്റടുത്തു വരും. ഇവിടുത്തെ രണ്ടെണ്ണം ഇപ്പോഴും മനുഷ്യക്കോലത്തിലിരിക്കാൻ കാരണമെന്താ? നാലു വയസ്സായപ്പോഴും ഈ സഞ്ജനയ്ക്ക്‌ എന്റ പാലു മാത്രം മതി. ഒരുദിവസം ഞാൻ ചെന്നിനായകം തേച്ചിട്ടു അവൾക്ക്‌ പാലുകൊടുത്തു. അരിശം മൂത്ത്‌ ഒറ്റക്കടിയല്ലാരുന്നോ പെണ്ണ്‌! ആ മുറിവിന്റെ കല ഇന്നും മാഞ്ഞിട്ടില്ല. താനിപ്പോൾ ജർബിറയുടെ തൈയ്ക്കു വന്നതാവും?`. `അതെ ചേച്ചീ`. സുധർമ ചെടികൾക്കിടയിൽ കയറി ജർബിറയുടെയും യൂഫോർബിയായുടേയും ഈരണ്ടു തൈകൾ സൂക്ഷ്മതയോടെ പറിച്ച്‌ നസീബയ്ക്കു നൽകി. വലിയ മഴയും, വെയിലും ഇല്ലാത്ത സമയമല്ലേ, നട്ടോ, ഉറപ്പായും ഉണ്ടാവും. സഞ്ജനയും നസീബയും സംസാരിച്ചുനിൽക്കെ സുധർമ മെല്ലെ പച്ചക്കറികൾക്കിടയിലേക്കിറങ്ങി. കുറച്ച്‌ വെണ്ണീറുള്ളത്‌ വെണ്ടകളുടേയും, വഴുതനകളുടേയും ചോട്ടിലിട്ടു. രണ്ടു കുരുന്നു പാവയ്ക്ക കണ്ടതിന്‌ കൂടു കെട്ടിക്കൊടുത്തു. വെണ്ടയ്ക്കയും പയറും ഉള്ളത്‌ ഒടിച്ചെടുത്തു.

അലക്കും കുളിയും കഴിഞ്ഞു കയറി വന്നപ്പോഴെയ്ക്കും സഞ്ജന നിലവിളക്ക്‌ തുടച്ച്‌ തിരിയിട്ടിരുന്നു. യോഗാക്ളാസ്സു കൂടി കഴിഞ്ഞ്‌ ബാലചന്ദ്രൻ വീട്ടിലെത്തിയപ്പോൾ രാത്രിയായി. വീട്ടിൽ ടി. വി ഉപയോഗിക്കുന്നത്‌ അദ്ദേഹമാണ്‌. മറ്റുള്ളവർ എപ്പോഴെങ്കിലും ഒന്നു ഓൺ ചെയ്താലായി അത്രതന്നെ. ഏഷ്യാനെറ്റ്‌ പ്ളസ്സിൽ പെൺകരുത്ത്‌ എന്ന പ്രോഗ്രാം ആണ്‌.. അഞ്ചു സ്ത്രീകൾ അതിഥികളായി എത്തിയിട്ടുണ്ട്‌. അതിൽ ബസ്സ്‌ ഡ്രൈവറും, തെങ്ങുകയറ്റക്കാരിയും, പൈലറ്റുമുണ്ട്‌. ശേഷിക്കുന്നവർ കരാട്ടെ അധ്യാപികയും, പത്രപ്രവർത്തകയും! അഭിമുഖത്തിൽ എല്ലാവരും വിജയരഹസ്യം പ്രേക്ഷകരുമായി പങ്കുവച്ചു. സ്വന്തം കാൽ, ബെനിഫിറ്റ്‌, പുള്ളിക്കാരൻ, ഏണിംഗ്‌, പൊസ്സിഷൻ ഇങ്ങനെ ചില പദങ്ങൾ കൂടെക്കൂടെ കേൾക്കുന്നുണ്ട്‌. അദ്ദേഹം റിമോട്ടിൽ വിരലമർത്തി. ഡി.ഡി മലയാളത്തിൻ സുബ്ബലക്ഷ്മിയെപ്പറ്റി ഡോക്കുമെന്ററി! `കാറ്റ്‌റിനിലേ വരും ഗീതം .. മധുരമോഹന……..ഗീതം`. അടുക്കളയിൽ നിന്നും സുധർമ ഈ ഗാനവും കേട്ടുകൊണ്ടാണ്‌ വന്നത്‌. `അതു മാറ്റല്ലേ`. ഓടിവന്ന്‌ അവൾ സോഫയിലിരുന്നു. പാട്ടു തീരുംവരെ കണ്ണുകളടച്ച്‌ ധ്യാനത്തിലെന്നപോലെ ഒരൊറ്റയിരുപ്പായിരുന്നൂ സുധർമ. `ബാലേട്ടനു ചായ എടുക്കണോ?`. `വേണ്ട; ഇന്നിനി ചായ കുടിച്ചാ ഉറക്കം വരില്ല. നീ എന്താ ഇപ്പം യോഗാക്ളാസ്സിന്‌ വരാത്തതെന്ന്‌ എല്ലാവരും ചോദിച്ചു. ഇന്ന്‌ ശ്വസനക്രിയയ്ക്കും, ശവാസനത്തിനും ശേഷം എണീറ്റപ്പോൾ എന്തായിരുന്നൂ സുഖം!` അടുക്കളയിൽ ചപ്പാത്തിമാവു കുഴയ്ക്കുന്ന സുധർമയോട്‌ കുളികഴിഞ്ഞ്‌ എത്തിയ അദ്ദേഹം പറഞ്ഞു. `എന്റെ സത്യസ്ഥിതി പലവട്ടം ബാലേട്ടനോടു ഞാൻ പറഞ്ഞിട്ടില്ലേ? ശ്വസനക്രിയ തുടങ്ങി അഞ്ചു മിനിറ്റ്‌ കഴിയുമ്പോഴേക്കും ഞാൻ ഉറങ്ങും! ആരെങ്കിലും തല്ലിയുണർത്തീട്ടു വേണം എണീക്കാൻ. ക്രിയയ്ക്കു ചെന്ന എല്ലാദിവസവും ഇതാ അനുഭവം`. സുധർമ തുടർന്നു; `കഴിഞ്ഞ പ്രാവശ്യം തന്നെ യോഗയെന്നു പറഞ്ഞ്‌ എന്തൊക്കെ കാട്ടായമാ കാണിച്ചുകൂട്ടിയത്‌. സാങ്കൽപികമായി തുണിയലക്കുക, മുറ്റമടിച്ചുവാരുക, അരയ്ക്കുക, നിലം തുടയ്ക്കുക. ഇതൊക്കെ യഥാർത്ഥത്തിൽ ചെയ്തിട്ടാ വീട്ടീന്നവിടെയെത്തുന്നത്‌. രണ്ടുമിനിറ്റ്‌ എന്തെങ്കിലും കാട്ടുമ്പോഴേക്കും കുഴങ്ങും, ഇതൊക്കെ ആവശ്യമുള്ളവരുണ്ടാകാം. എനിക്കിതിന്റെ ആവശ്യമെന്തെന്ന്‌ ബാലേട്ടൻ പറ? എന്നെ ഇതിനൊന്നും ഇനി പ്രതീക്ഷിക്കേണ്ട`. ചപ്പാത്തി ദോശക്കല്ലിൽ ചുട്ടെടുക്കുന്ന പണി സഞ്ജു ഏറ്റെടുത്തു. സഞ്ജന കറിയുണ്ടാക്കുന്ന തിരക്കിലാണ്‌. ചുടാൻ രണ്ടു ചപ്പാത്തി ബാക്കിയിരിക്കെ കറണ്ട്‌ പോയി. ലോഡ്ഷെഡ്ഡിംഗ്‌! ഇൻവേർ‍്ട്ടർ വെയ്ക്കാമെന്ന്‌ ബാലചന്ദ്രൻ പല തവണ പറഞ്ഞതാ; സുധർമ യോജിച്ചില്ല. അവൾ പറയും; ഈ അരമണിക്കൂറാണ്‌ കുടുംബത്തിന്റെ ഒരു ദിവസത്തിലെ ഏറ്റവും വിലപ്പെട്ട സമയം. എല്ലാവരും സിറ്റൗട്ടിൽ വന്നിരുന്നു. വിശേഷങ്ങൾ പങ്കുവച്ചു തുടങ്ങി. വർത്തമാനമറിയാൻ ബോബിയും സമീപത്തെത്തി. സഞ്ജന അച്ഛന്റെ മടിയിലും, സഞ്ജു അമ്മയുടെ മടിയിലും തലവെച്ചു. `ബാലേട്ടാ, പറയാൻവിട്ടു; ഡെയ്സിയും ഞാനും ഇന്ന്‌ സ്നേഹാലയത്തിൽ പോയിരുന്നു. അടുത്ത ബുധനാഴ്ചയല്ലേ അച്ഛന്റെ ആണ്ട്‌, ബുധനാഴ്ചത്തെ ഭക്ഷണം നമ്മുടെ വകയാക്കണമെന്നു പറഞ്ഞ്‌ മൂവായിരം രൂപ അവിടെ ഏൽപിച്ചു. കാശ്‌ ഡെയ്സിയുടടുത്തൂന്ന്‌ കൂടി അഡ്ജസ്റ്റ്‌ ചെയ്താ കൊടുത്തത്‌; കുഴപ്പമില്ലല്ലോ?`. `കുഴപ്പമോ? ഞാൻ പറ്റെ മറന്നു പോയൊരു കാര്യം, നീയത്‌ ഓർത്തു ചെയ്തത്‌ അങ്ങേയറ്റം നന്നായി`. സഞ്ജന, സ്കൂളിലെ ചങ്ങാതി ആതിരയുടെ ഒരു വിശേഷം പറഞ്ഞു. തിരക്കുപിടിച്ച അടുക്കളപ്പണിയ്ക്കിടെ അമ്മ ആതിരയോട്‌ തൊടിയിൽ നിന്നൊരു കഷണം ഇഞ്ചി കിളച്ചു കൊണ്ടു ചെല്ലാൻ പറഞ്ഞു. ആതിര വേഗം അമ്മ പറഞ്ഞതനുസരിച്ചു. എന്നിട്ടും അമ്മ അവൾക്ക്‌ രണ്ടു തല്ലു കൊടുത്തു. മഞ്ഞളാണ്‌ അവൾ അമ്മയ്ക്ക്‌ കിളച്ചുകൊണ്ടു കൊടുത്തത്‌.

വെളിച്ചം വന്നതേ എല്ലാവരും ചപ്പാത്തിയും, സ്റ്റൂവും കഴിച്ചു. കറി രസമുണ്ടെന്നു പറഞ്ഞ്‌ ബാലചന്ദ്രൻ ഒരു ചപ്പാത്തി കൂടി വാങ്ങി. `സഞ്ജനേ, ഇനി അമ്മ കറി വെച്ചാൽ അച്ഛനും ഏട്ടനുമൊന്നും പറ്റാണ്ടാവുമെന്നാ തോന്നുന്നത്‌`. സുധർമ്മ മകളെ അനുമോദിച്ചു. കറിക്ക്‌ ആരും കുറ്റം പറയാഞ്ഞതു തന്നെ സഞ്ഞ്നയ്ക്ക്‌ വലിയ ക്രെഡിറ്റായിട്ട്‌ തോന്നി. ഭക്ഷണം കഴിഞ്ഞതേ രണ്ടു പേരും പോയി പഠനകാര്യങ്ങളിലേർപ്പെട്ടു .ബാലചന്ദ്രൻ വിശദമായ പത്രവായന തുടങ്ങി. `കൊല്ലത്തിൽ ഇനി നാലു ഗ്യാസ്‌ സിലണ്ടറേ കിട്ടൂ സുധർമേ`. സുധർമ അറിയേണ്ട കാര്യങ്ങൾ അദ്ദേഹം അവൾക്കുകൂടി കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വായിക്കും. അവൾക്ക്‌ പ്രത്യേകിച്ച്‌ പത്രം വായനയുടെ ആവശ്യം വരുന്നില്ല. `ഗ്യാസൊന്നും ഇല്ലാത്ത കാലത്തും മനുഷ്യൻ ജീവിച്ചില്ലേ?` പാത്രങ്ങൾ കഴുകി വെയ്ക്കുന്നതിനിടയ്ക്ക്‌ സുധർമ അഭിപ്രായപ്പെട്ടു. അരിയും, തേങ്ങയും മിക്സിയിൽ അരയ്ക്കുമ്പോൾ ശബ്ദം മൂലം ബാലേട്ടൻ വല്ലതും പറഞ്ഞെങ്കിൽക്കൂടി സുധർമ കേട്ടിട്ടില്ല. സുധർമ അടിച്ചുവാരാൻ ചൂലുമായി ഹാളിലെത്തിയപ്പോൾ ബാലേട്ടനെ അവിടെ കണ്ടില്ല! ബെഡ്‌റൂമിൽ ചെന്നു നോക്കി. `ൻഘാ, എന്തു പറ്റി ബാലേട്ടാ ഇത്ര നേരത്തേ? `എന്താണെന്നറിയില്ല , നെഞ്ചിന്റെ വലതുഭാഗത്തൊരു വേദന`.`അതു മിക്ക ദിവസങ്ങളിലുമുള്ളതല്ലേ?. `എന്നത്തേയും പോലല്ല സുധർമേ ഇത്‌, എനിക്ക്‌ തോന്നുന്നത്‌ ഈ കിടപ്പിൽത്തന്നെ എല്ലാം അവസാനിക്കുമെന്നാ`. `അതേയോ? എങ്കിൽ ബാലേട്ടനോളം ഭാഗ്യവാൻ വേറെ കാണില്ല`. `ഇത്ര ക്രൂരമായി സംസാരിക്കാൻ നിനക്കെങ്ങനെ കഴിയുന്നു?`. `ഞാമ്പറഞ്ഞതിലെന്താ ബാലേട്ടാ തകരാറ്‌? ജനിച്ച സ്ഥിതിക്ക്‌ മരണം ഉറപ്പ്‌! അത്‌ സാധാരണ ഉറക്കത്തിന്റെ ഭാഗമായിട്ടാണെങ്കിൽ അതിൽപ്പരം പരമാനന്ദം വേറുണ്ടോ! പിന്നെ ബാലേട്ടന്റെ ഭാര്യയായ ഞാൻ ജീവനോടെ ഒപ്പം ഉണ്ട്‌. ഭാര്യ ജീവനോടെ അരികിലിരിക്കെ മരിക്കാൻ കഴിയുകയെന്നത്‌ പുണ്യം ചെയ്ത പുരുഷന്മാർക്കു പറഞ്ഞിട്ടുള്ളതാ! എന്താ ബാലേട്ടാ, ശരിയല്ലേ? അരികിലിരുന്ന്‌ ഭർത്താവിന്റെ നെഞ്ചിൽ തലോടിക്കൊണ്ട്‌ സുധർമ ചോദിച്ചു. ‘ശരിയാകാം, എന്നാലും ഇങ്ങനൊക്കെ സംസാരിക്കാൻ നിനക്കെങ്ങനെ കഴിയൂന്നു?’.സഹതാപം എന്നിൽനിന്ന്‌ ബാലേട്ടൻ പ്രതീക്ഷിക്കുകയേ വേണ്ട, ഇപ്പോളെങ്ങനെ, നെഞ്ചുവേദനയ്ക്കു കുറവുണ്ടോ? ‘നീ തലോടുമ്പോൾ നല്ല കുറവുണ്ട്‌. ‘അതേയോ! അപ്പോൾ ഞാൻ പറഞ്ഞമാതിരി എന്നത്തേയും വേദന തന്നെ ഇന്നും’. ‘ഇപ്പം വേദനയൊക്കെ മാറി സുധർമേ , നീ ആ ചൂലൊക്കെ കൊണ്ടു വച്ചിട്ടു വാ ,നമുക്കു കിടക്കാം. ’അതു ശരി!, കുട്ടീടെ മനസ്സിലിരിപ്പ്‌ തീരെ ശരിയല്ലല്ലോ, ഞാൻ പറഞ്ഞിട്ടില്ലേ ബാലേട്ടാ ശരീരത്തിനും,മനസ്സിനും രണ്ടാൾക്കും, സുഖവും, സന്തോഷവുമൊക്കെ ഉള്ളപ്പോൾ ഇതൊക്കെ ഒരു രസമാ. അല്ലാതെ ഡെയ്‌ലിറൊട്ടീൻ മാതിരി ആയാൽ, സത്യം പറയാല്ലോ,ഒരു തരം മടുപ്പാ! മോൻ കിടന്ന്‌ ഉറങ്ങാൻ നോക്ക്. അടിച്ചുവാരൽ മാത്രമല്ല, എനിയ്ക്ക്‌ അത്യാവശ്യ ജോലി വേറേം ഉണ്ട്‌! സഞ്ജനയ്ക്ക്‌ നാളെ ഇട്ടോണ്ടു പോകാനുള്ള ചുരിദാർടോപ്പിന്റെ രണ്ടുകക്ഷത്തെയും തുന്നൽ വിട്ടതാ. അതു തുന്നണം‘. പുതപ്പ്‌ ഭർത്താവിനെ ശരിയ്ക്ക്‌ പുതപ്പിച്ചിട്ട്‌ സുധർമ സ്വന്തംജോലികൾ തുടർന്നു. ഒരു മടിയുമില്ലാതെ ഒരേ ജോലികൾ ഇത്ര ഭംഗിയായി ചെയ്യാൻ എങ്ങനെ ഇവളെക്കൊണ്ടു കഴിയുന്നു? ബാലചന്ദ്രൻ ആലോചിച്ചു. യോഗാക്ളാസ്സെടുക്കുന്ന സ്വാമിജിയുടെ വാക്കുകളും, സുധർമയുടെ പ്രവൃത്തിയും ഒന്നുതന്നെയല്ലേ? അതേ ഒന്നു തന്നെ. സുധർമ പറഞ്ഞപോലെ ഉറക്കം ശരിയായില്ലെങ്കിൽ നാളത്തെ ദിവസം പോക്കാ. അയാൾ ഉറക്കം വരുന്നതും കാത്ത്‌ കണ്ണടച്ചു കിടന്നു. അര മണിക്കൂർകഴിഞ്ഞുകാണും, സുധർമ വന്ന്‌ അരികിൽ കിടന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ സെക്കൻഡുകൾക്കകം അവൾ ഉറങ്ങി. ബാലചന്ദ്രൻ ഇനിയും ഉറങ്ങിയിട്ടില്ല. സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ അയാൾ സുധർമയുടെ മുഖം കണ്ടു. ശാന്തമായി ഉറങ്ങുന്ന നിഷ്കളങ്കയായ ഒരു കുഞ്ഞിന്റെ മുഖം! സാബുജി മുത്തനാട്ട്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!