Breaking News

കുഞ്ഞാലി പാറയിലേക്ക് ഒരു യാത്ര.

റണാകുളത്തു നിന്നും തൃശ്ശൂര്‍ വരെയുള്ള യാത്രക്കിടയില്‍ കൊടകരയില്‍ ഒരു ബുക്ക്‌ ഷോപ്പില്‍ ഒരു ബോര്‍ഡ്‌ കണ്ടു. “കൊടകരയുടെ പേര് ലോകപ്രശസ്തമാക്കിയ വിശാലമനസ്കന്റെ കൊടകര പുരാണം ഇവിടെ കിട്ടും“ എന്ന്. . അത് വാങ്ങാന്‍ കടയില്‍ ഇറങ്ങിയപ്പോഴാണ് ഓര്‍ത്തത്‌ , കൊടകരയില്‍ നിന്നും 6 കിലോമീറ്റര്‍ പോയാല്‍ കാണാന്‍ പറ്റിയ ഒരിടമുണ്ട്‌ എന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പല തവണ പോയ ഒരിടമാണ് എങ്കിലും ഒരു തവണ പോലും കയ്യില്‍ ഒരു ക്യാമറ ഇല്ലായിരുന്നു . ഇത്തവണ കയ്യില്‍ ക്യാമറ ഉണ്ട് , സഞ്ചരിക്കാന്‍ വണ്ടിയുണ്ട് , കൂടെ വരാന്‍ യാത്രയില്‍ തല്‍പരരായ ഭാര്യയും മക്കളും ഉണ്ട്. അങ്ങിനെയാണ് വിശാല മനസ്കന്റെ സ്വന്തം തട്ടകത്തിലെ , എന്നാല്‍ ആരും അധികം അറിയാത്ത ആ സുന്ദര സ്ഥലത്തേക്ക് ഞങ്ങള്‍ യാത്ര പുറപ്പെട്ടത്‌.

ഇനിയും കൊടകരയെക്കുറിച്ച് അധികംമൊന്നും അറിയാത്തവര്‍ക്കായി :- തൃശ്ശൂര്‍ എറണാകുളം നാഷണല്‍ ഹൈവേയില്‍ ഏകദേശം പതിനെട്ടു കിലോമീറ്റര്‍ യാത്രചെയ്താല്‍ എത്തുന്ന പ്രധാനപ്പെട്ട ഒരു സ്ഥലമാണ് കൊടകര. കൊടകരയില്‍ നിന്നും ഇടത്തോട്ടുള്ള റോഡില്‍ സഞ്ചരിച്ചാല്‍ വെള്ളികുളങ്ങര എന്ന സ്ഥലത്തും , വലത്തോട്ട് സഞ്ചരിച്ചാല്‍ ഇരിങ്ങലക്കുടയിലും എത്തും . കൊടകരക്കടുത്തു , കാണാന്‍ ഭംഗിയുള്ള രണ്ടു സ്ഥലങ്ങളാണ് ആറേശ്വരം അമ്പലവും പിന്നെ നമ്മള്‍ കാണാന്‍ പോകുന്ന ഈ കുഞ്ഞാലി പാറയും.

കുഞ്ഞാലി പാറയിലേക്ക്‌ രണ്ടു വഴികളിലൂടെ പോകാം . കൊടകരയില്‍ നിന്നും വെള്ളികുളങ്ങര റൂട്ടില്‍ ഏകദേശം എഴുകിലോമീറ്റര്‍ പോയി അവിട്ടപ്പിളി എന്ന സ്ടലത്തെത്തി, അവിടെ നിന്നും വലതു വശത്തെ ടാറിട്ട ചെറിയ പഞ്ചായത്ത് വഴിയിലൂടെ രണ്ടു കിലോമീറ്റര്‍ പോയാല്‍ കുഞ്ഞാലി പാറയായി. അല്ലെങ്കില്‍ അവിട്ടപ്പിളിയില്‍ നിന്നും കുറച്ചുകൂടി പോയാല്‍ എത്തുന്ന മൂന്നുമുറി എന്ന സ്ഥലത്ത് നിന്നും വലതു വശത്തെ റോഡിലൂടെ ഒന്നര കിലോമീറ്റര്‍ പോയാലും കുഞ്ഞാലി പാറയിലെത്താം . രണ്ടു വഴിയും ഏകദേശം ഒന്ന് പോലെതന്നെയാണ് . പരിചയം കൂടുതലുള്ള വഴിയായതിനാല്‍ രണ്ടാമത്തെ വഴിയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.16

കുഞ്ഞാലി പാറയിലേക്ക്‌ കയറാന്‍ അങ്ങിനെ പ്രത്യേകം വഴികളൊന്നും കണ്ടിട്ടില്ല ഇത് വരെ . പാറയുടെ താഴെ കുറച്ചു വീടുകള്‍ ഉണ്ട് . അവരുടെ പറമ്പിലൂടെ കയറിയാലും നല്ലവരായ നാട്ടുകാര്‍ ഒന്നും പറയില്ല . കുറച്ചു സ്ടലത്ത് റോഡിനു വീതി കുറവാണ് എന്നതിനാല്‍ കാറിലാണ് വരുന്നതെങ്കിൽ‍, ഒരു ചെറിയ കനാലിന്റെ കരയിലൂടെ അല്പം നടക്കേണ്ടി വരും പാറയുടെ അടിവശം എത്താന്‍ എന്ന് മാത്രം. ഏറ്റവും മുകളിലെ ഫോട്ടോയില്‍ കാണുന്ന കനാലിന്റെ കരയിലൂടെ ഒരു ചെറിയ മരപ്പാലവും കടന്നാണ് ഞങ്ങള്‍ പാറയിലേക്ക്‌ നടന്നു കയറിയത് .

ഏക്കറുകളിലായി പരന്നു കിടക്കുന്ന ഒരു വലിയ പാറയും, അതിന്റെ മുകളിലായി അടുക്കി വെച്ചിരിക്കുന്ന പോലെയുള്ള ചെറിയ പാറകൂട്ടങ്ങളും ആണ് ഇവിടത്തെ പ്രധാന കാഴ്ച . എത്ര ഏക്കര്‍ ഉണ്ട് എന്ന് കൃത്യമായി അറിയില്ല. ഈ പാറയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ കൊടകരയും അടുത്ത സ്ഥലങ്ങളും മുഴുവന്‍ കാണാം. പ്രശസ്ടമായ കനകമല പള്ളി ഈ പാറയുടെ എതിര്‍വശത്തെ കുന്നില്‍ മുകളിലാണ് .19

ഗവൺ‌മെന്റിന്റെ അധീനതയിലാണ് ഇപ്പോള്‍ ഈ സ്ഥലം.ഈ പാറ നില്‍ക്കുന്ന പഞ്ചായത്തിന്റെ പേര് മറ്റത്തൂര്‍ എന്നാണ്. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഇതിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ഉദ്ദേശിക്കുന്നതായി കേട്ടു. സത്യമാണോ എന്നറിയില്ല, പക്ഷെ ഈ വിവരം കാരണം ഇവിടങ്ങളിലെല്ലാം ഭൂമിയുടെ വില വളരെയധികം ഉയര്‍ന്നിട്ടുണ്ട് .

പതിനാറാം നൂറ്റാണ്ടില്‍ കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാമ വിക്രമന്റെ നാവിക പടയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍ അനുയായികളെ യുദ്ധമുറകള്‍ പഠിപ്പിക്കാനായി ഇവിടെ കൊണ്ടുവരികയും രഹസ്യമായി പരിശീലിപ്പിക്കുകയും ചെയ്തുവത്രേ. അങ്ങിനെയാണ് ഈ പാറക്കു കുഞ്ഞാലി പാറ എന്ന പേര് വീണതെന്ന് പഴയ ആളുകള്‍ പറയുന്നത് കേട്ടിടുണ്ട് . അതിനു അവര്‍ കാണിച്ചു തന്ന തെളിവുകളാണ് താഴത്തെ ഫോട്ടോയില്‍ കാണുന്ന പാറയിലെ പീരങ്കി വെടിയുടെയും മറ്റു യുദ്യോപകരങ്ങളുടെയും പാടുകള്‍ . കുഞ്ഞാലി പാറയില്‍ പലയിടത്തും ഇങ്ങനെയുള്ള പല അടയാളങ്ങളും കാണാം.4

അതുപോലെ തന്നെ പാറയുടെ മുകളില്‍ പല സ്ടലങ്ങളിലും ചെറിയ വെള്ളം നിറഞ്ഞ കുഴികള്‍ കാണാം. എത്ര വേനലില്‍ ചെന്നാലും അതില്‍ നിറയെ വെള്ളം കാണാം . കുഞ്ഞാലിയുടെ കുതിരകള്‍ക്കും മറ്റും വെള്ളം കൊടുക്കാനായി ഇതെല്ലം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പഴമക്കാര്‍ പറയുന്നു. ഈ കഥകളൊന്നും എനിക്ക് പൂര്‍ണമായി വിശ്വസിക്കുവാന്‍ പറ്റുന്നില്ല. കോഴിക്കോടുകാരന്‍ കുഞ്ഞാലി മരക്കാര്‍ ഇവിടെ പരിശീലിപ്പിക്കാന്‍ വന്നതിന്റെ ലോജിക് എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല .6

17

 കുഞ്ഞാലി പാറയുടെ ഒരു വശത്തായി ഒരു ഗുഹയുണ്ട് . ഏകദേശം പത്തുപേര്‍ക്ക് സുഗമായി താമസിക്കുവാന്‍ പറ്റുന്ന വലുപ്പമുള്ള ഗുഹയാണ് ഇത് . പണ്ട് അതിനുള്ളില്‍ കയറിയ ആളുകള്‍ പറഞ്ഞ കഥകള്‍ ആണിതെല്ലാം. ഇരുട്ടിനെയും അതിനേക്കാള്‍ ഇഴ ജന്തുക്കളെയും പേടിച്ചു മുന്‍പ് ഞാന്‍ ഇതുവരെ അതിന്റെ ഉള്ളില്‍ കടന്നിട്ടില്ല. ഇത്തവണ വന്നപ്പോള്‍ ആ ഗുഹാമുഖം എവിടെയാണ് എന്നുപോലും മനസ്സിലാകാത്തവിധത്തില്‍ കാട് പിടിച്ചു ആരും കയറാതെ കിടക്കുന്ന കാഴ്ചയാണ് കണ്ടത് .8

താഴെ കാണുന്ന പാറയുടെ അടിയിലും രണ്ടുപേര്‍ക്ക് സുഗമായി ഇരിക്കാം.പ്രതീക്ഷിക്കാതെ മഴ പെയ്താല്‍ കയറിനിൽക്കാന്‍ പ്രകൃതിയുടെ തന്നെ ഒരു സൃഷ്ടി . മൂന്നു പാറകള്‍ ചേര്‍ത്ത് വെച്ചിരിക്കുകയാണ് ..3

താഴെ കാണുന്ന പാറയുടെ പേരാണ് റോക്കറ്റ്‌ പാറ. പേര് കേട്ടിട്ട് അത് അടുത്തകാലത്ത് ഇട്ട പേരാണ് എന്ന് തോന്നുന്നു . ഈ പാറ എങ്ങിനെയാണ് ആ വലിയ പാറപ്പുറത്ത് ഇരിക്കുന്നത് എന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല . അതിനെ താഴേക്കു പോകാതെ പിടിച്ചു നിറുത്തുന്ന ശക്സ്തി എന്തായിരിക്കും ? അറിയില്ല.9

18

കുഞ്ഞാലി പാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ താഴെ കുഞ്ഞാലി പാറ ഭഗവതിയുടെ അമ്പലം കാണാം . മുകളിലെ റോക്കറ്റ് പാറയും മറ്റു പാറക്കല്ലുകളും താഴേക്ക്‌ വീണാല്‍ ഈ അമ്പലം തകര്‍ന്നു പോകും. പക്ഷെ ഇത്രയും വര്‍ഷങ്ങള്‍ ആയിട്ടും അങ്ങിനെയൊന്നും ഉണ്ടായിട്ടില്ലാ. അപ്പോള്‍ ഈ ഭാഗവതിയായിരിക്കുമോ ആ പാറകളെ താങ്ങി നിറുത്തുന്നത് ?14

ഈ പുല്ലിന്റെ പേര് എന്താണ് എന്നറിയില്ല ? പക്ഷെ അവിടെ നിറഞ്ഞു നില്‍ക്കുന്ന ഈ പുല്ലുകളുടെ ഉണങ്ങിയ വിത്തുകളോ (അതോ പൂക്കളോ) ഞാനുമുണ്ട് നിങ്ങളുടെ കൂടെ എന്നും പറഞ്ഞു നിങ്ങളുടെ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കും.
10

താഴെ കാണുന്ന പാറയുടെ പേരാണ് ആനപ്പാറ. അകലെ നിന്നും നോക്കിയാല്‍ ശരിക്കും ഒരു ആന നില്‍ക്കുകയാണ് എന്ന് തോന്നും . ആ വാലും തലയും കണ്ടാല്‍ ആരെങ്കിലും ആനയല്ല എന്ന് പറയുമോ ?

13മുകളിലെ ഫോട്ടോ കണ്ടില്ലേ ? എന്റെ സഹയാത്രികരുടെ. ഒരു വയസ്സുകാരന്‍ ആദിത്യനും നാല് വയസ്സുകാരന്‍ അഭിമന്യുവിനും ഇവിടം വളരെ ഇഷ്ടമായി. ഒരു തവണ കണ്ടാല്‍ നിങ്ങളും ഇഷ്ടപ്പെടും, ഈ കുഞ്ഞാലി പാറയെ.അടുത്ത തവണ യാത്രക്കിടയില്‍ കൊടകരയിലെത്തുമ്പോള്‍ നിങ്ങളറിയാതെ കുഞ്ഞാലി പാറയിലേക്കുള്ള വഴി ചോദിക്കും. എനിക്കുറപ്പാണ്.  എഴുതിയത്  : മധു മാമൻ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!