വാദ്യപ്രമാണത്തിനു പ്രണാമം; മറക്കില്ല, തിമിലയിലെ മധുരതാളങ്ങള്‍

പഞ്ചവാദ്യത്തിന്റെ ഇടക്കക്കലാശത്തിനു മുന്‍പു പരമേശ്വര മാരാര്‍ ഇടത്തോട്ടും വലത്തോട്ടും പലതവണ നോക്കും. ചിലപ്പോള്‍ നോട്ടം കടുത്തതാണെന്നു തോന്നും. ചുണ്ടിന്റെ കോണിലൊരു പുഞ്ചിരിയുണ്ടാകും. പിന്നെ ഒന്നും ചെയ്യാതെ കണ്ണടച്ചു നില്‍ക്കും. കൈ നീട്ടി രണ്ടു മൂന്നു തവണ താളം പിടിക്കും. അതു കഴിഞ്ഞാല്‍ ഒരടി മുന്നോട്ടു കയറിനിന്നു തിമിലയില്‍ താളങ്ങള്‍ പെരുക്കിത്തുടങ്ങും.

സാധാരണ പത്തോ പന്ത്രണ്ടോ കൂട്ടിക്കൊട്ടലില്‍ അവസാനിക്കാറുള്ള ഇടക്കലാശം പതിനാറുവരെ നീളുമ്പോള്‍ പഞ്ചവാദ്യത്തിന്റെ വൈദ്യുത തരംഗങ്ങള്‍ നടുവിലാല്‍ പന്തലിനു ചുറ്റും അലറിമറിയും. അതിനുള്ള മുന്നറിയിപ്പായിരുന്നു ആ നോട്ടം. സംഗീതസാന്ദ്രമായ പഞ്ചവാദ്യത്തിന്റെ അത്യപൂര്‍വമായ രൗദ്രനിമിഷങ്ങള്‍. പഞ്ചവാദ്യത്തിന്റെ കലാശങ്ങള്‍ ഇത്രയേറെ ജനകീയമാക്കിയ കൊട്ടുകാര്‍ കുറവാണ്.

പഞ്ചവാദ്യം പിറന്ന നാടെന്നു വിശേഷിപ്പിക്കാവുന്ന അന്നമനടയിലാണു പരമേശ്വരന്റെയും ജനനം. കുട്ടിക്കാലം മുതല്‍ പഞ്ചവാദ്യം കേട്ടു കൊതിച്ചു നടന്നു. സ്‌കൂളില്‍ അല്‍പം പിന്നിലായിരുന്നെങ്കിലും താളബോധത്തില്‍ മുന്നിലായി. അമ്പലത്തില്‍ അടിയന്തിരങ്ങള്‍ക്കു കൊട്ടിത്തുടങ്ങിയതോടെ 13-ാം വയസില്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു. 17-ാം വയസില്‍ പഠനം പൂര്‍ത്തിയാക്കി. പിന്നെ കുറേക്കാലം പല്ലാവൂരിനൊപ്പം. ജന്മം കൊണ്ടല്ലെങ്കിലും കര്‍മം കൊണ്ട് പല്ലാവൂര്‍ സഹോദരങ്ങളിലൊരാളെപ്പോലെയായി.

അന്നമനട പരമേശ്വരമാരാര്‍ ആദ്യമായി പൂരത്തിനു കൊട്ടുന്നത് 1972ലാണ്. 20ാം വയസില്‍. പഞ്ചവാദ്യം പഠിച്ചു തുടങ്ങിയ കാലം മുതല്‍ മനസില്‍ കാത്ത മോഹമായിരുന്നു പൂരത്തിന്റെ താളം. അന്ന് അന്നമനട അച്യുതമാരാരാണ് പ്രമാണം. ‘പിന്നീട് അനവധികാലം പൂരത്തിന് കൊട്ടിയപ്പോള്‍ പ്രമാണിയാകണമെന്നായി മോഹം. ഗുരുക്കന്മാരുടെയും അന്നമനട തേവരുടെയും അനുഗ്രഹം കൊണ്ട് അതു സാധിച്ചു. കഴിയുന്നത്ര കാലം പ്രമാണിത്വം നിലനിര്‍ത്തണമെന്നല്ലാതെ വലിയ മോഹങ്ങളില്ല’- ഒരിക്കല്‍ പരമേശ്വരമാരാര്‍ പറഞ്ഞു.

അന്നമനടയപ്പന്റെ പ്രസാദം

ഗ്രാമദേവനായ അന്നമനട മഹാദേവനു മുന്‍പില്‍ അരനൂറ്റാണ്ടിലേറെ പഞ്ചവാദ്യാഞ്ജലി അര്‍പ്പിച്ചതിന്റെ അനുഗ്രഹമാണ് അന്നമനട പരമേശ്വരമാരാരുടെ താളബോധം. അന്നമനടയപ്പന്റെ വരപ്രസാദമായി പല്ലാവൂര്‍ പുരസ്‌കാരവും തേടിയെത്തി. പഞ്ചവാദ്യത്തിന്റെ അനിര്‍വചനീയ സൗന്ദര്യം ആസ്വാദക ലോകത്തിനു പകര്‍ന്നുനല്‍കാന്‍ ജീവിതം സമര്‍പ്പിച്ച പരമേശ്വര മാരാര്‍ (ജൂനിയര്‍) നാടിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയതോടൊപ്പം ഗുരുക്കന്‍മാര്‍ പകര്‍ന്ന വരദാനത്തെ കെടാതെ സൂക്ഷിച്ചു.

തന്റെ ഗുരുനാഥന്‍ അന്നമനട പരമേശ്വര മാരാര്‍ (സീനിയര്‍) കലാമണ്ഡലത്തില്‍വച്ച് ചിട്ടപ്പെടുത്തിയ 1792 അക്ഷരകാലത്തിലുള്ള മുഴുനീള പഞ്ചവാദ്യത്തെ പതിറ്റാണ്ടുകള്‍ക്കുശേഷം പുനരാവിഷ്‌കരിച്ചു പതിറ്റാണ്ടിലേറെ അന്നമനട മഹാദേവസന്നിധിയില്‍ അവതരിപ്പിച്ചു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ആറാട്ടിനുള്ള പഞ്ചവാദ്യം അരനൂറ്റാണ്ടിലേറെ അവതരിപ്പിച്ച അദ്ദേഹം, വലിയവിളക്കിന്റെ തലേന്ന് നാട്ടുകാര്‍ക്കായി പ്രത്യേക പഞ്ചവാദ്യം അവതരിപ്പിച്ചും ശ്രദ്ധ നേടി. അന്നമനടയിലെത്തിയാല്‍ ഇദ്ദേഹം തനി നാട്ടുകാരനാകും. ക്ഷേത്രത്തിന്റെ എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നു. അതിവിപുലമായ സൗഹൃദവൃന്ദവും ഇവിടെയുണ്ട്.

പല്ലാവൂര്‍ ‘ബിരുദ’മുള്ള പ്രമാണി

പല്ലാവൂര്‍ ത്രയത്തിലെ മണിയന്‍ മാരാര്‍ക്കും കുഞ്ഞുക്കുട്ടന്‍ മാരാര്‍ക്കുമൊപ്പം ഒരേ വീട്ടില്‍ ഉണ്ടും ഉറങ്ങിയും കൊട്ടിയും ‘ബിരുദ’മെടുത്തയാളാണ് അന്നമനട പരമേശ്വര മാരാര്‍. കലാമണ്ഡലത്തിലെ പഞ്ചവാദ്യ പഠനത്തിനു ശേഷം പല്ലാവൂര്‍ സഹോദരങ്ങളുടെ വീട്ടില്‍ താമസിച്ച് മേളമഭ്യസിച്ച കാലത്തെ ‘ബിരുദപഠന’മെന്നാണു പരമേശ്വരന്‍ വിശേഷിപ്പിക്കുന്നത്.

മഠത്തില്‍ വരവിനു പ്രമാണം വഹിക്കാന്‍ പരമേശ്വര മാരാരുടെ വരവും പല്ലാവൂര്‍ താളങ്ങള്‍ക്കു തൊട്ടുപിന്നാലെയാണ്. പല്ലാവൂര്‍ മണിയന്‍ മാരാര്‍ക്കു ശേഷം മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനു നേതൃത്വം നല്‍കിയതു പല്ലാവൂര്‍ കുഞ്ഞുക്കുട്ടന്‍ മാരാരാണ്. അദ്ദേഹത്തിന്റെ മരണശേഷം പ്രമാണിയാകേണ്ടത് ആരെന്ന ചോദ്യമുയരും മുന്‍പേ ഉത്തരമായി അന്നമനട പരമേശ്വരന്റെ പേര് കുറിക്കപ്പെട്ടു.

‘പല്ലാവൂര്‍കാരുടെയൊപ്പം കാല്‍ നൂറ്റാണ്ട് പഞ്ചവാദ്യത്തിന് കൂടാന്‍ കഴിഞ്ഞതില്‍പ്പരം വലിയ ഭാഗ്യമില്ല. എന്നാല്‍ പഴയ ആചാര്യന്മാരുടെ കൂടെ മേളത്തില്‍ പങ്കുകൊണ്ടതാണ് ഏറ്റവും ആസ്വാദ്യകരമായ കാലം. തെറ്റിയാല്‍ തല്ലുകയും വഴക്കുപറയുകയും ചെയ്തിരുന്ന ആ ആചാര്യന്മാരുടെ ശിക്ഷണം മറക്കാനാവില്ല’- പരമേശ്വര മാരാര്‍ പറയുന്നു.

തൃശൂര്‍ പൂരത്തിനു പുറമെ നെന്മാറ-വല്ലങ്ങി വേല, ഉത്രാളിക്കാവ് പൂരം, പെരുവനം പൂരം, എറണാകുളം ശിവക്ഷേത്രം, ഗുരുവായൂര്‍ ദശമി, തൃപ്രയാര്‍ ഏകാദശി, പറക്കോട്ടുകാവ് വേല, അന്നമനട മഹാദേവക്ഷേത്രം, നെല്ലുവായ് ധന്വന്തരി ക്ഷേത്രം തുടങ്ങിയവിടങ്ങളിലെല്ലാം പഞ്ചവാദ്യത്തിന്റെ പ്രമാണിയായി പരമേശ്വര മാരാര്‍.

മുറിവുണക്കിയ വിസ്മയമേളം

വിരലിലെ മുറിവ് അന്നമനട പരമേശ്വര മാരാരുടെ കയ്യില്‍നിന്നു താളത്തെ കവര്‍ന്നെടുത്തത് ഒന്നര വര്‍ഷമാണ്. അന്നമനട ഇനി മടങ്ങി വരില്ലെന്നു നൊമ്പരത്തോടെ പലരും പറഞ്ഞു. പക്ഷേ, അന്നമനട പരമേശ്വരമാരാര്‍ എന്ന വാദ്യവിസ്മയം അന്നു പറഞ്ഞതിങ്ങനെ. ‘മൂന്നുവര്‍ഷം മാറിനിന്ന ശേഷം ഗുരുവായൂരില്‍ കളിച്ച് കലാമണ്ഡലം ഗോപിയാശാന്‍ വന്നതോര്‍മയില്ലേ? അവരൊക്കെയാണ് എന്റെ മനസ്സില്‍. 21 കൂട്ടിക്കൊട്ടുമായി അടുത്ത പൂരത്തിനു വരും. നമുക്കു മഠത്തിലും നടുവിലാലിലും കാണാം. ഇത്തവണ ഒന്നു മാറി നില്‍ക്കട്ടെ.’

ആയിരങ്ങളെ വിസ്മയങ്ങളുടെ വിരല്‍ത്തുമ്പില്‍ നിര്‍ത്തിയ അന്നമനട പരമേശ്വരമാരാര്‍ക്ക് 2015ലെ പൂരത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. കൊട്ടിന്റെ ലഹരിയില്‍ പരമേശ്വര മാരാര്‍ രോഗം മറന്നു. വിരല്‍ത്തുമ്പിലെ മുറിവ് പതുക്കെ വലുതായി. ഡോക്ടര്‍മാര്‍ പലവട്ടം പറഞ്ഞിട്ടും കൊട്ടുമായി യാത്ര തുടര്‍ന്നു. മുറിവു വലുതായതോടെ വിശ്രമം അനിവാര്യമായി. 2016ല്‍ മഠത്തില്‍ വരവിന് പഞ്ചവാദ്യ പാലാഴി തീര്‍ക്കാന്‍ അമരക്കാരനായി പരമേശ്വരമാരാര്‍ തിരിച്ചെത്തി.

പ്രമേഹം മൂലം ഒരിക്കലും കരിയാതെ വിരലില്‍ ‘മധുര’ നൊമ്പരമായി നിന്ന മുറിവ് വിസ്മയകരമായി കരിഞ്ഞു. വളാഞ്ചേരി തിരുവേഗപ്പുറത്തെ ചികില്‍സാ കേന്ദ്രത്തില്‍ ഒന്നര വര്‍ഷം നീണ്ട ചികില്‍സയ്‌ക്കൊടുവില്‍ മുറിവു കരിഞ്ഞു. പിന്നീട് പലയിടത്തും പഞ്ചവാദ്യത്തിനു വിളിച്ചു. അപ്പോഴൊക്കെ അന്നമനട ഒഴിവാക്കി. മനസ്സില്‍ പറഞ്ഞു: തൃശൂര്‍ പൂരം കൊണ്ടു തുടങ്ങാം.

പരിഷ്‌കാരങ്ങള്‍ക്കൊപ്പം പാരമ്പര്യവും അദ്ദേഹം മുറുകെപ്പിടിച്ചു. ‘പലരുടെയും തിമിലയില്‍ കെട്ടുന്നതു പ്ലാസ്റ്റിക്കാണ്. ശരിക്കുവേണ്ടതു തോലാണ്. തോലും തോലും കൂടിച്ചേരുമ്പോഴാണു താളം വരുന്നത്. തിമിലയില്‍ തോലെ പാടുള്ളൂ എന്നു സംഘാടകര്‍ പറയേണ്ട കാലമായി’. നാലര പതിറ്റാണ്ടോളം തിരുവമ്പാടിയുടെ വാദ്യത്തില്‍ പങ്കാളിയാവുകയും ഒരു പതിറ്റാണ്ടിലേറെ മഠത്തില്‍ വരവിന്റെ പ്രമാണിയാവുകയും ചെയ്ത പരമേശ്വര മാരാരുടെ വാക്കുകള്‍ക്ക് കനമേറെയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!