Breaking News

തുറക്കാനൊരുങ്ങി ബാറുകള്‍; തൂത്തുവാരി ജീവനക്കാര്‍.. പ്രതീക്ഷയില്‍ ബാറുടമകള്‍…

Apple
ഞങ്ങള്‍ റെഡി…..
ബാറുകളില്‍ മദ്യം പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളിലൂടെ ബിവറേജസ് കോര്‍പ്പറേഷന്റെ വിലയില്‍ പാഴ്സലായി വിതരണം ചെയ്യാമെന്ന അറിയിപ്പിനെത്തുടര്‍ന്ന് മാസങ്ങളായി പൂട്ടിക്കിടക്കുന്ന തൃശൂര്‍ജില്ലയിലെ കൊടകരയിലെ ബാറിലെ കൗണ്ടറിനുമുന്‍വശം വൃത്തിയാക്കുന്ന ജീവനക്കാര്‍…

കൊടകര: മദ്യശാലകള്‍ ഉടന്‍തന്നെ തുറക്കാനാവുമെന്ന പ്രതീക്ഷയില്‍ ബാറുകളില്‍ തയ്യാറെടുപ്പുകള്‍ സജീവം. പലയിടത്തും ബാറുകളോടുചേര്‍ന്ന പ്രത്യേകകൗണ്ടറുകള്‍ സജ്ജീകരിക്കുന്നതിന്റേയും ഉള്ളവ ശുചീകരിക്കുന്നതിന്റേയും തിരക്കിലാണ് ബാറുകള്‍. സംസ്ഥാനത്ത്മദ്യശാലകള്‍ തുറക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഉടന്‍തന്നെ ബാറുകളിലെ പ്രത്യേകകൗണ്ടര്‍ തുറന്ന് ബിവറേജ് കോര്‍പ്പറേഷന്റെ നിരക്കില്‍ മദ്യം പാഴ്സലായി നല്‍കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

കോവിഡ്മഹാമാരിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ഖജനാവില്‍ വരുമാനം സ്തംഭിച്ച സാഹചര്യത്തിലാണ് മദ്യഷാപ്പുകളെല്ലാം ഒരുമിച്ചു തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റുകള്‍,ബിവറേജസ് കോര്‍പ്പറേഷന്റെ എന്നിങ്ങനെ രണ്ടുതരത്തിലാണ് സംസ്ഥാനത്ത് മദ്യഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള 301 മദ്യശാലകളും ഒന്നിച്ചു തുറക്കാനുള്ള നടപടിക്കൊപ്പം ബാറുകളിലും പ്രത്യേകകൗണ്ടറിലൂടെ മദ്യംവിതരണം ചെയ്യാനാണ് സര്‍ക്കാര്‍ നിയമഭേദഗതി തയ്യാറാക്കിയിരിക്കുന്നത്. ബാര്‍ഹോട്ടലുകള്‍ ഉടനെ തുറക്കാനാവില്ലെങ്കിലും കണ്‍സ്യൂമര്‍ഫെഡിന്റേയും ബെവ്കോയുടേയും മദ്യശാലകള്‍ തുറക്കുമ്പോഴുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനോടനുബന്ധിച്ചുള്ള പ്രായോഗിക നടപടികളുടെ ഭാഗമായാണ് ബാറുകളിലെ പ്രത്യേകകൗണ്ടറിലൂടെ മദ്യം നല്‍കാനൊരുങ്ങുന്നതെന്നാണ് അധികൃതഭാഷ്യം.

സംസ്ഥാനത്തെ 955 ഓളം ബാറുകളിലെ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നല്‍കും. ഇതില്‍ 598 ബാറുകളും 357 ബിയര്‍വൈന്‍ഷോപ്പുകളുമാണ്. സര്‍ക്കാര്‍ മദ്യശാലകളിലും ബാറുകളിലും ഒരേനിരക്കില്‍ മദ്യവില്‍പ്പന തുടങ്ങിയാല്‍ അത് ബാറുകള്‍ക്കായിരിക്കും നേട്ടം.ബിവറേജസ് കോര്‍പ്പറേഷന്‍ പ്രിമീയം കൗണ്ടറുകള്‍ തുടങ്ങിയതോടെ അസ്തമിച്ച ബാറുകളുടെ മദ്യക്കച്ചവടം ഇതോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ബാറുടമകള്‍. ബിവറേജിനേക്കാള്‍ 40 ശതമാനം ലാഭത്തിലായിരുന്നു കഴിഞ്ഞകാലങ്ങളില്‍ ബാറുകളില്‍ മദ്യവില്‍പ്പന. ചില ബാറുകളിലാകട്ടെ അവിടത്തെ അടിസ്ഥാനസൗകര്യവും ആഢംഭരത്തവുമനുസരിച്ച് വില പിന്നേയും കൂട്ടിയിരുന്നു. 50 ശതമാനത്തിലധികം ലാഭത്തോടെ മദ്യം വിറ്റ ബാറുകളുമുണ്ട്. ഇത്തരത്തില്‍ ബിവറേജുകളിലേതിനേക്കാള്‍ മദ്യവില ബാറുകളില്‍ വളരെ കൂടുതലായതിനാല്‍ കിലോമീറ്ററുകള്‍ യാത്രചെയ്തും മദ്യപന്‍മാര്‍ ബിവറേജ് ഔട്ട്ലെറ്റുകളിലെത്തി വലിയ ക്യൂവില്‍നിന്നും മദ്യം വാങ്ങിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ജംഗ്ഷനില്‍ ബാറില്‍നിന്നും സര്‍ക്കാര്‍നിരക്കില്‍തന്നെ മദ്യം കിട്ടുമ്പോള്‍ അകലെയുള്ള ബിവറേജ് തേടി പോയി ക്യൂനില്‍ക്കേണ്ട ആവശ്യമില്ല.

മദ്യത്തിന്റെ വില 35 ശതമാനവും ബിയര്‍വൈനിന്റേത് 10 ശതമാനവും വര്‍ധിപ്പിച്ചായിരിക്കും മദ്യശാലകള്‍ തുറക്കുക. 2018 ലെ പ്രളയകാലത്തും മദ്യത്തിന് വില വര്‍ധിപ്പിച്ച് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ബിവറേജസിന്റെ വില്‍പ്പനശാലകളേക്കാളും സൗകര്യപ്രദമായി ബാറുകളില്‍ വില്‍പ്പന സജ്ജമാക്കാനാവും. അതുകൊണ്ടുതന്നെ ആവശ്യക്കാര്‍ കൂടുതലും ബാറുകളിലേക്ക് നീങ്ങും.ഒരാള്‍ക്ക് അഞ്ചുദിവസത്തിലൊരിക്കല്‍ പരമാവധി 3 ലിറ്റര്‍ മദ്യം മാത്രമേ വാങ്ങാനാവൂ.എങ്ങിനെയായാലും ബാറുകളിലൂടെ പാഴ്സലായി മദ്യം വിതരണം ചെയ്യുമ്പോള്‍ പൊതുമേഖലാ സ്ഥാപനമായ ബിവറേജസിന് അത് വന്‍ നഷ്ടമാകുമെന്നതിനു സംശയമില്ല.
കൊടകര ഉണ്ണി

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery