Breaking News

സുരേന്ദ്രന്റെ നിര്യാണം കൊടകരക്കു തീരാനഷ്ടം

കൊടകര: സഹായമഭ്യര്‍ഥിച്ചു വരുന്നവരെ ഒരിക്കലും വെറും കയ്യോടെ മടക്കിയയക്കാത്ത മനുഷ്യസ്നേഹിയായിരുന്നു ഇന്നലെ അന്തരിച്ച മനക്കുളങ്ങര കാടുവെട്ടി സുരേന്ദ്രന്‍. വര്‍ഷങ്ങളോളം ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയിലായിരുന്ന ഇദ്ദേഹം രണ്ടുപതിറ്റാണ്ടുമുമ്പാണ് ജോലി ഉപേക്ഷിച്ച് കൊടകരയിലെത്തി നാട്ടിലെ സാമൂഹിക സാംസ്‌കാരികരംഗത്തു സജീവമായത്. വൈകുണ്ഡം സ്റ്റീല്‍ ആന്റ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമയായിരിക്കുമ്പോള്‍തന്നെ നാടിന്റെ സ്പന്ദനമായേക്കാവുന്ന ഒട്ടനവധി വിഷയങ്ങളില്‍ കാടുവെട്ടി സുരേന്ദ്രന്റെ കയ്യൊപ്പുണ്ടായിരുന്നു.

ശ്രീനാരായണ ധര്‍മപരിപാലനയോഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹം കൊടകര മേഖലയിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യാപാരികള്‍ കര്‍ഷകര്‍ തുടങ്ങി വിവിധമേഖലയിലുള്ളവരുമായി സൗഹൃദം കാത്തുസൂക്ഷിക്കുകയും നല്ലകാര്യങ്ങളില്‍ എന്നും കൂടെ നില്‍ക്കുകയും ചെയ്തു. വര്‍ഷംതോറും ചിങ്ങം 1 ന് കര്‍ഷകദിനാചരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്നു. ഏറെക്കാലം മനക്കുളങ്ങര ലയണ്‍സ് ക്ലബിന്റെ പ്രസിഡണ്ടായിരുന്നു.

ആലത്തൂര്‍ എല്‍.പി സ്‌കൂളിന്റെ ഉയര്‍ച്ചക്കു പുറകില്‍ സുരേന്ദ്രന്റെ പങ്ക് ഏറെ വലുതാണ്. വിദേശത്തുനിന്നെത്തി വിദ്യാലയസമിതിയുടെ സെക്രട്ടറി സ്ഥാനമേറ്റെടുക്കുകയും അടുക്കുംചിട്ടയുമാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വക്കുകയും ചെയ്തത് വിദ്യാലയത്തിന് മുതല്‍ക്കൂട്ടായി. മാത്രമല്ല സ്‌കൂളിന്റെ വികസനത്തിനായി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുകയും സമയവും സമ്പത്തും കണ്ടെത്തുകയും ചെയ്തു. സൂക്ഷ്മവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളിലൂടെ കൊടകരയുടെ വിവിധരംഗത്ത് നിറസാന്നിധ്യമായിരുന്ന സുരേന്ദ്രസ്പര്‍ശം അറിഞ്ഞവരാണ് കൊടകരയിലെ നാട്ടുകാര്‍. ഇദ്ദേഹത്തിന്റെ വിയോഗം കൊടകരക്കും സമീപവാസികള്‍ക്കും തീരാനഷ്ടമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!