ശിക്ഷണം കൊടകരയില്‍; ശിഷ്യര്‍ കാനഡയിലും ഫുജൈറയിലും

കൊടകരയിലെ വീട്ടിലിരുന്ന് ബോട്ടിമിലൂടെ ഫുജൈറയിലെ ലിജോക്ക് പഞ്ചാരിയുടെ പാഠങ്ങള്‍ പകരുന്ന കൊടകര ഉണ്ണി

കൊടകര: മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടെ ചെമ്പടവട്ടങ്ങള്‍ കാനഡയിലെ ആല്‍ബര്‍ട്ടയിലും യു.എ.യിലെ ഫുജൈറയിലുമുള്ള ശിഷ്യര്‍ക്ക് കൊടകരയിലെ വീട്ടിലിരുന്ന് പകര്‍ന്നു നല്‍കുകയാണ് കൊടകര ഉണ്ണി എന്ന മേളകലാകാരന്‍. കര്‍ക്കടകമഴ കനത്തുപെയ്യുമ്പോള്‍ കൈസാധകം മുറുകേണ്ട ഈ നാളുകളില്‍ പഞ്ചാരിയുടെ അക്ഷരകാലങ്ങളെ ഓണ്‍ലൈനിലൂടെ ഏഴാംകടലിനക്കരെയുള്ള ശിഷ്യര്‍ക്ക് പകര്‍ന്നുനല്‍കുകയാണ് കൊറോണ മഹാമാരിയില്‍ കഴിഞ്ഞ സീസണില്‍ ഉത്സവങ്ങള്‍ ഉപേക്ഷിച്ചതോടെ ദുരിതക്കയത്തിലായ വാദ്യകലാകാരന്‍മാരുടെ പ്രതിനിധിയായ ഈ 47 കാരന്‍.

എണ്‍പതിലധികം ബാച്ചുകളിലായി 1500 ലധികം പേര്‍ക്ക് പഞ്ചാരിയുടെ താളവട്ടങ്ങള്‍ നല്‍കിയ ഉണ്ണി നാട്ടിലെ വിവിധക്ഷേത്രസങ്കേതങ്ങളും കലാസംഘടനകളും കേന്ദ്രീകരിച്ചായിരുന്നു പരിശീലിപ്പിച്ചിരുന്നത്. ശുദ്ധപഞ്ചാരിയുടെ കണക്കും കാലങ്ങളും കോല്‍പെരുക്കങ്ങളും ഉണ്ണിയില്‍നിന്നും അഭ്യസിച്ചവരില്‍ 7 വയസ്സുകാര്‍ മുതല്‍ സപ്തതി പിന്നിട്ടവര്‍ വരെയുണ്ട്.

എന്‍ജീനീയറിംഗ് വിദ്യാര്‍ഥികളും റിട്ട.അധ്യാപകരുമൊക്കെ ഉണ്ണിയുടെ ശിക്ഷണത്തില്‍ മേളകലയെ അടുത്തറിഞ്ഞു. വളയിട്ട കൈകളിലും വാദ്യപ്പെരുക്കം വഴങ്ങുമെന്ന് പത്തോളം വരുന്ന വനിതാശിഷ്യരിലൂടെ ഉണ്ണി തെളിയിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും കുട്ടികളെ മേളം അഭ്യസിപ്പിച്ചു.ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ 13 ഓളം പേരെ സ്‌കൈപ്പിലൂടെ പഞ്ചാരി പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് അവര്‍ക്ക് അവിടെ ഒന്നിച്ചിരുന്നു പഠിക്കാനുള്ള ബുദ്ധിമുട്ടുകള്‍ കാരണം താല്‍ക്കാലികമായി മെല്‍ബണിലെ ക്ലാസ്സുകള്‍ നിര്‍ത്തിവച്ചിരിക്കയാണ്. എന്നാല്‍ കൊറോണയുടെ നാളുകളില്‍ ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഫുജൈറയിലെ ലിജോജോസിനും കാനഡയിലെ കൃഷ്ണദാസിനും പുതിയ ബാച്ചുകള്‍ ആരംഭിച്ചത്.

യഥാക്രമം ബോട്ടിം ആപ്പിലും വാട്ട്‌സ് ആപ്പിലൂടെയുമാണ് ക്ലാസ്സുകള്‍ നല്‍കുന്നത്. രണ്ടുപേരും മലയാളികളാണ്. കല്ലേറ്റുംകര മാനാട്ടുകുന്ന് സ്വദേശിയായ കൃഷ്ണദാസ് എക്സിക്യൂട്ടീവ് ചെഫ് ആയും മാപ്രാണം സ്വദേശിയായ ലിജോ വെബ് ഗ്രാഫിക് ഡിസൈനറായും ജോലി ചെയ്യുകയാണ്. ലിജോക്ക് പഞ്ചാരിയുടെ പതികാലം കഴിഞ്ഞ് ഇപ്പോള്‍ രണ്ടാംകാലത്തിലെ ഉരുളുകോല്‍ കൊട്ടിക്കഴിഞ്ഞു. മൂന്നാം കാലം മുതല്‍ പഠനം തുടങ്ങിയ കൃഷ്ണദാസിനാകട്ടെ തകിട്ടകാലവും കുഴമറിഞ്ഞകാലവും കഴിഞ്ഞ് വക്രം കൊട്ടി കലാശിപ്പിച്ച് ഇപ്പോള്‍ നാലാം കാലമാണ് പരിശീലിക്കുന്നത്.

വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ മേളകലാസംഗീതസമിതിയുടെ സ്ഥാപക സെക്രട്ടറികൂടിയായ ഉണ്ണി വാദനകലയുടെ സാധക രീതികള്‍, വാദ്യകലയിലെ നാദനക്ഷത്രങ്ങള്‍ എന്നീ പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ്. ആനുകാലികങ്ങളില്‍ നൂറുകണക്കിനു കലാലേഖനങ്ങളെഴുതിയിട്ടുള്ള ഉണ്ണി ഈ കൊറോണക്കാലത്ത് മുപ്പത്തോളം കവിതകളും എഴുതിയിട്ടുണ്ട്. ശിഷ്യന്‍മാരുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷം മുമ്പ് ഉണ്ണിയെ ‘സഹസ്രാദരം’ എന്ന പേരില്‍ ജന്മനാട്ടില്‍ ആദരിക്കുകയുണ്ടായി.

കൊറോണക്കാലമാണെങ്കിലും ഇക്കുറി ഓണത്തോടനുബന്ധിച്ച് ഉണ്ണി എഴുതി ഹരികൃഷ്ണ.എം ഈണംപകര്‍ന്ന് ആലപിച്ച പഞ്ചാരി ക്രിയേഷന്‍സിന്റെ ഓണപ്പാട്ട് ആല്‍ബം 29 ന് പുറത്തിറങ്ങും. കൊടകര കാവുംതറ തെക്കേടത്ത് വീട്ടില്‍ നാരായണന്‍നായരുടേയും കളങ്ങര അമ്മിണിയമ്മയുടേയും മകനാണ ഉണ്ണി. ഭാര്യ: പ്രിയ. മക്കള്‍ : അഭിഷേക്, അഭിനവ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!