Breaking News

വായനയുടെ വസന്തം തീര്‍ത്ത് കൊടകരയിലെ കേന്ദ്രഗ്രന്ഥശാല

കൊടകര:   ഇരുപത്തയ്യായിരം പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലും 18000 ഗ്രന്ഥങ്ങള്‍ പുസ്തകരൂപത്തിലും ശേഖരിച്ചിട്ടുള്ള ജില്ലയിലെ അപൂര്‍വം വായനശാലകളില്‍ ഒന്നാണ് കൊടകരയിലെ കേന്ദ്രഗ്രന്ഥശാല. ലോകക്ലാസിക് കൃതികള്‍ അന്വേഷിച്ച് ഇവിടെയെത്തുന്ന വായനക്കാരന് വായനയുടെ വസന്തം സമ്മാനിക്കുന്ന അറിവിന്റെ കേദാരം.

ഇന്റര്‍നെറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത ഗ്രന്ഥങ്ങളില്‍ കേരളസാഹിത്യഅക്കാദമിയുടെ മലയാളകൃതികളും ഉണ്ട്. വായന സാധ്യമാകുന്നതോടൊപ്പംതന്നെ ആവശ്യമായ പുസ്തകങ്ങള്‍ ആവശ്യക്കാര്‍ക്ക് പെന്‍ഡ്രൈവിലോ മറ്റോ പകര്‍ത്തിയെടുക്കാനും ഇവിടെ സാധിക്കുന്നു. വായിച്ച പുസ്തകത്തെക്കുറിച്ച് കുൂടുതല്‍ അറിയാനുള്ള ബിബ്ളിയോട്രാഫി സംവിധാനം കൊടകരയിലെ ഈ വായനാകേന്ദ്രത്തെ വ്യത്യസ്തമാക്കുന്നു. എഴുത്തുകാരനെക്കുറിച്ചും കൃതികളെ കുറിച്ചും ആനുകാലികങ്ങളില്‍വന്ന ലേഖനങ്ങളെക്കുറിച്ചുള്ള സൂചികകള്‍ ഇവിടെ തയ്യാറാക്കുന്നുണ്ട്.

മാസികാശേഖരവും സൗജന്യവൈഫൈ,ഇ-സേവനകേന്ദ്രം, പഠനക്കുറിപ്പുകളുടെ ഡോക്യുമെന്റേഷന്‍, എന്നിവക്കുപുറമേ പി.എസ്.സി പഠനക്കൂട്ടായ്മയും ഗ്രന്ഥശാലയില്‍ സജീവമാണ്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലമായി കൊടകരയുടെ സാംസ്‌കാരിക മുഖമാണ് ഈ അക്ഷര കേന്ദ്രം..കൊടകര കമ്യൂണിറ്റി ഹാളിന്റെ പരിസരത്തുള്ള കെട്ടിടത്തില്‍ താഴെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥശാല വര്‍ഷങ്ങളായി കൂടുതല്‍ സൗകര്യപ്രദമായ മുകള്‍ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. അംഗങ്ങള്‍ക്ക് ഗ്രന്ഥശാലയിലേക്ക് പ്രവേശനമില്ലാതെ കൊടുക്കുന്ന പുസ്തകം കൊണ്ടുപോകുന്ന രീതിയാണ് ഇവിടെ മുന്‍പ്് അനുവര്‍ത്തിച്ചിരുന്നത് .എന്നാല്‍ വര്‍ഷങ്ങളായി മുഴുവന്‍ അംഗങ്ങള്‍ക്കും ഗ്രന്ഥശാലയില്‍ കടന്നുവന്ന് ഇഷ്ടപെട്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.അംഗങ്ങള്‍ക്ക് അഭിരുചിക്കനുസരിച്ച് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഡൂയി ഡെസിമല്‍ ക്ലാസിഫിക്കേഷന്‍ പദ്ധതി പ്രകാരം പുസ്തകങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. .

വിഷയാടിസ്ഥാനത്തില്‍ നാല്പതോളം വിഭാഗങ്ങളിലായി 18000 ത്തില്‍പരം പുസ്തകങ്ങള്‍ ഇപ്പോള്‍ ഗ്രന്ഥശാലയില്‍ ഉണ്ട് . പി എസ് സി റാങ്ക് ഫയലുകളും സിവില്‍ സര്‍വീസ് പഠന ഗ്രന്ഥങ്ങളും അടക്കം മികച്ച റഫറന്‍സ് വിഭാഗവും ഉണ്ട് . മുവ്വായിരത്തോളം അംഗങ്ങളാല്‍ വായനശാല സമ്പന്നമാണ് .ജില്ലയിലെ ആദ്യത്തെ വൈഫൈ ഗ്രന്ഥശാലയായി മാതൃക യായത് കൊടകര ഗ്രാമ പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയാണ്. സൗജന്യ ഇന്റര്‍നെറ്റ് സംവിധാനവും ഇവിടെയുണ്ട്. വിജ്ഞാനപ്രദമായ സി ഡി ലൈബ്രറിയും, ഇരുപതിനായിരത്തില്‍ പരം ലോക ക്ലാസിക് കൃതികളും ,അപൂര്‍വ സംസ്‌കൃത ഗ്രന്ഥങ്ങളുമടങ്ങിയ ഡിജിറ്റല്‍ ലൈബ്രറിയും ഇവിടുത്തെ സവിശേഷതയാണ്

.പലയിടങ്ങളില്‍ നിന്നാണ്   ഡിജിറ്റല്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിച്ചത് .സാംസ്‌കാരിക സമന്വയം പദ്ധതിയിലൂടെ കേന്ദ്രഗ്രന്ഥശാലയില്‍  പുസ്തകചര്‍ച്ചകള്‍, എഴുത്തുകാരുമായുള്ള മുഖാമുഖം ,കവിപരിചയം ,വേനല്‍ പച്ച സഹവാസ ക്യാമ്പ് ,കവിതപൂക്കളം ,തപാല്‍ ദിനത്തില്‍ കത്തെഴുതല്‍ ,നാടകരാവ് ,ചലച്ചിത്രമേള ,കയ്യെഴുത്തുമാസിക പ്രകാശനം ,അനുസ്മരണങ്ങള്‍ ,ലോകജലദിനം, സ്മൃതിസായാഹ്നം , പുസ്തകോത്സവം,മഴകവിതകളുടെ ആലാപനം എന്നിവയൊക്ക ഈ കാലയളവില്‍ ഇവിടെ നടന്ന വേറിട്ട പരിപാടികളാണ്.

ഗ്രന്ഥശാലക്കുള്ളില്‍ മണ്‍മറഞ്ഞ കവികളുടെ കവിതകുറിപ്പുകളടങ്ങിയ ഛായാചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.  കൊടകരയിലെ ചിത്രകാരന്മാരുടെ കലാസൃഷ്ടികള്‍ കൊണ്ട് റീഡിംഗ് റൂമില്‍ ആര്‍ട്ട് ഗ്യാലറി ഒരുക്കുകയും വായനാ സൂക്തങ്ങളാല്‍ ഭിത്തികള്‍ അലങ്കരിച്ചിരിക്കുന്നതും കൊടകരയിലെ വായനശാലയുടെ പ്രത്യേകതയാണ്.
വായനയെ പ്രോത്സാഹിപ്പിക്കാന്‍  ഇവിടെ സംഘടിപ്പിച്ച വായനാചലഞ്ച് വായനക്കാര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. ഒരു വിദ്യാലയത്തിലെ എല്ലാ കുട്ടികളും, അധ്യാപകരും , ജീവനക്കാരും വയനശാലയില്‍ അംഗങ്ങളാകുന്ന കേരളത്തിലെ ആദ്യ ഗ്രന്ഥശാല ഒരുപക്ഷേ ഇതായിരിക്കും.

ലോക്ഡൗണ്‍ കാലത്ത് ഇവിടെ നടത്തിയ ഓണ്‍ലൈന്‍ സര്‍ഗസദസ്സും ഏറെ വൈറലായിരുന്നു. കേന്ദ്ര ഗ്രന്ഥശാലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാവേദി, ബാലവേദി, വയോജനവേദി എന്നിവയുടെ ആഭിമുഖ്യത്തിലും പ്രതിമാസ പരിപാടികള്‍ നടത്തിവരുന്നു. കേന്ദ്ര ഗ്രന്ഥശായില്‍ പ്രവര്‍ത്തിക്കുന്ന പി എസ് സി പരീക്ഷ പഠന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിശീലന ക്ലാസ്സുകളും മാതൃക പരീക്ഷകളും ഒട്ടനവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി. കൂട്ടായ്മയില്‍ ചേര്‍ന്ന് പഠനം നടത്തിയതിന്റെ ഭാഗമായി ഇരുപതോളം പേരാണ് സര്‍ക്കാര്‍ സര്‍വീസില്‍ വിവിധ ജോലികളില്‍ പ്രവേശിച്ചത്.

പുസ്തക അന്വേഷണത്തിന് പുറമെ വിവിധ പൊതു അറിവുകള്‍ തേടി വരുന്നവര്‍ക്ക് അത് ലഭ്യമാകുന്ന രീതിയിലുള്ള ന്യൂസ് പേപ്പര്‍ ക്ലിപ്പിംഗ് സര്‍വീസ് എന്ന ഡോക്യുമെന്റ് സംവിധാനം ഇവിടെയുണ്ട്. വിവിധ ആനുകാലികങ്ങളുടെ പഴയ ലക്കങ്ങള്‍ സമാഹരിച്ചു ലൈബ്രറിയില്‍ രൂപീകരിച്ച മാസിക ശേഖരം കേന്ദ്ര ഗ്രന്ഥ ശാലയിലെത്തുന്നവര്‍ക്ക് ഏറെ ഗുണകരമാണ്.

കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!