Breaking News

അമ്പലക്കുളത്തിലെ മീനൂട്ടിന് ഇനി പ്രകാശനുണ്ടാകില്ല

കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രക്കുളത്തില്‍ മീനുകള്‍ക്ക് ഭക്ഷണം നല്‍കുന്ന പ്രകാശന്‍(ഫയല്‍ചിത്രം)

കൊടകര :  അമ്പലക്കുളത്തിലെ മീനുകള്‍ക്ക് പ്രഭാതഭക്ഷണവുമായി ഇനി പ്രകാശനെത്തില്ല. നിത്യവും പുലര്‍ച്ചെ പ്രകാശന്റെ കാല്‍പ്പെരുമാറ്റം ശ്രവിച്ച് കല്‍പ്പടവിലണയുന്ന മീനുകള്‍ക്ക് നിരാശയാകും ഫലം.തിങ്കളാഴ്ച  ഉച്ചതിരിഞ്ഞ് കൊടകര ടെലിഫോണ്‍ എക്‌സചേഞ്ചിനുസമീപത്തെ കിണറ്റില്‍ വീണ്  പ്രകാശന്‍ മരിച്ചു.

ക്ഷേത്രകുളത്തിലെ മീനുകള്‍ക്ക് മുടങ്ങാതെ ഭക്ഷണം നല്‍കി സഹജീവി സ്‌നേഹത്തിന്റെ  ഉദാത്ത മാതൃക തീര്‍ത്തിരുന്ന കൊടകര കാവില്‍ തെക്കേമഠത്തില്‍ പ്രകാശനെക്കുറിച്ച് കഴിഞ്ഞദിവസം  നമ്മുടെ കൊടകരയില്‍ വാര്‍ത്ത നല്‍കിയിരുന്നു.    കൊടകര പൂനിലാര്‍കാവ് ഭഗവതി ക്ഷേത്രം വക കുളത്തിലെ മീനുകള്‍ക്കാണ്   ദിവസവും തീറ്റ നല്‍കി പ്രകാശന്‍ കരുതലൊരുക്കിയിരുന്നത്.
പ്രകാശന്‍ ചെറുപ്പം മുതലേ ക്ഷേത്രക്കുളത്തിലാണ് രാവിലെ കുളിച്ചിരുന്നത്. കുളത്തിലിറങ്ങിയാല്‍ ചുറ്റും പൊതിയുന്ന മീനുകളോട് എപ്പോഴോ പ്രകാശന് വാല്‍സല്യം തോന്നി. അങ്ങനെയാണ് ആദ്യം മീനുകള്‍ക്ക് ഭക്ഷിക്കാനായി  പഴം ഇട്ടുകൊടുത്തത്. പിന്നീട് എന്നും രാവിലെ കുളിക്കാന്‍ പോകുമ്പോള്‍  റോബസ്റ്റ് ഇനത്തില്‍ പെട്ട പഴം കയ്യില്‍ കരുതും. പ്രകാശന്റെ സാന്നിധ്യംഅറിയുമ്പേഴേക്കും  കടവിലേക്ക് വെള്ളത്തിനു മീതെ കൂടി കുതിച്ചെത്തുന്ന മീനുകള്‍ക്ക് പഴം നുറുക്ക് വിതറി കൊടുക്കുന്നത് പതിവായി. പഴത്തിനു പുറമെ ബ്രഡ്, ബിസ്‌ക്കറ്റ്  എന്നിവയും ഓരോ ദിവസവും മാറി മാറി മീനുകള്‍ക്ക് നല്‍കാന്‍ തുടങ്ങി. ചില ദിവസങ്ങളില്‍ ഇഢലിയാണ് നല്‍കാറ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുളത്തിലെ മീനുകള്‍ക്ക് ഇങ്ങനെ മുടങ്ങാതെ തീറ്റ നല്‍കി വരികയായിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായി ലോക്ഡൗണില്‍ കടകള്‍ അടച്ചിട്ടപ്പോഴും പ്രകാശന്‍ മീനൂട്ട് മുടക്കിയില്ല. പരിചയക്കാരായ കടയുടമകളില്‍ നിന്ന്  മീനുകള്‍ക്കാവശ്യമായ ആഹാരം വാങ്ങിയാണ് എന്നും രാവിലെ പ്രകാശന്‍ കുളക്കടവിലെത്തിയിരുന്നത്. ഇന്നലേയും രാവിലെ പ്രകാശന്‍ കടവിലെത്തി മീനൂട്ട് നടത്തി.  നിരവധി പേര്‍ കുളത്തില്‍ കുളിക്കാനെത്തുന്നുണ്ടെങ്കിലും പ്രകാശന്‍ എത്തുമ്പോള്‍ മീനുകള്‍ കൂട്ടത്തോടെ കുതിച്ചു ചാടുമായിരുന്നു. മീനുകളുടെ ഈ സ്‌നേഹം നല്‍കുന്ന ഊര്‍ജ്ജമാണ് പ്രകാശന്റെ  പ്രഭാതങ്ങളെ സന്തോഷഭരിതമാക്കിയിരുന്നത്. അമ്പത്തിരണ്ടുകാരനായ പ്രകാശന്‍ കൊടകര ടൗണിലെ ഓട്ടോ തൊഴിലാളിയും സ്വകാര്യവ്യക്തികളുടെ കാര്‍ ഡ്രൈവറുമായിരുന്നു. ഇനിയും പുലരികളില്‍
 പ്രകാശന്റെ ഭക്ഷണത്തിനായി പരല്‍മീനുകള്‍ പരക്കം പായുമെങ്കിലും  ഇനി ഒരിക്കലും പ്രഭാതഭക്ഷണവുമായി പ്രകാശനെത്തില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!