Breaking News

പൊതുപ്രവര്‍ത്തനത്തിലെ നമ്പാടന്‍ശൈലി.

പൊതുപ്രവര്‍ത്തനത്തിലെ നമ്പാടന്‍ശൈലി.

കൊടകര: പഞ്ചായത്ത് മെമ്പറായി പൊതുപ്രവര്‍ത്തനം തുടങ്ങിയ പ്രൈമറി അധ്യാപകനായ നമ്പാടന്‍മാഷ് പാര്‍ലമെന്റ് മെമ്പറായാണ് തന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ നിന്നും പടിയിറങ്ങിയത്. 1963ലാണ് കോണ്‍ഗ്രസുകാരനായിരുന്ന നമ്പാടന്‍ കൊടകര പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അക്കാലത്ത് കാളവണ്ടിക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാളവണ്ടിക്കാരെ സംഘടിപ്പിച്ചുകൊണ്ട് നമ്പാടന്‍ കൊടകരയില്‍ നടത്തിയ സമരം ശ്രദ്ധേയമായിരുന്നു. അന്നുമുതലേ നമ്പാടന്റെ പൊതുപ്രവര്‍ത്തനത്തിലെ വേറിട്ട ശൈലി ജനശ്രദ്ധ നേടിയിരുന്നു. പിന്നീട് കേരള കോണ്‍ഗ്രസിലെത്തിയ നമ്പാടന്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ യാത്രക്കാരുടെ ദുരിതങ്ങള്‍ നേരില്‍ കാണാനായി കെ.എസ്.ആര്‍.ടി.സി. ബസില്‍ കൊടകര വരെ യാത്രചെയ്തതും കേരളം ശ്രദ്ധിച്ചു.

കേരള കോണ്‍ഗ്രസ് വിട്ട് കുറച്ചുകാലം സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസ് രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നതിനിടെ ഭരണഭാഷ മലയാളമാക്കണമെന്നും സര്‍ക്കാര്‍ ഓഫീസുകളുടെ ബോര്‍ഡുകള്‍ മലയാളത്തിലെഴുതണമെന്നും ആവശ്യപ്പെട്ട് നമ്പാടന്‍ നടത്തിയ സമരരീതിയും വേറിട്ടതായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള സര്‍ക്കാര്‍ ബോര്‍ഡുകളില്‍ കരിഓയില്‍ തേച്ചുകൊണ്ടായിരുന്നു സമരരീതി. മന്ത്രിയായിരിക്കുമ്പോഴും കൊടകരയിലെത്തിയാല്‍ പരിചയക്കാരുടെ ചായക്കടകളില്‍ കയറി ചായകുടിക്കാനും തട്ടുകടയില്‍ നിന്ന് ആഹാരം കഴിക്കാനും മടികാണിക്കാതിരുന്ന നമ്പാടന്‍ മാഷ് ജനങ്ങള്‍ക്കെന്നും നാട്ടുകാരനായ പ്രൈമറി അധ്യാപകന്‍ തന്നെയായിരുന്നു.

പേരാമ്പ്രയില്‍ ആയുര്‍വേദാസ്‌പത്രി വരാന്‍ നമ്പാടന്‍ ആനിടീച്ചറുടെ സ്വര്‍ണം വിറ്റു

പേരാമ്പ്രയില്‍ സര്‍ക്കാരിന്റെ ആയുര്‍വേദാസ്​പത്രിക്കായി സ്ഥലം വാങ്ങാന്‍ ലോനപ്പന്‍ നമ്പാടന്‍ തന്റെ പത്‌നിയുടെ സ്വര്‍ണാഭരണവും വില്‍ക്കുകയായിരുന്നു. സ്ഥലം ഇല്ലെങ്കില്‍ കൊടകരയില്‍നിന്നും ജില്ലയുടെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ, സ്ഥലം വാങ്ങാനായി ഭാര്യയുടെ ആഭരണങ്ങള്‍പോലും വിറ്റ് മാതൃകയാവുകയായിരുന്നു നമ്പാടന്‍.

നമ്പാടന്റെ വിയോഗം ആന്‍േറാ കോക്കാട്ടിന് തീരാനഷ്ടം

ആസ്​പത്രിക്കിടക്കയിലായിരുന്നപ്പോഴും ലോനപ്പന്‍ നമ്പാടന്‍ സമകാലിക രാഷ്ട്രീയ-സാമൂഹിക സംഭവങ്ങളറിയാന്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നത് ആന്‍േറാ കോക്കാട്ടുമായായിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടായുള്ള ബന്ധമാണ് നമ്പാടന്‍മാഷും തൃശ്ശൂര്‍ക്കാരനായ ആന്‍േറായും തമ്മിലുണ്ടായിരുന്നത്. അതില്‍ രാഷ്ട്രീയം മാത്രമല്ല, ജീവിതത്തിന്റെ സമസ്തമേഖലകളും പ്രതിപാദ്യവിഷയമായിരുന്നു. തന്റെ രക്ഷിതാവിന്റെ നഷ്ടമാണ് നമ്പാടന്‍ മാഷിന്റെ വിയോഗം തന്നിലുണ്ടാക്കിയിരിക്കുന്നതെന്ന് ആന്‍േറാ പറയുന്നു.

കേരള കോണ്‍ഗ്രസ്സിലേക്ക് നമ്പാടന്‍ വരുമ്പോള്‍ കോക്കാട്ട് കേരള കോണ്‍ഗ്രസ്സിന്റെ യുവജനവിഭാഗം ഇരിങ്ങാലക്കുട മേഖലാ സെക്രട്ടറിയാണ്. പിന്നീട് തൃശ്ശൂര്‍ക്ക് മാറി. നമ്പാടന്‍ 2 തവണ മന്ത്രിയായിരുന്നപ്പോഴും പേഴ്‌സണല്‍ സ്റ്റാഫ് സെക്രട്ടറിയായിരുന്നു കോക്കാട്ട്. കരുണാകരന്റെ മന്ത്രിസഭയെ മറിച്ചിട്ടപ്പോള്‍ നമ്പാടന്‍ പുതുതായി രൂപവത്കരിച്ച സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസ്സിന്റെ ജില്ലാസെക്രട്ടറിയായിരുന്നു കോക്കാട്ട്. മന്ത്രിസ്ഥാനം ഇല്ലാത്തപ്പോഴും, കഴിഞ്ഞ 4 വര്‍ഷമായി നമ്പാടന്‍ ആസ്​പത്രിക്കിടക്കയില്‍ ആയിരുന്നപ്പോഴും കോക്കാട്ട് നമ്പാടന് കൂട്ടെത്തുമായിരുന്നു. ഇപ്പോള്‍ രാഷ്ട്രീയ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സംസ്ഥാന സെക്രട്ടറിയാണ് കോക്കാട്ട്. സാധാരണ ഒരു അധ്യാപകനായി കടന്നുവന്ന് സ്വപ്രയത്‌നത്തിലൂടെ ഏറ്റെടുത്ത പ്രവൃത്തികള്‍ ആത്മാര്‍ത്ഥയോടെ ചെയ്തുതീര്‍ത്ത് രാഷ്ട്രീയരംഗത്തും സാമൂഹികരംഗത്തും ശ്രദ്ധേയനായ നമ്പാടന്‍ മതസൗഹാര്‍ദപ്രവര്‍ത്തനത്തിന് നാട്ടില്‍ മാതൃകയായിരുന്നെന്നും പറഞ്ഞു.  കടപ്പാട്: മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!