Breaking News

പുതുക്കാട്ട് ബസ്സിനു പിറകില്‍ ലോറിയിടിച്ചു; 30പേര്‍ക്ക് പരിക്ക്‌.

പുതുക്കാട്: ദേശീയപാതയില കെ.എസ്.ആര്‍.ടി.സി. ബസ്സിനു പിറകില്‍ ലോറിയിടിച്ചു. ഇരുവാഹനങ്ങളും തലകീഴായി മറിഞ്ഞു. മുപ്പതുപേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശ്ശൂരിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ചെങ്ങാലൂര്‍ ഏലിയാര്‍ക്കാടന്‍ സജീവന്‍ (35), ചെങ്ങാലൂര്‍ കുണ്ടശ്ശേരി ജോസ് (54), ഗര്‍ഭിണിയായ ചെങ്ങാലൂര്‍ മൊയ്‌ലാണ്ടി ധന്യ (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചെങ്ങാലൂര്‍ പാലപ്പറമ്പില്‍ നിതിന്‍ (16), കുരിയച്ചിറ സ്വദേശി ആഷിഖ്(15) , നന്തിപുലം കുണ്ടാനി ബാബു (48), മഠത്തില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ രത്‌നം (45), മറവാഞ്ചേരി തേലക്കാട്ട് വിഘ്‌നേഷ് (44), ജോയിയുടെ ഭാര്യ നാന്‍സി (55), കണ്ടക്ടര്‍ ചിറ്റിശ്ശേരി കളത്തിങ്കല്‍ ബാബു (45), നന്തിപുലം കോണക്കോടന്‍ ഭരതന്‍(55), മുത്രത്തിക്കര കുഴിയാനി യോഹന്നാന്‍ (46), നന്തിപുലം തോട്ടത്തില്‍ മോഹനന്‍ (56), സ്‌നേഹപുരം നീലങ്കാവില്‍ വര്‍ഗ്ഗീസ് (55), നന്തിപുലം ചെമ്മണ്ടപ്പറമ്പില്‍ സത്യന്‍ (45), ശാന്തിനഗര്‍ മാടമ്പത്ത് ചന്ദ്രന്‍ (54), ചെങ്ങാലൂര്‍ കള്ളിപ്പിള്ളി ദാമോദരന്‍ (69) എന്നിവരെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങാലൂര്‍ സ്വദേശിനി റോസിലി (42) എലൈറ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്. നന്തിപുലം സ്വദേശിനയും തൃശ്ശൂര്‍ അശ്വനി ആസ്പത്രിയിലെ ജീവനക്കാരിയുമായ ഗീത(32), നന്തിപുലം കൊല്ലിക്കര ശേഖരന്‍ (55), ചെങ്ങാലൂര്‍ കോക്കാടന്‍ ആന്‍സി (20), കൊളങ്ങര അന്തോണി(72), കൊളങ്ങര ജെസ്സി (53) എന്നിവരെ തൃശ്ശൂര്‍ അശ്വനി ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ 6.45നായിരുന്നു അപകടം. ആറ്റപ്പിള്ളിയില്‍ നിന്നും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് പോവുന്നതായിരുന്നു ബസ്സ്. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്ക് തിരിയുന്നതിനിടെ ചാലക്കുടി ഭാഗത്തുനിന്നും അരി കയറ്റിവന്നിരുന്ന ലോറി ബസ്സിന്റെ പിറകിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സ് ദേശീയപാതയ്ക്കുനടുവിലെ ഡിവൈഡറിലേക്ക് മറിഞ്ഞു.

ലോറിയും നിയന്ത്രണം വിട്ട് സര്‍വ്വീസ് റോഡിലേക്ക് തലകീഴായി മറിഞ്ഞു. നാട്ടുകാരും പോലീസും പുതുക്കാട് അഗ്‌നിശമനസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരിക്കേറ്റവരെ കെ.എസ്.ആര്‍.ടി.സി. ബസ്സിലും മറ്റുവാഹനങ്ങളിലുമായി ആസ്പത്രികളിലെത്തിച്ചു. പുതുക്കാട് സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചവരെ പ്രഥമശുശ്രൂഷ നല്‍കിയാണ് വിവിധ ആസ്പത്രികളിലേക്ക് മാറ്റിയത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

അപകടം ഒഴിവാക്കാന്‍ അടിയന്തര നടപടിയെടുക്കും 

തൃശ്ശൂര്‍: പുതുക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് അപകടങ്ങള്‍ കുറയ്ക്കാന്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥാപിച്ച ബ്ലിങ്കര്‍ ലൈറ്റുകള്‍ ഉടന്‍ പ്രവര്‍ത്തിപ്പിക്കും. ദേശീയപാതയില്‍നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് തിരിയുന്നതിന് 50 മീറ്റര്‍ മുമ്പ് ഇരുവശത്തും കൂടുതല്‍ വ്യക്തതയുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും. പുതുക്കാട് സെന്ററിലെ സിഗ്‌നല്‍ ലൈറ്റുകള്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിപ്പിക്കും. അനധികൃത ഓപ്പണിങ്ങുകള്‍ അടയ്ക്കാനും യോഗം തീരുമാനിച്ചു. ദേശീയപാത അതോറിറ്റി എന്‍ജിനിയര്‍ വി. വേണുഗോപാലന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. മുരളീധരന്‍, കെ.എസ്.ആര്‍.ടി.സി. ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ്ജ് കെ.വി. ജോയ് എന്നിവരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!