Breaking News

ഇവള്‍ പ്രീതി, കമ്പ്യൂട്ടര്‍വേഗമുള്ള ‘ന്യൂസ് പേപ്പര്‍ ഗേള്‍’

Preethiപുലര്‍ച്ചെ നാലരയ്ക്ക് നെന്മാറമുക്കില്‍ പത്രക്കെട്ടുകളുമായി വണ്ടിയെത്തും മുമ്പേ പ്രീതി റെഡിയായിരിക്കും. പത്രക്കെട്ടുകള്‍ ഇറക്കിക്കഴിഞ്ഞാല്‍ പിന്നെ പ്രീതിക്ക് നിന്നുതിരിയാന്‍ നേരമില്ല. വിതരണം ചെയ്യാനുള്ള പത്രം അച്ഛന്‍ ചന്ദ്രനും അമ്മ പുഷ്പവല്ലിക്കും തരംതിരിച്ചു നല്‍കും. മറ്റ് ഏജന്റുമാര്‍ക്ക് കൈമാറാനുള്ള പത്രങ്ങള്‍ കൊടുക്കുമ്പോഴേക്കും സമയം അഞ്ചരയോടടുക്കും. 

പിന്നെ, സ്‌കൂട്ടിയില്‍ മാതൃഭൂമി പത്രക്കെട്ട്കയറ്റി ഒരൊറ്റ വിടലാണ്. പത്തുപന്ത്രണ്ട് കിലോമീറ്ററകലെ കയറാടിയിലും ഒലിപ്പാറയിലുമൊക്കെയാണ് പ്രീതിക്ക് പത്രം വിതരണം ചെയ്യാനുള്ളത്. ഇതിനിടെ, പയ്യാംകോട്ടിറക്കിയ മാതൃഭൂമിക്കെട്ടും എടുക്കണം. പ്രീതിയുടെ വണ്ടി മൂളിപ്പറന്നെത്തി ഹോണടിക്കുമ്പോള്‍ വാതില്‍ തുറന്നെത്തുന്ന വീട്ടമ്മമാര്‍ കരുതലോടെ ഓര്‍മിപ്പിക്കും.

പ്രീത്യേ… നീയിത്തിരി സ്പീഡ്കുറയ്ക്ക്. മറുപടി ഒരു ചെറുപുഞ്ചിരിയിലൊതുക്കി പ്രീതി മുന്നോട്ട്. എട്ടുമണിയാവുമ്പോഴേക്കും ഇരുനൂറോളം പത്രങ്ങള്‍ വിതരണംചെയ്യണം. പിന്നെ, തിരികെ വീട്ടിലെത്തി സ്‌കൂളിലേക്ക് പോകാനൊരുങ്ങണം. പത്തുമുതല്‍ നാലുവരെ സി. പ്രീതി എലവഞ്ചേരിക്കടുത്ത് കരിങ്കുളം എം.ഇ.എസ്. സെന്‍ട്രല്‍സ്‌കൂളില്‍ കമ്പ്യുട്ടര്‍ അധ്യാപികയാണ്.

നാലരയ്ക്ക് തിരികെ വീട്ടിലെത്തുമ്പോഴേക്കും പതിനഞ്ചോളം കുട്ടികള്‍ ട്യൂഷനെത്തിയിട്ടുണ്ടാവും. ഏഴുമണിക്ക് ട്യൂഷന്‍ കഴിയുമ്പോഴേക്കും ടി.വി. സീരിയലിന്റെ സമയമായി. ശരിക്കും അപ്പോഴാണ് പ്രീതി ഒന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടുമൂന്നുവര്‍ഷമായി പ്രീതിയുടെ ജീവിതം ഇങ്ങനെ തിരക്കിട്ട് ഒഴുകുകയാണ്. പത്രക്കെട്ടെങ്ങാന്‍ വൈകിയാല്‍ പ്രീതിക്ക് ടെന്‍ഷനാവും. അന്ന് വണ്ടിയുടെ സ്പീഡ് കുറച്ചുകൂടി കൂട്ടും. പത്രംവരാന്‍ വൈകിയെന്നുവെച്ച് സ്‌കൂളില്‍ സമയത്തിന് എത്താതിരിക്കാനാവില്ലല്ലോ.

ദിവസം പത്രക്കെട്ടുമായി ശരാശരി 40 കിലോമീറ്ററെങ്കിലും യാത്രചെയ്യുന്നുണ്ട് പ്രീതി. 1976 മുതല്‍ മാതൃഭൂമിയുടെ കയറാടി ഏജന്റാണ് കയറാടി എസ്.സി.കെ. ഹൗസില്‍ എസ്. ചന്ദ്രന്‍. കുറച്ചു വര്‍ഷങ്ങളായി നെന്മാറ വടക്കേഗ്രാമത്തിലാണ് താമസം. മറ്റ് ഏതാനും പത്രങ്ങളുടെ ഏജന്റ് ഭാര്യയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രീതിയും ചേച്ചി ജ്യോതിയും അച്ഛനെ പത്രവിതരണത്തിന് സഹായിക്കാനെത്തുമായിരുന്നു.

ജ്യോതി വിവാഹിതയായി ഭര്‍ത്താവിനൊപ്പം കോയമ്പത്തൂരിലേക്ക് മാറിയതോടെ പ്രീതിക്കൊപ്പം അമ്മയും സഹായത്തിനെത്തി. ചന്ദ്രന് സുഖമില്ലാതായതോടെ പ്രീതി ഫുള്‍ടൈം വിതരണക്കാരിയായി. വിതരണപരിധിയിലെ ഒരു ഭാഗത്ത് ചന്ദ്രന്‍ വിതരണംചെയ്യും. മറ്റിടങ്ങളില്‍ വിതരണംചെയ്തിരുന്ന കുട്ടികള്‍ വരാതായതോടെ ആ ഭാഗങ്ങളിലും മകള്‍ വിതരണം ഏറ്റെടുക്കയായിരുന്നു.

കഞ്ചിക്കോട് ചുള്ളിമട വി.വി. കോളേജില്‍നിന്നാണ് പ്രീതി ബി.എസ്‌സി. കമ്പ്യുട്ടര്‍ സയന്‍സ് പാസായത്. കഴിഞ്ഞവര്‍ഷം കരിമ്പാറയിലെ എം.ഇ.എസ്. സെന്‍ട്രല്‍ സ്‌കൂളിലായിരുന്നു പഠിപ്പിച്ചിരുന്നത്. ഈവര്‍ഷം ഇതേ മാനേജ്‌മെന്റിന്റെ കരിങ്കുളത്തെ സ്‌കൂളിലേക്ക് മാറി. ഈവര്‍ഷം തൃശ്ശൂരില്‍ എം.എസ്‌സി. ക്ക് അപേക്ഷ നല്‍കണം.

പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങി ഒറ്റയ്ക്ക് വണ്ടിയോടിക്കാനൊന്നും പേടിയില്ല. ദിവസവും നെന്മാറ പോലീസ്‌സ്റ്റേഷനില്‍ പത്രമിട്ടാണ് തുടക്കം. പോലീസുകാരുടെയും നെന്മാറയിലെയും മംഗലംഡാമിലെയും എസ്.ഐ. മാരുടെയും ഫോണ്‍ നമ്പര്‍ കൈയിലുണ്ട്.

പിന്നെ, വരിക്കാരൊക്കെ കുഞ്ഞായിരിക്കുമ്പോഴേ കാണുന്നവര്‍. മുഖമൊന്നു മാറിയാല്‍ അന്വേഷണങ്ങള്‍വരും.

നാടുമായുള്ള ആത്മബന്ധവും പ്രീതി കരുത്താക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!