Breaking News

സര്‍വീസുകള്‍ റദ്ദാക്കി ; പഴി കേള്‍ക്കാതെ എയര്‍ ഇന്ത്യയുടെ അടിയന്തര ദൗത്യം

AIRPORTകൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. തിങ്കളാഴ്ച കാലത്ത് 10.30 ന് റണ്‍വേ അടച്ചു. ഇത് ചൊവ്വാഴ്ച വൈകീട്ട് 3.30 ന് തുറക്കാനാണ് തീരുമാനം. മഴയും വെള്ളപ്പൊക്കവും തുടര്‍ന്നാല്‍ ഇത് ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്.

അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാറിലുണ്ടായ വെള്ളപ്പൊക്കമാണ് വിമാനത്താവളത്തെ ബാധിച്ചത്. പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ തോട് വഴിയാണ് വെള്ളം വിമാനത്താവള മേഖലയിലേക്ക് എത്തിയത്. റണ്‍വേ വെള്ളത്തിലായതു കൂടാതെ പാര്‍ക്കിങ് ബേയും ടാക്‌സിവേയും വെള്ളത്തില്‍ മുങ്ങി.

സൗദി എയര്‍ലൈന്‍സിന്റെ വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിട്ടു. തിങ്കളാഴ്ച ബാക്കിയുണ്ടായിരുന്ന 18 അന്താരാഷ്ട്ര സര്‍വീസുകളും 28 ആഭ്യന്തര സര്‍വീസുകളും റദ്ദാക്കി. ചൊവ്വാഴ്ച വൈകീട്ട് 3.20 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സര്‍വീസുകള്‍ എത്താത്തതിനാല്‍ വിമാനത്താവളം തുറന്നാലും കൃത്യസമയത്ത് സര്‍വീസ് നടക്കുമോ എന്ന് വ്യക്തമല്ല. യാത്രക്കാര്‍ക്കായി വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍: 0484 – 2610094, 3053500, 3053212, 3053213, 3053214.

പഴി കേള്‍ക്കാതെ എയര്‍ ഇന്ത്യയുടെ അടിയന്തര ദൗത്യം

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചിറക് തളര്‍ത്തിയ പെരുമഴയെ തോല്പിച്ച് എയര്‍ ഇന്ത്യയുടെ സമയോചിത ഇടപെടല്‍. മഴയെത്തുടര്‍ന്ന് വിമാനത്താവളം അടച്ചതോടെ പ്രതിസന്ധിയിലായ സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ വഴിതിരിച്ചുവിട്ടും പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് എയര്‍ ഇന്ത്യ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറെ പഴി കേള്‍ക്കാറുള്ള എയര്‍ ഇന്ത്യ അധികൃതര്‍ ആകാശവും റോഡും ഒരേപോലെ ഉപയോഗപ്പെടുത്തി പരാതിരഹിതമായി പ്രതിസന്ധി പരിഹരിച്ചു.

തിങ്കളാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മൂന്ന് വിമാനങ്ങളാണ് ഇവിടെ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. കൊച്ചി-കോഴിക്കോട്-ദോഹ-ബഹ്‌റൈന്‍,കൊച്ചി-മംഗാലാപുരം-കുവൈത്ത്, കൊച്ചി-ദുബായ് വിമാനങ്ങളായിരുന്നു അവ. ഇതില്‍ ബഹ്‌റൈന്‍ വിമാനത്തില്‍ 90-ഉം കുവൈത്ത് വിമാനത്തില്‍ 41-ഉം യാത്രക്കാര്‍ കൊച്ചിയില്‍ നിന്നുണ്ടായിരുന്നു . ഇവരെയെല്ലാം നേരിട്ട് ബന്ധപ്പെട്ട് രണ്ട് മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ എയര്‍ ഇന്ത്യ അവസരം നല്കി. ഒന്നുകില്‍ ബുധനാഴ്ച, തിങ്കളാഴ്ചത്തെ അതേ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാം. അല്ലെങ്കില്‍, എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ കോഴിക്കോട്ടെത്തി അവിടെ നിന്ന് യാത്ര തുടരാം. ഭൂരിഭാഗം പേരും ആദ്യത്തെ മാര്‍ഗമാണ് സ്വീകരിച്ചത്. പാലക്കാട് പോലെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള ചിലര്‍ കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കാന്‍ തീരുമാനിച്ചു.

രാത്രി 12.30ന് ദുബായില്‍ നിന്ന് കൊച്ചിയിലെത്തി തിരികെപ്പോകേണ്ട വിമാനത്തിലുള്ള യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി. തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനത്തിലുള്ളവരെ അവിടെ നിന്ന് ലക്ഷ്വറി കോച്ചുകളിലും കാറുകളിലുമായി യഥാസ്ഥലങ്ങളിലെത്തിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള യാത്രക്കാരെയും പ്രത്യേക വാഹനങ്ങളില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

കൊച്ചിയിലിറങ്ങേണ്ടിയിരുന്ന മസ്‌ക്കറ്റ്, ഷാര്‍ജ വിമാനങ്ങളും തിരുവനന്തപുരത്താണ് ഇറങ്ങിയത്. ഇവയിലെ യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

എയര്‍ ഇന്ത്യയുടെ കൊച്ചി, മുംബൈ, ഡല്‍ഹി, തിരുവനന്തപുരം ഓഫീസുകളാണ് ഇതിനുവേണ്ടി രാപകല്‍ പ്രവര്‍ത്തിച്ചത്. കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാലിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അടിയന്തര ദൗത്യം. റംസാന്‍ ഉള്‍പ്പെടെയുള്ളവയ്ക്കായി നാട്ടിലെത്തുന്നവര്‍ക്ക് ഒരുനിമിഷം പോലും പ്രധാനമാണെന്ന് അറിഞ്ഞുകൊണ്ടാണ് എയര്‍ ഇന്ത്യ സമാന്തര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. പരാതിയും സമയനഷ്ടവുമില്ലാതെ യാത്രക്കാരെ യഥാസ്ഥാനങ്ങളിലെത്തിക്കുക എന്നതിനായിരുന്നു പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ചയും എയര്‍ ഇന്ത്യ അധികൃതര്‍ യോഗം ചേരുന്നുണ്ട്. ആവശ്യമെങ്കില്‍ ചൊവ്വാഴ്ചയും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!