Breaking News

മഞ്ജുവാര്യരുടെ തിരിച്ചുവരവ് ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍.

manjuമലയാളത്തിലെ പത്രമാധ്യമങ്ങളും പ്രേക്ഷകരില്‍ ഒരു വലിയ പങ്കും കുറച്ചു നാളുകളായി മഞ്ജു വാര്യര്‍ എന്ന നടിയുടെ പുറകെയാണ്. മഞ്ജു വീണ്ടും അഭിനയിക്കുമോ, ആരുടെ ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത് എന്നൊക്കെയാണ് പലരുടേയും ചിന്ത. അമിതാഭ് ബച്ചനൊപ്പം അവര്‍ ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ വരെ ഒന്നാം പേജ് വാര്‍ത്തയാക്കി. നേരത്തെ മോഹന്‍ലാലും ദിലീപുമൊക്കെ ബച്ചനൊപ്പം അഭിനയിച്ചിരുന്നുവെങ്കിലും അതൊന്നും ഇത്ര വാര്‍ത്താപ്രാധാന്യം നേടിയിരുന്നില്ല. പ്രേക്ഷകരുടെ ഈ സ്നേഹവായ്പ്പുകളും മാധ്യമങ്ങളുടെ ശ്രദ്ധയും ബച്ചനെയും എന്തിന് മഞ്ജുവിനെ പോലും അത്ഭുതപ്പെടുത്തി. ഷൂട്ടിങ്ങ് ലൊക്കേഷനില്‍ തന്നെ ശ്രദ്ധിക്കാതെ മാധ്യമങ്ങള്‍ മറ്റൊരാളുടെ പുറകെ പോയ അനുഭവം ഇതാദ്യമാണെന്ന് ഫെയ്സ്ബുക്കില്‍ പറഞ്ഞ ബിഗ് ബി മഞ്ജുവിനെ മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിശേഷിപ്പിച്ചത്.

1995 ല്‍ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മഞ്ജു പക്ഷേ ശ്രദ്ധിക്കപ്പെട്ടത് സല്ലാപം എന്ന ചിത്രം മുതലാണ്. ലോഹിതദാസിന്‍റെ രചനയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത് 1996ലെ വിഷുക്കാലത്ത് പുറത്തിറങ്ങിയ സല്ലാപം എല്ലാ അര്‍ഥത്തിലും മഞ്ജുവിന് വഴിത്തിരിവായി മാറി. സിനിമയില്‍ മുഖ്യവേഷം ചെയ്ത ദിലീപ് പിന്നീട് അവരുടെ ജീവിത പങ്കാളിയുമായി. സിനിമയില്‍ നിന്നത് വെറും നാലു വര്‍ഷം മാത്രമാണെങ്കിലും ഇതിനിടയില്‍ നിരവധി നല്ല കഥാപാത്രങ്ങളും അവര്‍ അവതരിപ്പിച്ചു.മമ്മൂട്ടി ഒഴിച്ച് മിക്ക നായക നടന്‍മാര്‍ക്കൊപ്പവും അഭിനയിച്ച മഞ്ജു മറക്കാനാവാത്ത അനവധി അഭിനയ മുഹൂര്‍ത്തങ്ങളും സമ്മാനിച്ചു കൊണ്ടാണ് 1998ല്‍ മഞ്ജു വാര്യര്‍ സിനിമയുടെ ഛായവും ചമയങ്ങളും അഴിച്ചത്. ദിലീപുമായുള്ള പരിചയവും പ്രണയവും വിവാഹത്തിന് വഴിമാറിയപ്പോഴാണ് 1998ലെ ഒക്ടോബര്‍ മാസത്തില്‍ അവര്‍ സിനിമയോട് വിട പറഞ്ഞത്.

ഈ പുഴയും കടന്ന്‍, കന്മദം, ആറാം തമ്പുരാന്‍, കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം, ദയ, പ്രണയവര്‍ണങ്ങള്‍, കളിയാട്ടം, സമ്മര്‍ ഇന്‍ ബത് ലഹേം തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ 1996 ലെ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും (ഈ പുഴയും കടന്ന്‍) 1999ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ( കണ്ണെഴുതി പൊട്ടും തൊട്ട്) നേടി. ഫിലിം ഫെയര്‍ ഉള്‍പ്പടെയുള്ള അംഗീകാരങ്ങള്‍ ഇതിന് പുറമേയാണ്. അഭിനയത്തിലെ തന്‍മയത്വത്തിന്‍റെയും ലാളിത്യത്തിന്‍റെയും പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മഞ്ജു അതുകൊണ്ടു തന്നെ ലേഡി മോഹന്‍ലാല്‍ എന്ന പേരിലും അറിയപ്പെട്ടു.

vlcsnap-199619-thumbവസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ശോഭനയും ഉര്‍വശിയും രേവതിയുമൊക്കെ പുലര്‍ത്തിയിരുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം മഞ്ജു വാര്യര്‍ക്ക് അവകാശപ്പെടാനാവില്ല എന്നതാണ് സത്യം. ഒരു പതിറ്റാണ്ടില്‍ കൂടുതല്‍ മലയാളത്തിലെ നായികാ സങ്കല്‍പ്പത്തെ മാറ്റിമറിച്ച അവര്‍ നായകനോട് കിടപിടിക്കുന്ന നിരവധി നല്ല കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. അതിന് ഐ.വി ശശിയും പദ്മരാജനും ഫാസിലും ലോഹിതദാസുമൊക്കെ ഉള്‍പ്പെട്ട നമ്മുടെ എഴുത്തുകാരും സംവിധായകരും ചെയ്ത സഹായവും ചില്ലറയല്ല. സൂപ്പര്‍താരങ്ങള്‍ മറുവശത്തുണ്ടായിട്ടും കാണാമറയത്തിലെയും ദേവാസുരത്തിലെയും കിലുക്കത്തിലെയുമൊക്കെ നായികമാര്‍ക്ക് കയ്യടി കിട്ടിയത് എഴുത്തുകാരുടെ കൂടി കഴിവാണ്. മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴാണെങ്കില്‍ ഒരര്‍ഥത്തില്‍ നായികാ കേന്ദ്രീകൃതമായ സിനിമയാണ്. അത് മോഹന്‍ലാല്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. മുമ്പ് കിലുക്കത്തിന്‍റെ കാര്യത്തിലും അദ്ദേഹം സമാനമായ അഭിപ്രായം പറഞ്ഞിരുന്നു. ശോഭനയുടെയും രേവതിയുടെയും കഴിവിലുള്ള വിശ്വാസം കൊണ്ടുമാത്രമാണ് ഫാസിലും പ്രിയദര്‍ശനും അത്തരം സിനിമാ പരീക്ഷണങ്ങള്‍ക്ക് ഇറങ്ങി പുറപ്പെട്ടത്. കിലുക്കത്തിന്‍റെ തുടര്‍ച്ച എന്ന പേരിലിറങ്ങിയ പ്രഹസനത്തിന്‍റെ നിലവാരവും അതിലെ നായികയുടെ പ്രകടനവും കാണുമ്പോഴാണ് രേവതി എത്രമാത്രം മികച്ച അഭിനേത്രിയാണെന്ന് നമുക്ക് മനസിലാകുക.

മലയാളം, തമിഴ്, കന്നഡ,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി അനവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രേവതി രണ്ടു സംസ്ഥാന അവാര്‍ഡും ഒരു ദേശീയ അവാര്‍ഡും ഉള്‍പ്പടെ അനവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്, ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരം, കമലിന്‍റെ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ത്താടികള്‍, സത്യന്‍ അന്തിക്കാടിന്‍റെ വരവേല്‍പ്പ്, വേണു നാഗവള്ളിയുടെ അഗ്നിദേവന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും കിഴക്കുവാസല്‍,തേവര്‍മകന്‍, അഞ്ജലി എന്നീ ചിത്രങ്ങളിലൂടെ തമിഴിലും അവിസ്മരണീയമായ പ്രകടനങ്ങള്‍ നടത്തി.

ശോഭനയുടെ പ്രതിഭയുടെ ആഴമളക്കാന്‍ ഗംഗയായും നാഗവല്ലിയായും വേഷ പകര്‍ച്ചകള്‍ നടത്തിയ മണിച്ചിത്രത്താഴിലെ പ്രകടനം മാത്രം മതി. സിനിമ മറ്റ് ഭാഷകളില്‍ പുന: സൃഷ്ടിച്ചെങ്കിലും അതിലെ നായികമാരുടെ പ്രകടനം ശോഭനയുടെ അഭിനയത്തിന്‍റെ ഏഴയലത്തെത്തുകയോ അംഗീകാര പട്ടികയില്‍ ഇടം പിടിക്കുകയോ ചെയ്തില്ല. രണ്ടു വട്ടം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ അവര്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി എണ്ണമറ്റ അനവധി നല്ല കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും നായിക എന്നു പറയുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ ഇന്നും ആദ്യം എത്തുന്ന ചിത്രം ശോഭനയുടേത് തന്നെയാണ്.

K P A C Lalitha6997അഞ്ചു വട്ടം സംസ്ഥാന പുരസ്കാരം നേടിയ ഉര്‍വശി പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി നല്ല കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. കാക്കത്തൊള്ളായിരം, ഭരതം, തലയണമന്ത്രം, മഴവില്‍ക്കാവടി, അച്ചുവിന്‍റെ അമ്മ, സുഖമോ ദേവി എന്നിവ അതില്‍ ചിലത് മാത്രം. നായികയല്ലെങ്കിലും മലയാളത്തെ വിസ്മയിപ്പിച്ച മറ്റൊരു നടി കെ.പി.എ.സി ലളിതയാണ്. ഹാസ്യവും, ദു:ഖവും, രൌദ്രവും ഇത്ര നന്നായി വഴങ്ങുന്ന മറ്റൊരു നടി ഇന്ത്യയില്‍ തന്നെ വേറെയില്ലെന്ന് പറയാം. പക്ഷേ ഇവരെക്കാളൊക്കെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതും കാണാന്‍ ആഗ്രഹിക്കുന്നതും മഞ്ജുവിന്‍റെ സിനിമകളാണ് എന്നതാണ് അത്ഭുതകരം. വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് അരങ്ങൊഴിഞ്ഞതും പ്രേക്ഷകരുടെ സ്നേഹവായ്പ്പിന് ഒരു കാരണമാണ്. പക്ഷേ പതിറ്റാണ്ടുകളോളം തെന്നിന്ത്യന്‍ സിനിമയില്‍ വിസ്മയം തീര്‍ത്ത, ശോഭന, ഉര്‍വശി, രേവതി, കെ.പി.എ.സി ലളിത എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി മലയാള സിനിമയില്‍ അധികം അത്ഭുതങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല. ലോഹിതദാസ് ഒഴിച്ച് വിഖ്യാതരായ എഴുത്തുകാരൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് സിനിമയില്‍ വന്നത് എന്നതും അവിസ്മരണീയങ്ങളായ കഥാപാത്രങ്ങളെ ലഭിക്കുന്നതിന് അവര്‍ക്ക് തടസമായി. എന്നിട്ടും മറ്റെല്ലാവരെക്കാളുമധികം പ്രേക്ഷകര്‍ മഞ്ജുവിനെ സ്നേഹിക്കുന്നു, ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നു. അത് ഭാഗ്യമാണ്. വളരെ കുറച്ചു പേര്‍ക്ക് മാത്രം കിട്ടുന്ന, നല്ല കലാകാരികള്‍ക്ക് മാത്രം കിട്ടുന്ന ഭാഗ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!