Breaking News

അമ്മ കരള്‍ പകുത്തുനല്‍കുമ്പോള്‍ വൃക്ക വിറ്റ് പണമുണ്ടാക്കാന്‍ മകന്‍

00201_557808കൊടകര  :അമ്മ അച്ഛന് കരള്‍ പകുത്തുനല്കുമ്പോള്‍ വൃക്ക വിറ്റ് പണമുണ്ടാക്കാന്‍ ഒരുങ്ങുകയാണ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ മകന്‍.

പ്രിയപ്പെട്ടവരുടെ സ്‌നേഹവായ്പിനും കരുതലിനും മുന്‍പില്‍ വാസുപുരം മറ്റത്തൂര്‍കുന്ന് ചവറക്കാട്ടില്‍ സി.വി. വിശ്വംഭരന്‍(45) നൊമ്പരത്തോടെ പറയുന്നു, ‘എനിക്ക് ജീവിക്കണം’. വര്‍ഷങ്ങളായി രോഗവും ദുരിതവും തളര്‍ത്തിയ ഇദ്ദേഹത്തിന്റെ മനസ്സില്‍ പക്ഷെ ഇപ്പോള്‍ നേര്‍ത്ത പ്രതീക്ഷയുണ്ട്.

ആറുവര്‍ഷം മുമ്പാണ് വിശ്വംഭരന്റെ ജീവിതത്തില്‍ രോഗം കരിനിഴല്‍ വീഴ്ത്തിയത്. സ്വകാര്യ മൊബൈല്‍ കമ്പനി ഫ്രാഞ്ചൈസിയില്‍ സെയില്‍സ് റെപ്രസന്ററ്റീവായിരിക്കെ പെട്ടെന്നൊരു ദിവസം കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആസ്പത്രിയിലെത്തിച്ചപ്പോള്‍ മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തി. കൊച്ചി അമൃത ആസ്പത്രിയില്‍ നടത്തിയ പരിശോധനയില്‍ കരള്‍വീക്കമാണെന്ന് സ്ഥിരീകരിച്ചു.

ഗൃഹനാഥന്റെ രോഗത്തിനു മുമ്പില്‍ ആദ്യം ഒന്നു പതറിയെങ്കിലും കുടുംബം പിടിച്ചുനിന്നു. പിന്നെ ചികിത്സയുടെ നാളുകള്‍. അസുഖങ്ങളൊന്നും വകവെയ്ക്കാത്തയാളായതിനാല്‍ വിശ്വംഭരന്‍ പക്ഷെ തളര്‍ന്നില്ല. വിശ്രമം വേണ്ടതിനാല്‍ ജോലി വിട്ട് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്കു മാറി. ജീവിതം പതുക്കെ മുന്നോട്ടു നീങ്ങിത്തുടങ്ങി.

ആറുമാസം മുന്‍പ് രോഗം വഷളായതോടെ ഉടന്‍ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന് അമൃതയിലെ ഡോ. ഹരികുമാര്‍ ആര്‍.നായര്‍ നിര്‍ദ്ദേശിച്ചു. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഭാര്യ ഉഷ തന്നെ കരളിന്റെ പകുതി നല്‍കാമെന്നു തീരുമാനിച്ചു. പക്ഷെ പ്രശ്‌നങ്ങള്‍ അതുകൊണ്ടും അവസാനിച്ചില്ല. ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും വേണ്ടിവരുന്ന 30 ലക്ഷം രൂപ വെല്ലുവിളിയായി.

കാര്യമറിഞ്ഞപ്പോള്‍ നാട്ടുകാരും കൂടെനിന്നു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസ് കണ്‍വീനറായി ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു. സമിതി കൊടകര ഫെഡറല്‍ ബാങ്കില്‍ 17070100018492(ഐ.എഫ്.എസ്.കോഡ്-0001707) എന്ന നമ്പരില്‍ ആരംഭിച്ച അക്കൗണ്ടില്‍ അഞ്ചു ലക്ഷത്തോളം രൂപ സമാഹരിച്ചു. ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് ഭാര്യ ഉഷയുടെ വീട്ടിലായി താമസം.

ചികിത്സയ്ക്കായി 25 ലക്ഷം രൂപ ഇനിയും കണ്ടെത്തണം. കിഴക്കേ കോടാലി ആക്‌സിസ് എന്‍ജിനിയറിങ് കോളേജില്‍ ഒന്നാം വര്‍ഷ ഇലക്ട്രിക് ആന്‍ഡ് ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ മകന്‍ സി.വി. അഖില്‍കുമാര്‍ തുക കണ്ടെത്താനുള്ള വഴികളെപ്പറ്റി ഒരുപാടാലോചിച്ചു. ഒടുവില്‍ ചികിത്സാസഹായ സമിതി ഭാരവാഹി സതീഷിനോട് കാര്യം പറഞ്ഞു-”ഞാന്‍ വൃക്കദാനത്തിന് തീരുമാനിച്ചു”. ചികിത്സാച്ചെലവിന് അഖില്‍ കണ്ടെത്തിയ വഴിക്ക് എല്ലാ ഭാഗത്തുനിന്നും എതിര്‍പ്പ് വന്നു. എന്നാല്‍ തന്റെ തീരുമാനത്തിന് മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് അഖില്‍ .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!