Breaking News

മഴയില്‍ ചോരാതെ ഇലഞ്ഞിത്തറയില്‍ പാണ്ടിയുടെ രൗദ്രത ;മേടസൂര്യന്‍ മങ്ങിയപ്പോള്‍ മേളസൂര്യന്‍ കത്തിജ്വലിച്ചു

Ilanjitharamelamഇലഞ്ഞിത്തറയിലെ പാണ്ടിമേളത്തിന്റെ രൗദ്രതചോര്‍ത്താന്‍ പെയ്തിറങ്ങിയ പേമാരിക്കുമായില്ല.പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് ഇലഞ്ഞിത്തറയിലെത്തിയശേഷം വൈകീട്ട് 3 മണിയോടെയാണ് മഴപെയ്തത്.എന്നാല്‍ മേളത്തിന് യാതൊരു ഭാവവ്യത്യാസവുമുണ്ടായില്ല.ഭൈരവിയുടെ ഈണത്തില്‍ രൗദ്രതയുടെ ഭാവത്തില്‍  മേളഗോപുരം ഉയര്‍ന്നു.വടക്കുംനാഥന്റെ മതില്‍ക്കകത്തെ കൂത്തമ്പലത്തിനും കുഞ്ഞിലഞ്ഞിക്കും ഇടയിലൂടെ കൊട്ടിക്കയറിയ ഇലഞ്ഞിത്തറമേളം  സഹൃദയസഹസ്രങ്ങളെ ആനന്ദത്തേരിലേറ്റിപെരുവനംകുട്ടന്‍മാരാരും കൂട്ടരും ചേര്‍ന്നൊരുക്കിയ കൂട്ടായ്മയുടെ മേളപ്പെരുക്കം ഇലഞ്ഞിത്തറയില്‍ മണിക്കൂറുകള്‍ക്കുമുമ്പേ കാത്തിരുന്ന മേളക്കമ്പക്കാര്‍ക്ക് പുളകമായി.മേളക്കമ്പക്കാരെ നിര്‍വൃതിയിലാഴ്ത്തി പെരുവനവും കൂട്ടരും തോലിട്ടവാദ്യത്തിലൂടെ പെരുമഴയെ തോല്‍പ്പിച്ചു.കൃത്യം 4.30 ന് തന്നെ ഇലഞ്ഞിത്തറമേളം കലാശിപ്പിച്ചു.

ഉച്ചക്ക് 12 മണിയോടെ പാറമേക്കാവിന്റെ തിരുനടയില്‍നിന്നും ചെമ്പടയുടെ അകമ്പടിയോടെയാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്.1.5 ന് ചെമ്പട കലാശിപ്പിച്ച് പാണ്ടികൂട്ടി പ്പെരുക്കി.14 അക്ഷരത്തിലൂടെ പതികാലം പാറമേക്കാവിനുമുമ്പില്‍ വിളംബകാലത്തില്‍ കൊട്ടിക്കയറി.2 കലാശത്തിനുശേഷം എഴുന്നള്ളിപ്പ് വടക്കുന്നാഥന്റെ കിഴക്കേഗോപുരം കടന്ന് മതില്‍ക്കകത്തെത്തി.മതില്‍ക്കകത്ത് കിഴക്കേനടയിലും തെക്കേനടയിലും ഓരോ കലാശം എടുത്തതിനുശേഷം 2.20 ന് ഇലഞ്ഞിത്തറയിലെത്തി.ഏതാനും മിനിറ്റുകള്‍ക്ക് ശേഷം മേളം തുറന്നുപിടിച്ചു.പിന്നെ മന്ദവും വിളംബവുമായി തുടങ്ങിയ മേളം ക്രമേണ മുറുകാന്‍ തുടങ്ങി.തകര്‍തകര്‍ത കാലവും മുട്ടില്‍കയറ്റിയകാലവും പിന്നിട്ട് 7 അക്ഷരത്തിലെ അവസാനകാലത്തിലേക്ക് കടന്നപ്പോള്‍ 4 മണിയായിരുന്നു.ഈ കാലത്തിന്റെ കുഴമറിഞ്ഞഘട്ടത്തില്‍ 25 കലാശം എടുത്താണ് പെരുവനം മേളം അവസാനിപ്പിച്ചത്.താളത്തിനൊത്ത് തലയാട്ടുകയും ഇളകിയാടുകയും ചെയ്ത മേളക്കമ്പക്കാര്‍ വാദ്യക്കാരുടെ ചേണ്ടക്കോലുകള്‍ക്കൊപ്പം കൈകള്‍ വാനിലേക്കുയര്‍ത്തി.

കൃത്യം 4.30 ന് ഇലഞ്ഞിത്തറയിലെ മേളമഴ പെയ്തിറങ്ങി.ആ സുഖശീതളിമ ആവോളം നുകര്‍ന്ന പൂരപ്രേമികള്‍ മേളനിര്‍വൃതിയില്‍ വര്‍ണക്കാഴ്ചയുടെ വസന്തോസ്തവത്തിനായി ഈ കാലത്തിന്റെ കുഴമറിഞ്ഞഘട്ടത്തില്‍ 25 കലാശം എടുത്താണ് പെരുവനം മേളം അവസാനിപ്പിച്ചത്. ഇലഞ്ഞിത്തരയില്‍ പെരുവനത്തിന് കൂട്ടായി ഇടംതലയില്‍ കേളത്ത് അരവിന്ദാക്ഷമാരാര്‍, പെരുവനം സതീശന്‍മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍, മട്ടന്നൂര്‍ ശിവരാമന്‍ എന്നിങ്ങനെ 14 പേര്‍ നിരന്നു. കുറുംകുഴലിന്റെ പ്രമാണം വെളപ്പായ നന്ദനനായിരുന്നു. നന്ദനനെ കൂടാതെ കൊമ്പത്ത് അനിലന്‍, കുറ്റുമുക്ക് ശിവന്‍, കൊമ്പത്ത് ചന്ദ്രന്‍ എന്നിങ്ങനെ 23 കുറുംകുഴല്‍. പരിയാരത്ത് ഉണ്ണിമാരാര്‍, പോറോത്ത് ചന്ദ്രശേഖരമാരാര്‍, പെരുവനം ഗോപാലകൃഷ്ണന്‍, കൊടകര സജി എന്നിങ്ങനെ വലംതലക്കാര്‍. മച്ചാട് രാമകൃഷ്ണന്‍നായര്‍, കുമ്മത്ത് രാമന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ 2 നിരയില്‍ കൊമ്പുകാര്‍. ചേര്‍പ്പ് മണി, കുമ്മത്ത് നന്ദനന്‍, കോതറ നാരായണന്‍കുട്ടി എന്നിങ്ങനെ ഇലത്താളക്കാരും  മേളത്തിന്റെ പ്രധാനസ്ഥാനങ്ങള്‍ അലങ്കരിച്ചു.മഴയുടെ ആശങ്കയിലാണ് ഇക്കുരി തൃശൂര്‍പൂരംവന്നെത്തിയതെങ്കിലും പൂരത്തിന്റെ പ്രധാനഘടകമായ ഇലഞ്ഞിത്തറമേളത്തിനെ മഴ ബാധിച്ചില്ലന്നും മേളം ഭംഗിയായി കൊട്ടിക്കലാശിപ്പിക്കാനായെന്നും പെരുവനം കുട്ടന്‍ മാരാര്‍ പറഞ്ഞു.

ഇലഞ്ഞിത്തറമേളം കാണാന്‍ പ്രമുഖരുടെ നിര

തൃശൂര്‍: ഇലഞ്ഞിത്തറയിലെ മേളം ആസ്വദിക്കാന്‍ ഒട്ടനവധി പ്രമുഖരെത്തി.എം.എല്‍.എ മാരായ വി.എസ്.സുനില്‍കുമാര്‍,എം.വി.ശ്രേയാസ്‌കുമാര്‍,മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന്‍,കൊച്ചിന്‍ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്‌കരന്‍ നായര്‍,തൃശൂര്‍ റേഞ്ച് ഐ.ജി എസ്.ഗോപിനാഥ്,സി.പി.ജോണ്‍,അഡ്വ.ജയശങ്കര്‍,ബി.ജെ.പി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഇലഞ്ഞിത്തറമേളത്തിന്റെ മുമ്പില്‍ ആസ്വാദകരായി ഉണ്ടായിരുന്നു.

ഇലഞ്ഞിത്തറമേളത്തിന് ഇലത്താളവുമായി പെരുവനത്തിന്റെ മകനും

തൃശൂര്‍:ഇലഞ്ഞിത്തറയിലെ  മേളപ്പരുക്കത്തിന് ഇലത്താളവുമായി പെരുവനംകുട്ടന്‍മാരാരുടെ മകന്‍ കാര്‍ത്തികും വന്നെത്തി.മുന്‍വര്‍ഷങ്ങളില്‍ ഇലഞ്ഞിത്തറ മേളം കാണാന്‍ കാര്‍ത്തിക് വരാറുണ്ടെങ്കിലും ഇതാദ്യമായാണ് വാദ്യനിരയില്‍ പങ്കെടുക്കുന്നത്.പാറമേക്കാവിനുമുമ്പില്‍ ചെമ്പട തുടങ്ങിയപ്പോള്‍മുതല്‍ മൂന്നാമത്തെ നിരയില്‍ പെരുവനത്തിന്റെ പുറകുവശത്തായി കാര്‍ത്തികും താളം പിടിച്ചു.ചേര്‍പ്പ് സി.എന്‍.എന്‍ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ കാര്‍ത്തിക് അച്ഛന്റെ ശിക്ഷണത്തില്‍ പഞ്ചാരിമേളം പരിശീലിച്ച് അരങ്ങേറ്റം വര്‍ഷങ്ങള്‍ക്കുമുമ്പ് ചേര്‍പ്പ് ഭഗവതിക്ഷേത്രത്തില്‍ നടന്നിരുന്നു.ഇലഞ്ഞിത്തറമേളത്തിന് പങ്കെടുക്കാനുള്ള അതിയായ മോഹമാണ് ഇലത്താളവുമായി പങ്കെടുക്കാന്‍ കാര്‍ത്തികിനെ പ്രേരിപ്പിച്ചത്.അമ്മയും ചേച്ചിയും മേളം കാണാനെത്തിയിരുന്നു.

മേടസൂര്യന്‍ മങ്ങിയപ്പോള്‍ മേളസൂര്യന്‍ കത്തിജ്വലിച്ചു

തൃശൂര്‍:ഇന്നലെ ഉച്ചക്ക് 12 മണിയോടെ പാറമേക്കാവിലമ്മയുടെ തിരുനടയില്‍ എഴുന്നള്ളിപ്പ് തുടങ്ങുമ്പോള്‍ മേടസൂര്യന്‍ കത്തിജ്വലിച്ചു.ഇതിനുമുമ്പുണ്ടാകാത്തത്ര ചൂടോടെയായിരുന്നു ഉച്ചവെയില്‍.എന്നാല്‍ എഴുന്നള്ളിപ്പ് ഇലഞ്ഞിത്തറയിലെത്തിയശേഷം മേടസൂര്യന്‍ മങ്ങി.അന്തരീക്ഷം മാറാന്‍ തുടങ്ങി.എന്നാല്‍ മേളസൂര്യന്‍ ജ്വലിക്കുകയായിരുന്നു.അതെ ;പെരുവനംകുട്ടന്‍ മാരാര്‍ക്ക് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ബോംബെയിലെ കേളിസംഘടന നല്‍കിയ ബഹുമതിയാണ് മേളസര്യന്‍.പെരുമഴയെകൂസാതെ പെരുവനം കൊട്ടിക്കയറി.പാണ്ടിയുടെ രൗദ്രതയിലേക്ക്.ആ മേളപ്പരുക്കത്തില്‍ പൂരപ്രേമികള്‍ ആവേശത്തില്‍ ഇളകിയാടി.

റിപ്പോർട്ട്‌ : കൊടകര ഉണ്ണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!