Breaking News

ലോറി മോഷണശ്രമത്തിനിടയില്‍ 3 പേര്‍ പിടിയില്‍

KDA Lory Moshanam 1കൊടകര : പേരാമ്പ്ര കെ.എം.സി. കമ്പനി പറമ്പില്‍ പാര്‍ക്ക് ചെയ്യാനിട്ടിരുന്ന ടോറസ് ലോറി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 3 പേരെ കൊടകര പോലീസ് പിടികൂടി. നോര്‍ത്ത് ചാലക്കുടി സലിം മന്‍സില്‍ വീട്ടില്‍ നാസര്‍ (52), പരിയാരം തൃപ്പാപ്പിള്ളി ദേശത്ത് ചെഞ്ചേരി വീട്ടില്‍ രാജു (40),  എലിഞ്ഞിപ്ര പാലത്തിങ്കല്‍ വീട്ടില്‍ ടോമി (54),  എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച രാത്രി 12.30 മണിയോടെ പേരാമ്പ്ര നാടുകുന്നിലുള്ള കെ.എം.സി. കമ്പനിയുടെ പറമ്പില്‍ പാറമടയോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിട്ടിരുന്ന ടോറസ് ലോറിയാണ് പ്രതികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. പതിവില്ലാതെ വിജനമായ പറമ്പിലേക്ക് ഒരു ക്വാളിസ് കാര്‍ പോകുന്നതും ആള്‍പെരുമാറ്റം കണ്ടതും നാട്ടുകാരില്‍ സംശയം ഉണ്ടായതിനെതുടര്‍ന്ന് കൊടകര പോലീസില്‍ വിളിച്ചറിയിക്കുകയും ഉടനെ കൊടകര സി.ഐ. കെ. സുമേഷ്, എസ്.ഐ. എം. രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ 3 പേരെയും  കയ്യോടെ പിടിക്കൂടുകയുമായിരുന്നു.

3 പേരും രണ്ട് വര്‍ഷം മുമ്പ് കെ.എം.സി. കമ്പനിയിലെ ജീവനക്കാരായിരുന്നു. കമ്പനിയിലെ വാഹനങ്ങളുടെ ചുമതല നാസറിനും, മെക്കാനിക്കായി രാജുവും ഡ്രൈവറായി ടോമിയും ജോലി ചെയ്തിരുന്നു. കുറച്ച് നാളുകളായി കമ്പനി പ്രവര്‍ത്തിച്ചിരുന്നില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലം കൃത്യമായി അറിയാമായിരുന്ന പ്രതികള്‍ മോഷണത്തിനായി ലോറി സ്റ്റാര്‍ട്ട് ചെയ്യാനുള്ള ബാറ്ററി, ഡീസല്‍, സ്പാനറുകള്‍, സ്‌ക്രൂഡ്രൈവര്‍, വാഹനത്തിന്റെ നമ്പര്‍ മാറ്റി എഴുതാനുള്ള പെയിന്റ്, ബ്രഷ് തുടങ്ങിയ സാധനങ്ങളും കയ്യില്‍ കരുതിയിരുന്നു.

ഒരുമാസം മുമ്പ് ഇതേ സ്ഥലത്തുനിന്നും പ്രതികള്‍ പാര്‍ക്ക് ചെയ്തിട്ടിരുന്ന ഹിറ്റാച്ചിയുടെ എന്‍ഞ്ചിന്റെ പമ്പ്, വാല്‍വ്, ജോയിന്റ് ക്രോസ് ഷീറ്റ്, ഗിയര്‍ ബോക്‌സ് എന്നിവ മോഷണം ചെയ്ത് കൊടകരയിലെ ഒരു ആക്രി സ്ഥാപനത്തില്‍ വിറ്റ് പണം വാങ്ങിയിരുന്നതായി പ്രതികള്‍ സമ്മതിച്ചു. പ്രതികള്‍ മോഷണത്തിനായി വന്ന കാറും, ബൈക്കും, മറ്റ് ഉപകരണങ്ങളും പോലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മോഷണത്തിന് ശേഷം ലോറി തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ കൊണ്ടുപോയി വില്‍ക്കാനായിരുന്നു സംഘത്തിന്റെ പ്ലാന്‍. അന്വേഷണത്തിന് എ.എസ്.ഐ. മാരായ കെ.കെ.ബാബു, സുരേന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.കെ. സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.കെ. ശിവദാസന്‍, കെ. ദിനേഷ്, പ്രതീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

KDA Lory Moshanam 2ലോറി മോഷണശ്രമത്തിനിടയില്‍ പിടിയിലായ നോര്‍ത്ത് ചാലക്കുടി സലിം മന്‍സില്‍ വീട്ടില്‍ നാസര്‍ (52), പരിയാരം തൃപ്പാപ്പിള്ളി ദേശത്ത് ചെഞ്ചേരി വീട്ടില്‍ രാജു (40),  എലിഞ്ഞിപ്ര പാലത്തിങ്കല്‍ വീട്ടില്‍ ടോമി (54)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!