Breaking News

കര്‍ക്കിടകസംക്രാന്തി ബുധനാഴ്ച ;ചേട്ടകളയലും ശീവോതിവക്കലും ഓര്‍മയാകുന്നു.

കൊടകര :മിഥുനമാസത്തിലെ അവസാനദിനമായ ബുധനാഴ്ച കര്‍ക്കിടകസംക്രാന്തി ആചരണം നടക്കും. കര്‍ക്കിടകത്തെ വരവേല്‍ക്കുന്നതിനായി കര്‍ക്കിടകത്തിന്റെ തലേന്ന് പഴയകാലത്തു കേരളത്തിലെ ഹൈന്ദവഭവനങ്ങളില്‍ ഏറെ ഭക്തിപുരസ്സരം നടന്നിരുന്ന ചേട്ടകളയലുംശീവേതിവക്കലും ഓര്‍മയാകുന്നു.

വീടുകള്‍ വൃത്തിയാക്കി, കട്ടില്‍, ജനല്‍, വാതില്‍ എന്നിവയൊക്കെ അടിച്ചുകഴുകിയും മാറാലയും പൊടിയുമൊക്കെതട്ടിക്കളഞ്ഞും വെടിപ്പാക്കുന്നു. ഈ ദിവസം സന്ധ്യക്കുമുമ്പായാണ് ചേട്ടയെകളയല്‍ എന്ന ചടങ്ങ് നടക്കാറ്. ഇതോടനുബന്ധിച്ച് അമംഗളവസ്തുക്കളുടെ പ്രതീകങ്ങളായ പഴന്തുണി, മുടുനാര്, കുറ്റിച്ചൂല്,  തുടങ്ങി പലതും കീറമുറത്തിലാക്കി വീട്ടിലെ മുതിര്‍ന്ന സ്ത്രീയോ പരിചാരികയോ ചേട്ടയായി സങ്കല്‍പ്പിക്കുകയാണ് പതിവ്..

അവര്‍ കീറമുറമെടുത്ത് മുറികളില്‍ ഓരോന്നിലും പോയി ചേട്ടാഭഗവതിയെ മുറത്തിലേക്ക് ആവാഹിക്കും. അപ്പോള്‍ മറ്റുള്ളവര്‍ ചേട്ട പുറത്ത് ഭഗവതി അകത്ത് എന്ന് ഉറക്കെ 3 പ്രവാശ്യം ഉദ്‌ഘോഷിച്ച് വാതിലുകള്‍ കൊട്ടിയടക്കുന്നു. പുറത്താക്കപ്പെട്ട ചേട്ട തിരിഞ്ഞുനോക്കാതെ പടികടന്നുപോകുമ്പോള്‍ മറ്റുള്ളവര്‍ ചാണകം തളിച്ച് വഴി ശുദ്ധമാക്കുന്നു. പടിക്ക് പുറത്താക്കപ്പെട്ട ചേട്ട മാലിന്യങ്ങള്‍ ചപ്പുചവറുകള്‍ കൂട്ടിയിടുന്ന ഭാഗത്ത് നിക്ഷേപിച്ച ശേഷം കുളത്തില്‍ കുളിച്ച് ശുദ്ധമായി ഐശ്വര്യത്തോടെ സന്ധ്യക്കുമുമ്പായി മടങ്ങിയെത്തുന്നു.ഗൃഹാങ്കര്‍ഭാഗത്ത്  നാലിറയത്തിന്റെ ഒരു ഭാഗത്ത് ശീവോതിക്ക് വക്കുന്നു.ശ്രീഭഗവതിയെ പ്രതിഷ്ഠിക്കുന്നതാണ് ഈ ചടങ്ങ്.

അഷ്ടമംഗലവും ദശപുഷ്പം, ഭസ്മം, കിണ്ടി, എന്നിവയെല്ലാം അവണപ്പലകയില്‍ കിഴക്കോട്ടഭിമുഖമായി വയ്ക്കുന്നു. കര്‍ക്കിടം മുഴുവന്‍ രാവിലേയും സന്ധ്യക്കും ശീവോതിവക്കുകയും ദശപുഷ്പം ചൂടുകയും പതിവുണ്ട്. എന്നാല്‍ കാലം മാറിയപ്പോള്‍ ഈ ചടങ്ങുകളും കര്‍ക്കിടകത്തിലെ പത്തിലവക്കലും കനകപ്പൊടിസേവയും ഔഷധസേവയും തുയിലുണര്‍ത്തുംപാട്ടുമൊക്കെ ഓര്‍മയായി .
റിപ്പോര്‍ട്ട് : കൊടകര ഉണ്ണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!