Breaking News

ദുരന്തഭീതിയിലും ചെങ്ങാലൂരുകാര്‍ തോണിയാത്ര തുടരുന്നു

കൊടകര: നെല്ലായിയില്‍ നിന്ന് ചെങ്ങാലൂര്‍ പ്രദേശത്തേക്കുള്ളവര്‍ തോണിയാത്ര തുടരുന്നു. കുറുമാലിപ്പുഴയിലെ കടവില്‍ കടത്തുതോണി മറിഞ്ഞ് അഞ്ചു ജീവനുകള്‍ പൊലിഞ്ഞിട്ട് ഇരുപത്തിരണ്ട് വര്‍ഷം പിന്നിടുമ്പോഴും പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. പറപ്പൂക്കര പഞ്ചായത്തിലെ നെല്ലായിയെയും പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂര്‍ ശ്രീനാരായണപുരത്തെയും ബന്ധിപ്പിക്കുന്നതാണ് നെല്ലായിക്കടവ്.

ദേശീയപാത 47ലെ നെല്ലായി ലിഫ്റ്റ് ഇറിഗേഷന്‍ േസ്റ്റാപ്പില്‍ നിന്നും അമ്പതുമീറ്റര്‍ ദൂരത്തിലാണ് കടവ്. ചെങ്ങാലൂര്‍ പ്രദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികളടക്കമുള്ള നൂറുകണക്കിനാളുകള്‍ ഇവിടെ പുഴകടന്നാണ് ദേശീയപാതയിലെത്തുന്നത്. മഴക്കാലത്ത് ഈ കടവില്‍ പുഴയ്ക്ക് ശക്തമായ അടിയൊഴുക്കാണ്. അമ്പതടിയിലേറെയാണ് ഇവിടെ ആഴം. ശക്തമായ കുത്തൊഴുക്കുണ്ടാകുന്നതിനാല്‍ ജീവന്‍ പണയംവെച്ചാണ് ഇന്നും യാത്രക്കാര്‍ മറുകര കടക്കുന്നത്.

1992 മാര്‍ച്ച് 11നായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തി നെല്ലായിക്കടവില്‍ കടത്തുതോണി ദുരന്തമുണ്ടായത്. 11 പേരെ കയറ്റി മറുകരയിലേക്ക് തുഴഞ്ഞുനീങ്ങിയ കടത്തുവഞ്ചി പുഴയുടെ മധ്യത്തിലെത്തിയപ്പോള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. കടവിനോടുചേര്‍ന്നുള്ള പമ്പുഹൗസിലെ താല്‍ക്കാലിക ഓപ്പറേറ്റായ പന്തല്ലൂര്‍ സ്വദേശി അശോകനും ചെങ്ങാലൂര്‍ സ്വദേശി ആന്റണിയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. ഇവര്‍ക്ക് രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപതക് സമ്മാനിച്ച് രാജ്യം പിന്നീട് ആദരിക്കുകയുണ്ടായി.

നെല്ലായി തോണിയപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ പാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് ശക്തിയേറി. ദുരന്തം നടന്ന് ഒരാഴ്ചയ്ക്കകം അന്നത്തെ ഇരിങ്ങാലക്കുടെ എം.എല്‍.എ. ലോനപ്പന്‍ നമ്പാടന്‍ നിയമസഭയില്‍ സബ്മിഷനിലൂടെ പാലത്തിനായുള്ള ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം പരിഗണിക്കാമെന്ന് ജലസേചനമന്ത്രി സബ്മിഷന് മറുപടിയും നല്‍കി. ഈ ഉറപ്പില്‍ വിശ്വസിച്ച് നാട്ടുകാര്‍ കാത്തിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
റിപ്പോര്‍ട്ട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!