ഈമെയില്‍ അയയ്ക്കാനും ഇന്റര്‍നെറ്റില്‍ തിരയാനും ഒക്കെ പറയുമ്പോള്‍ ‘പ്രായമൊരുപാടായില്ലേ ഇനി അതൊക്കെ പിള്ളേര് നോക്കട്ടെ’ എന്നുപറഞ്ഞ് ഒഴിയുന്ന ഓള്‍ഡ് ജെനറേഷന്റെ ശ്രദ്ധയ്ക്ക്. ഓര്‍മശക്തി കുറയുന്നത് തടയാന്‍ ഇന്റര്‍നെറ്റ് ഉപയോഗം സഹായിക്കും. പുതിയൊരു പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്റര്‍നെറ്റില്‍ തിരയുന്നതും ഈമെയില്‍ അയയ്ക്കുന്നതും അടക്കമുള്ള ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ മെച്ചപ്പെടുത്തുമെന്ന് ‘ജെറന്റോളജി മാഗസിനില്‍’ പ്രസിദ്ധീകരിച്ച പഠനമാണ് പറയുന്നത്.
ഡിജിറ്റല്‍ സാക്ഷരത മസ്തിഷ്‌കത്തിന്റെ ബൗദ്ധികശേഷി വര്‍ധിപ്പിക്കുമെന്നും തലച്ചോറിലെ ശൃംഖലകളെ കൂടുതല്‍ കാര്യക്ഷമമാക്കി ഓര്‍മയും മറ്റു ബൗദ്ധികശേഷികളും കുറയുന്നത് വൈകിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
50-89 പ്രായക്കാരായ 6442 ബ്രിട്ടീഷുകാരില്‍ നടത്തിയ എട്ടുവര്‍ഷം നീണ്ട പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
ഡിജിറ്റല്‍ സാക്ഷരതയുള്ളവര്‍ക്ക് അല്ലാത്തവരേക്കാള്‍ കൂടുതല്‍ വേഗത്തില്‍ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നതായാണ് ഗവേഷകര്‍ മനസ്സിലാക്കിയത്.
ഡിജിറ്റല്‍ സാക്ഷരത വ്യാപകമാക്കാന്‍ പ്രത്യേകം താത്പര്യമെടുത്ത രാജ്യങ്ങളില്‍ വരും വര്‍ഷങ്ങളില്‍ അല്‍ഷൈമേഴ്‌സ് പോലുള്ള സ്മൃതിനാശരോഗങ്ങള്‍ കുറയുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്റര്‍നെറ്റ്, ഈമെയില്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പ്രായമായവര്‍ മുഖം തിരിക്കേണ്ട എന്നര്‍ഥം. അത് ഗുണം ചെയ്യും