Breaking News

തോട്ടത്തില്‍ അയ്യപ്പന് തൊണ്ണൂറ്റി രണ്ടിലും സൈക്കിള്‍ സവാരി പ്രിയം

Apple

Hits: 102

ThottathilAyyappan1കൊടകര: മുരിക്കുങ്ങല്‍ തോട്ടത്തില്‍ അയ്യപ്പന് സൈക്കിള്‍ ഒരു വികാരമാണ്. വാര്‍ധക്യത്തിന്റെ അവശതകള്‍ അലട്ടുമ്പോഴും യാത്രകള്‍ക്ക് സൈക്കിള്‍ തന്നെയാണ് തൊണ്ണൂറ്റി രണ്ടാം വയസിലും അയ്യപ്പന് പ്രിയം. മുപ്പതാം വയസില്‍ തുടങ്ങിയതാണ് സൈക്കിള്‍ യാത്രയോടുള്ള കമ്പം. നാട്ടുകാരനായ ഒരു സ്‌നേഹിതന്റെ സഹായത്തോടെ ഒറ്റ രാത്രി കൊണ്ടാണ് അയ്യപ്പന്‍ സൈക്കിളോടിക്കാന്‍ പഠിച്ചത്. ആദ്യമൊക്കെ വാടകക്കെടുത്ത സൈക്കിളിലായിരുന്നു യാത്ര. അക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ സൈക്കിള്‍ ഷോപ്പുകള്‍ ധാരാളമുണ്ടായിരുന്നു. മണിക്കൂര്‍ കണക്കിലായിരുന്നു സൈക്കിള്‍ വാടകക്ക് നല്‍കിയിരുന്നത്. റാലി സൈക്കിളിനാണ് അന്ന് ഏറ്റവും ഡിമാന്റുണ്ടായിരുന്നത്.

നാട്ടിലെ ചില സ്‌കൂള്‍ അധ്യാപകര്‍ക്കും പ്രമാണിമാര്‍ക്കും മാത്രമാണ് അന്ന് സ്വന്തം സൈക്കിള്‍ ഉണ്ടായിരുന്നത്. പിന്നേയും കുറച്ചു കൊല്ലങ്ങല്‍ കഴിഞ്ഞാണ് അയ്യപ്പന്‍ സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങിയത്. മുരുക്കുങ്ങലില്‍ തന്നെയുള്ള ഒരാളുടെ പക്കള്‍ നിന്ന് പഴയൊരു സൈക്കിളാണ് ആദ്യമായി വാങ്ങിയത്. അതില്‍ പിന്നെ ദൂരയാത്രകള്‍ പലതും സൈക്കിളില്‍ തന്നെയായി. ജ•നാടായ മേലൂര്‍ കുവ്വക്കാട്ടുകുന്നിലേക്കും ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര തുടങ്ങിയ പ്രദേശങ്ങളിലേക്കുമൊക്കെ കിലോമീറ്ററുകള്‍ താണ്ടി അയ്യപ്പന്‍ സൈക്കിളിലാണ് പോയിരുന്നത്. പഴയ സൈക്കിള്‍ യാത്രകളെ കുറിച്ചു ചോദിച്ചാല്‍ നാട്ടുകാര്‍ കുട്ടപ്പേട്ടനെന്നു വിളിക്കുന്ന അയ്യപ്പന്‍ വാചാലനാകും. ഇന്നത്തെ പോലെ ടാറിംഗ് റോഡുകളില്ലാതിരുന്ന കാലത്ത് മെറ്റല്‍ വഴികളിലൂടേയും കല്ലുകള്‍ നിറഞ്ഞ ചെമ്മണ്‍വഴികളിലൂടേയും കൂട്ടുകാരൊത്ത് സൈക്കിള്‍ ചവിട്ടിയ അനുഭവം അയ്യപ്പന്‍ ഓര്‍ത്തെടുക്കും.

ThottathilAyyappan1 (2)ഇന്നത്തെ യുവതലമുറക്ക് സൈക്കിള്‍ വേണ്ടായതിന്റെ വേദനയും ചുളിവുകള്‍ വീണ ആ മുഖത്ത് പ്രതിഫലിക്കും. കുട്ടികള്‍ സൈക്കിള്‍ ചവിട്ടി സ്‌കൂളിലേക്കു പോകുന്നത് കാണുമ്പോള്‍ പുതിയതലമുറ സൈക്കിളിനെ തീര്‍ത്തും കൈവിട്ടിട്ടില്ലെന്ന് ആശ്വാസം കൊള്ളും. രണ്ട് വര്‍ഷം മുമ്പ് വരെ എവിടെ പോകാനും സൈക്കിള്‍ ഉപയോഗിച്ചിരുന്ന ഈ വയോധികന് ഇപ്പോള്‍ പഴയതുപോലെ സൈക്കിള്‍ യാത്ര നടത്താനാവാത്തതിന്റെ നിരാശയുണ്ട്. ദീര്‍ഘനേരം സൈക്കിള്‍ ചവുട്ടിയാല്‍ കാലിന്റെ മുട്ടില്‍ വേദന അനുഭവപ്പെടുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. രണ്ട് വര്‍ഷം മുമ്പ് മരത്തില്‍ കയറി അടക്ക പറിക്കാന്‍ ശ്രമി്ക്കുന്നിനിടെ താഴെ വീണതില്‍പിന്നെയാണ് മുട്ടുവേദന കലശലായത്.

പ്രമേഹരോഗവും ചെറുതായി അലട്ടുന്നുണ്ട്്്. രണ്ട് മാസത്തോളമായി കുറേശെ ശ്വാസം മുട്ടലും അനുഭവപ്പെടുന്നുണ്ട്. എങ്കിലും വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കോടാലി ടൗണിലേക്കു പോകുന്നതും മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ കാണാന്‍ പോകുന്നതുമെല്ലാം ഇപ്പോഴും സൈക്കിളില്‍ തന്നെ. വെള്ളിക്കുളങ്ങരയിലെ കറന്‍ോഫീസില്‍ പണമടക്കാനും സഹകരണ ബാങ്ക്, വില്ലേജോഫീസ് , മറ്റത്തൂര്‍ പഞ്ചായത്തോഫീസ് എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ക്കും സൈക്കിളില്‍ തന്നെയാണ് പോകാറുള്ളത്. തൊണ്ണൂറു കടന്ന അയ്യപ്പന്‍ സൈക്കിളില്‍ പോകുന്നത് നാട്ടിലുള്ള പ്രായം ചെന്നവര്‍ പോലും കൗതുകത്തോടെയാണ് നോക്കിനില്‍ക്കുന്നത്. മഞ്ഞായാലും മഴയായാലും മുടങ്ങാതെ മുരുക്കുങ്ങല്‍ പാലം ജംഗ്ഷനിലുള്ള ചായക്കടയില്‍ രാവിലെ അയ്യപ്പനെത്തും. ചായകുടിച്ച് കുറച്ചുസമയം നാട്ടുവര്‍ത്തമാനങ്ങള്‍ കേട്ടശേഷമേ വീട്ടിലേക്കു മടങ്ങൂ. വീട്ടിലെത്തിയാല്‍ അടങ്ങിയിരിക്കുന്ന ശീലം ഇപ്പോഴും അയ്യപ്പനില്ല. വീട്ടിലുള്ള രണ്ട് ആടുകളെ കയറുപിടിച്ച് പറമ്പില്‍ കൊണ്ടു കെട്ടുന്ന ജോലി ഈ വയോധികന്‍ ഏറ്റെടുക്കുന്നു.

ചാലക്കുടിക്കടുത്തുള്ള മേലൂര്‍ കുവ്വക്കാട്ടുകുന്നിലാണ് അയ്യപ്പന്‍ ജനിച്ച് വളര്‍ന്നത്. ആശാന്‍ പള്ളിക്കൂടത്തില്‍ നിലത്തെഴുത്തുപഠിച്ച ശേഷം മൂന്നാം ക്ലാസുവരെ സ്‌കൂള്‍ വിദ്യഭ്യാസം നേടി. 17-ാം വയസില്‍ അവിടെ നിന്ന് മറ്റത്തൂര്‍ ചാഴിക്കാട്ടേക്ക് പിതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം താമസം മാറി. കൃഷിചെയ്യാന്‍ കുറേക്കൂടി നല്ല മണ്ണുതേടിയാണ് മറ്റത്തൂരിലെത്തിയത്. മൂന്നുവര്‍ഷത്തോളം ചാഴിക്കാട് താമസി്ച്ചു. 18-ാം വയസില്‍ കാലടി തൊറവൂര്‍ സ്വദേശിനി കലാണിയെ വിവാഹം കഴിച്ചു. പിന്നീടാണ് കോടാലി മുരുക്കുങ്ങല്‍ പ്രദേശത്തെത്തി താമസമാക്കിയത്. അക്കാലത്ത് കാട്ടുമൃഗങ്ങള്‍ വിഹരിക്കുന്ന പ്രദേശമായിരുന്നു മുരുക്കുങ്ങല്‍. വീടുകള്‍ നന്നേ ചുരുക്കം.

പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ രാപകല്‍ പണിയെടുത്തു. ഭൂപരിഷ്‌ക്കരണ നിയമം നിലവില്‍ വരുന്നതിന്റെ തലേക്കൊല്ലം കൈവശമുണ്ടായിരുന്ന കൃഷിസ്ഥലത്തിന്റെ നല്ലൊരു ഭാഗം ജ•ിയെ തിരികെ ഏല്‍പ്പിച്ചു. പിന്നീട് സ്വന്തമായി കിട്ടിയ മൂന്നേക്കറോളം ഭൂമിയില്‍ വാഴയും കപ്പയും കവുങ്ങും തെങ്ങും വെറ്റിലയും എല്ലാം കൃഷിചെയ്തു. ജലസേചനസൗകര്യം കുറവായിരു്‌നന അക്കാലത്ത് രാത്രി പത്തുമണിവരെ കിണറില്‍ നിന്നും വെള്ളം തേവിയിരുന്നു. കാളത്തേക്കും കൊട്ടത്തേക്കുമാണ് അന്ന് കിണറില്‍ നിന്ന് ജലസേചനം നടത്താന്‍ ഉപയോഗിച്ചിരുന്നത്. കാളത്തേക്കിന്റെ ഉപകരണങ്ങള്‍ ഇപ്പോഴും അയ്യപ്പന്‍ വീട്ടില്‍ സൂക്ഷിക്കുന്നു. അയ്യപ്പന്റെ ഭാര്യ കല്യാണിക്ക്് ഇപ്പോള്‍ 90 വയസിനടുത്ത് പ്രായമുണ്ട്. രണ്ടുമക്കളില്‍ മൂത്തയാള്‍ ഏഴാം വയസില്‍ മരണപ്പെട്ടു. ഇളയ മകന് 63 വയസായി. അയ്യപ്പന്റെ മൂന്നുസഹോദരങ്ങളില്‍ രണ്ടുപേര്‍ ഇപ്പോഴും ഉണ്ട്. ഇളയ സഹോദരിക്ക് 75 കഴിഞ്ഞു.

ആറടി ഉയരമുള്ള അയ്യപ്പന് തൊണ്ണൂറിലും സൈക്കിളോടിക്കാനാകുന്നത് ഉയരക്കൂടുതലുള്ളതിനാലാണ്. വീഴാന്‍ പോകുമ്പോള്‍ എളുപ്പത്തില്‍ കാലുകുത്താന്‍ കഴിയുന്നതാണ് അനായാസം സൈക്കിളോടിക്കാന്‍ ഇ വയോധികനെ സഹായിക്കുന്നത്. പണ്ട് യാത്രകഴിഞ്ഞുവന്നാല്‍ സൈക്കിള്‍ തുടച്ചുവൃത്തിയാക്കി വെച്ചശേഷമേ മറ്റ് കാര്യങ്ങളിലേക്കു തിരിയാറുള്ളു. മണ്ണെണ്ണയും വെളിച്ചെണ്ണയും ചേര്ത്താണ് സൈക്കിള്‍ തുടക്കാനുപയോഗിച്ചിരുന്നത്. ആഴ്ചയിലൊരിക്കലെങ്കിലും സൈക്കിള്‍ കഴുകി വൃത്തിയാക്കുകയും ചെയ്തിരുന്നു. സൈക്കില്‍ വൃത്തിയാക്കി കൊണ്ടുനടക്കുന്ന കാര്യത്തില്‍ ഇപ്പോഴും വലിയ മാറ്റം ഉണ്ടായിട്ടില്ല. നേരത്തെയുണ്ടായിരുന്ന സൈക്കിള്‍ കോടാലിയില്‍ വെച്ച് മോഷണം പോയപ്പോള്‍ വാങ്ങിയതാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പതിനഞ്ചുവര്‍ഷത്തിലേറെ പഴക്കമുള്ള ഈ സൈക്കിള്‍ പറയത്തക്ക കേടുപാടുകളൊന്നുമില്ലാതെ ഇന്നും അയ്യപ്പന്‍ ഉപയോഗിക്കുന്നു. കടപ്പാട് : മീഡിയ കൊടകര

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.