Breaking News

സരസ്വതി നമസ്തുഭ്യം……

അറിവിന്റേയും ഐശ്വര്യത്തിന്റേയും പൊന്‍പ്രഭയില്‍ മറ്റൊരു  നവരാത്രിക്കാലം .ശരത്ക്കാലത്തില്‍ ആശ്വിനമാസത്തില്‍ ശുക്ലപക്ഷത്തിലുള്ള പ്രതിപദം മുതല്‍ നവമി വരെയുള്ള 9 നാളുകളിലാണ്  നവരാത്രിആഘോഷം.പത്താംനാള്‍ വിദ്യയുടേയും പ്രവൃത്തിയുടേയും ശുഭവേളയായി വിജയദശമിയും കടന്നുവരുന്നു. എന്നാല്‍ ഈ വര്‍ഷം ആകെ 9 ദിനങ്ങളില്‍ മാത്രമാണ് ആഘോഷം.നവമിയും ദശമിയും ഒരേദിവസം വരുന്നതിനാലാണിത്. അഷ്ടമിനാളില്‍ പൂജവെപ്പ് തുടങ്ങി വിജയദശമിവരെ അധ്യയനമോ ഉപകരണങ്ങള്‍ പ്രയോഗിക്കലോ പാടില്ലെന്നാണ് വിശ്വാസം.ദുര്‍ഗതിയെ നിവാരണം ചെയ്യുന്നദുര്‍ഗയുടെ മുമ്പില്‍ സര്‍വവും സമര്‍പ്പിക്കുന്നതോടൊപ്പം വിജയദശമിദിനത്തില്‍ വര്‍ധിതോത്സാഹത്തോടെ  കര്‍മരംഗേേത്തക്ക് പ്രവേശിക്കുകയും ചെയ്യുന്നു.ഒമ്പതു ശക്തികളുടെ സംയുക്തമാണ് നവരാത്രി.

കുമാരി, ത്രിമൂര്‍ത്തി,കല്യാണി,രോഹിണി, കാളിക,ചണ്ഡിക,ശ്യംഭവി, ദുര്‍ഗ,സുഭദ്ര എന്നീ രൂപ സങ്കല്‍പ്പങ്ങളിലാണ് ഓരോ ദിവസവും പൂജിക്കുന്നത്.മനുഷ്യന്റെ ഭൗതീകവും ആത്മീയവുമായ ജിവിതത്തിന് ഊര്‍ജശക്തിയേകുന്ന നാളുകളാണ് നവരാത്രിക്കാലം.ഭാരതത്തിലാകമാനം ഭക്ത്യാദരപൂര്‍വം ആചരിച്ചുവരുന്ന ഈ ആഘോഷത്തിന് ദേശകാലവ്യത്യാസങ്ങളുണ്ട്.ആചരണത്തിലും ആരാധനയിലും ഭാരതത്തില്‍തന്നെ ഉത്തര-ദക്ഷിണങ്ങളില്‍ വ്യത്യസ്തത കാണാനാകും.ദക്ഷിണേന്ത്യയില്‍ ആദ്യ 3 ദിവസം ലക്ഷ്മീ ഭാവത്തിലും രണ്ടാമത്തെ 3 ദിവസം സരസ്വതിയേയും തുടര്‍ന്ന് 3 നാള്‍ ദുര്‍ഗയേയുമാണ് പൂജിക്കുന്നത്.എന്നാല്‍ അഷ്ടമിക്ക് ദുര്‍ഗയേയും നവമിക്ക് ലക്ഷ്മിയേയും വിജയദശമിക്ക് സരസ്വതിയേയും ആരാധിക്കുന്നവരുമുണ്ട്.

തമിഴ്‌നാട്ടില്‍ വസന്തനവരാത്രി, മാഘനവരാത്രി, ശാരദാനവരാത്രി എന്നിങ്ങനെ 3 സങ്കല്‍പ്പങ്ങളിലാണ് നവരാത്രി ആഘോഷം. വിദ്യാദേവതയായ സരസ്വതിയെ കലൈമകള്‍ എന്നാണ് വിളിക്കുന്നത്.ബൊമ്മക്കൊലു ഒരുക്കിയ പൂജ ഇവിടെ വിശേഷമാണ്.കലശത്തില്‍ നാളികേരം വച്ച് ഈശ്വരിയെ സങ്കല്‍പ്പിച്ച് പൂജിക്കുന്നു.സമീപത്ത് വിവിധവലിപ്പത്തിലും രൂപത്തിലുമുള്ള ബൊമ്മക്കൊലുകള്‍ ഒരുക്കുന്നു.ബംഗാള്‍,ഗുജറാത്ത്,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ദുര്‍ഗാപൂജക്കാണ് ഏറെ പ്രാധാന്യം.മഹിഷാസുരകഥയുമായി ബന്ധപ്പെട്ടാണ് ഇവിടെ ദുര്‍ഗാപൂജ ആഘോഷിക്കുന്നത്.മഹിഷാസുരമര്‍ദിനിയായ മാതംഗിയുടെ രൂപം 3 ദിവസത്തെ വിശേഷപൂജകള്‍ക്കും ശേഷം വിജയദശമിദിനത്തില്‍ സ്‌നാനഘട്ടത്തില്‍ നിമജ്ജനംചെയ്യുന്നു.

നവരാത്രിനാളഉകളില്‍ പലയിടത്തും കുമാരിപൂജയും നടന്നു വരുന്നു.2 നും 10 നും ഇടയില്‍ പ്രായമുള്ള ് ബാലികമാരെയാണ് കുമാരിപൂജക്ക് തെരഞ്ഞെടുക്കുന്നത്.9 ദിവസങ്ങളില്‍ 9 ഭാവങ്ങളില്‍ ഇവര്‍ പൂജിക്കപ്പെടുന്നു.ഓരോ ദിവസവും അതേദിനത്തിലെ ദേവിയുടെ രൂപത്തിനനുസരിച്ച് ആടയാഭരണങ്ങള്‍ അണിയിച്ച് ബാലികമാരെ ഒരുക്കുന്നു.പാപപരിഹാരത്തിനും അഭീഷ്ടസിദ്ധിക്കുമായാണ് കുമാരിപൂജ നടത്തുന്നത്.ദേവീ ഭാഗവതത്തില്‍ നവരാത്രികൊണ്ട് പിതൃഗതിനേടിയ ജനമേജയന്റെ കഥ പറയുന്നുണ്ട്.

ഉത്തരേന്ത്യയില്‍ ദസറ എന്ന പേരിലാണ് വിജയദശമി അറിയപ്പെടുന്നത്.സീതാദേവിയെ അപഹരിച്ച രാവണനെ നിഗ്രഹിക്കാന്‍ നവരാത്രിവ്രതത്തിലൂടെയാണ് ശ്രീരാമന് സാധിച്ചതെന്നും വിജയദശമിദിനത്തിലാണ് രാവണനിഗ്രഹം സാധിച്ചതെന്നുമാണ് വിശ്വാസം.രാക്ഷസ ശക്തിയെ ദൈവീകശക്തി തോല്‍പ്പിച്ച് വിജയംവരിച്ച വിജയദശമി വിദ്യാരംഭത്തിന് ശുഭദിനമാണ്.
സാഹിത്യാദി കലകളുടെ പ്രതീകമാണ് ദേവി.സരസ്വതി എന്നാല്‍ സരസ്സുപോലെ ആഴമുള്ളവല്‍ എന്നാണ് അര്‍ഥമാക്കുന്നത്.ആഴത്തിലുള്ള വിദ്യയുണ്ടാകാനായി ഈ ദിനം ആദ്യാക്ഷരം കുറിക്കുന്നതിനും ഉത്തമമാണ്.വിദ്യാരംഭത്തിന് കുട്ടികള്‍ ഹരിശ്രീ ഗണപതയേ നമ എന്ന് ആദ്യ വാചകമെഴുതിയാണ് ഹരിശ്രീ കുറിക്കുന്നത്.എഴുത്തിനിരുത്തല്‍, പുസ്തകപൂജ എന്നിവ അറിവിനോടുള്ള നമ്മുടെ ആദരവിന്റെ അടയാളമാണ്.കത്തിച്ചുവച്ച നിളവിളക്കിനുമുമ്പില്‍ വെള്ളിത്തളികയില്‍ അരിയിലോ നെല്ലിലോ ഹരിശ്രീകുറിച്ചതിനുശേഷം ഇളംനാവില്‍ മോതിരംകൊണ്ട് ആചാര്യര്‍ എഴുതിക്കുന്നു.ബ്രഹ്മശക്തിരൂപത്തില്‍ പൂജിക്കപ്പെടുന്ന ജഗദംബയുടെ ശക്തി പ്രപഞ്ചംമുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന  നവരാത്രിക്കാലം ഭക്തന്റെ ആധ്യാത്മികജിവിതത്തില്‍ നവശക്തി നടമാടുന്ന പുണ്യകാലവുമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!