കൊടകര: മാര്‍ തോമാശ്ലീഹയുടെ ധ്യാന സ്ഥലമായിരുന്നതായി വിശ്വസിക്കുന്ന കനകമലയ്ക്ക് മുകളില്‍ വിശ്വാസപ്രഖ്യാപന തിരുനാള്‍ ഭക്തി നിര്‍ഭരമായി. ഈസ്റ്റര്‍ കഴിഞ്ഞുവന്ന പുതുഞായറാഴ്ചയില്‍ തോമാശ്ലീഹയുടെ പാദസ്പര്‍ശമേറ്റ വഴികളിലൂടെ നിരവധി വിശ്വാസികള്‍ അവശതകള്‍ മറന്നും മലകയറിയെത്തി.
രാവിലെ അടിവാരം പള്ളിയില്‍ കുര്‍ബാനയ്ക്ക് തീര്‍ഥാടനകേന്ദ്രം വികാരിയും റെക്ടറുമായ ഫാ. ജോണ്‍ കവലക്കാട്ട് നേതൃത്വം നല്‍കി. കുരിശുമുടിയില്‍ തിരുനാള്‍ പട്ടുകുര്‍ബ്ബാനയ്ക്ക് ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മ്മികത്വം വഹിച്ചു.തിരുനാളിനായി തിരഞ്ഞെടുത്ത 410 കുരിശുമുടിയില്‍ തോമാശ്ലീഹായുടെ അടിമക്കിരുത്തല്‍ ചടങ്ങ് നടന്നു. അസി.വികാരി ഫാ.ലിജോ പുതുശ്ശേരി, ആത്മീയ ഉപദേഷ്ടാവ് ജോയ് കൊഴുക്കട്ട, ഫാ. വിപിന്‍ കളമ്പാടന്‍ എന്നിവര്‍ സഹ കാര്‍മ്മികരായി. തിരുശേഷിപ്പ് വണക്കം, നേര്‍ച്ചഭക്ഷണ വിതരണം, അടിവാരം പള്ളിയില്‍ കുര്‍ബ്ബാന എന്നിവയുണ്ടായി.