Breaking News

അശീതിനിറവില്‍ കെ.എം.എന്‍ കര്‍ത്ത ; നിര്‍ധനരോഗികള്‍ക്ക് പിറന്നാള്‍ദിനത്തില്‍ ചികിത്സാസഹായം നല്‍കും

IMG-20150725-WA0017കൊളത്തൂര്‍ : കൊളത്തൂര്‍ മഠത്തില്‍ നീലകണ്ഠന്‍ കര്‍ത്ത എന്ന കെ.എം.എന്‍ കര്‍ത്ത അശീതിയുടെ നിറവില്‍. ജനകീയനായപൊതുപ്രവര്‍ത്തകന്‍, മികച്ചസഹകാരി, സമര്‍ഥനായ ട്രേഡ് യൂണിയന്‍ നേതാവ് എന്നീ നിലകളില്‍ ശ്രദ്ദേയനായ കെ.എം.എന്‍ എളിമയാര്‍ന്ന ജീവിതശൈലികൊണ്ടും മാന്യതയാര്‍ന്ന പെരുമാറ്റം കൊണ്ടും അനേകായിരങ്ങളുടെ സ്‌നേഹസ്പര്‍ശം ഏറ്റുവാങ്ങി.കൈവച്ചമേഖലകളിലെല്ലാം ആത്മാര്‍ഥതയുടേയും കാര്യക്ഷമതയുടേയും പ്രതിരൂപമാണ് ഈ ത്രൈക്ഷരി.

വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പം കുറയുന്ന ഇക്കാലത്ത് ദശാബ്ദങ്ങളായി ഇദ്ദേഹം പുലര്‍ത്തിപ്പോരുന്ന സൗഹൃദങ്ങള്‍ മാതൃകയാക്കേണ്ടതാണ്. 1935 ല്‍ കുന്നത്തേരി കുളത്തൂര്‍മഠത്തില്‍ ലക്ഷ്മിക്കുട്ടി ഇളയന്നയുടേയും നന്തിപുലം കോവൂര്‍ മനയ്ക്കല്‍ കൃഷണന്‍ നമ്പൂതിരിയുടേയും മകനായാണ് കര്‍ത്തയുടെ ജനനം.പന്തല്ലൂര്‍ ജനത യു.പി.സ്‌കൂള്‍,കൊടകര ഗവ.നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍വിദ്യാഭ്യാസം.മധ്യപ്രദേശ് സര്‍ക്കാറിന്റെ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷന്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസ്സായി.

തുടര്‍ന്ന് അനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോക്ക്‌മെന്‍ ട്രെയിനി,ഡിപ്ലോമ ഇന്‍ ജേര്‍ണലിസം എന്നിവയില്‍ വിജയം നേടി.55 ല്‍ സ്റ്റേക്ക്‌മെന്‍ ആയി മൂവാറ്റുപുഴ ബ്ലോക്കില്‍ സര്‍വീസില്‍ പ്രവേശിച്ചാണ് ഔദ്വേഗികജീവിതം ആരംഭിച്ചത്.62 ല്‍ മണ്ണുത്തി വെറ്റിനറി കോളേജിനുകീഴിലുള്ള ലൈവ്‌സ്റ്റോക്ക്ഫാമില്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം സീനിയര്‍ ഗ്രേഡ്ഫാം സൂപ്പര്‍വൈസറായിരിക്കെ 1990 ല്‍ സര്‍വീസില്‍നിന്നും വിരമിച്ചു.ആധ്യാത്മികം, വിദ്യാഭ്യാസം,കാര്‍ഷികം,ട്രേഡ് യൂണിയന്‍, സഹകരണം, സര്‍വീസ് മേഖലകളില്‍ കെ.എം.എന്നിന്റെ തൂവല്‍സ്പര്‍ശമുണ്ട്.

കര്‍ക്കിടകത്തിലെ പൂരോരുട്ടാതിനക്ഷത്രത്തില്‍ പിറന്ന കെ.എം.എന്നിന് കര്‍മകാണ്ഡത്തിലെ 8 പതിറ്റാണ്ട് തികയുന്ന വേളയില്‍ നാടും നാട്ടാരും ചേര്‍ന്ന് സേവനത്തിന്റേയും ആദരവിന്റേയും പിറന്നാള്‍ സമ്മാനമൊരുക്കുകയാണ്.അശീതിയോടനുബന്ധിച്ച് കൊളത്തൂരിലേയും സമീപത്തേയും നിര്‍ധനരായ 25 രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്നുണ്ട്. കൊളത്തൂക്കാരുടെ അനിയന്‍മാന്‍ എന്ന കര്‍ത്തയുടെ പിറന്നാള്‍ ആഘോഷത്തിനായി ഡോ.കെ.പി.രഘുനാഥന്‍ ചെയര്‍മാനും പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.പ്രസാദ് കണ്‍വീനറുമായി സംഘാടക സമിതിപ്രവര്‍ത്തിക്കുന്നു. ഓഗസ്റ്റ് 2 ന് രാവിലെ 9.30 ന് നെല്ലായി കാവല്ലൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പിറന്നാള്‍ആദരണസമ്മേളനം.

സഹകരണവകുപ്പുമന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.സി.രവീന്ദ്രനാഥ് എം.എല്‍.എ അധ്യക്ഷത വഹിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. ഇരിങ്ങാലക്കുട ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ടി.ജി.ശങ്കരനാരായണന്‍ ചികിത്സാസഹായവിതരണവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി ഭാസ്‌കരന്‍നായര്‍ ഉപഹാരസമര്‍പ്പണവും രാപ്പാള്‍ സുകുമാരമേനോന്‍ മംഗളപത്രസമര്‍പ്പണവും നടത്തും. പത്രസമ്മേളനത്തില്‍ പി.കെ.പ്രസാദ്,നന്ദിനി രമേശന്‍,കെ.സുധാകരന്‍, വടുതല നാരായണന്‍, കെ.എം.ചന്ദ്രമോഹന്‍, ആര്‍.നാരായണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!