Breaking News

ജാതിത്തോട്ടങ്ങളില്‍ കായ് കൊഴിച്ചില്‍; കര്‍ഷകര്‍ക്ക് നഷ്ടത്തിന്റെ വേനല്‍.

കൊടകര: കനത്ത വേനല്‍ച്ചൂടില്‍ ജാതിമരങ്ങളില്‍ നിന്ന് മൂപ്പെത്താതെ കായ്കള്‍ കൊഴിഞ്ഞുവീഴുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വര്‍ഷം മുഴുവനും വരുമാനം പ്രതീക്ഷിച്ചു നടത്തിയ ജാതികൃഷിയില്‍ ഇക്കുറി നഷ്ടത്തിന്റെ തോത് ഉയര്‍ന്നത് നൂറുകണക്കിന് കര്‍ഷകരെ നിരാശരാക്കിയിരിക്കയാണ്. കൊടകര, പുതുക്കാട്, മറ്റത്തൂര്‍, കോടശ്ശേരി, കൊരട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ ഈ വര്‍ഷം ജാതികൃഷിയില്‍ വരുമാനം നാലിലൊന്നായി. കുറുമാലിപ്പുഴയുടെയും ചാലക്കുടി പുഴയുടെയും കരയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും മലയോരങ്ങളില്‍ ജലസേചനവകുപ്പിന്റെ ഇടതുകര, വലതുകര കനാലുകളിലെ വെള്ളമെത്തുന്ന പ്രദേശങ്ങളിലുമാണ് വ്യാപകമായി ജാതിത്തോട്ടങ്ങളുള്ളത്. മറ്റു പ്രദേശങ്ങളില്‍ ചെറുകിട കര്‍ഷകരുമുണ്ട്. കായ്കള്‍ കൊഴിഞ്ഞുവീഴുന്നതോടൊപ്പം ജാതിമരങ്ങള്‍ക്ക് ഉണക്കും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
കൂടുതല്‍ കായ് പിടിച്ച വര്‍ഷം
ജാതിമരങ്ങളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ കായ് പിടിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു ഇക്കുറി ഭൂരിഭാഗം കര്‍ഷകരും. സാധാരണ ഒരു വര്‍ഷത്തില്‍ നല്ല കായ്ഫലമുള്ള ഒരു ജാതിമരത്തില്‍നിന്ന് 2000 മുതല്‍ 3000 കായ്കള്‍ വരെ ലഭിക്കാറുണ്ട്. നല്ലപാലെ നനയുണ്ടെങ്കില്‍ ജാതി വര്‍ഷം മുഴുവനും കായ്ക്കും. ജൂണ്‍-ജൂലായ് വരെയാണ് പ്രധാന വിളവെടുപ്പുകാലം. ഒരു ജാതിക്കയ്ക്ക് കുരുവിനും പത്രിക്കുമായി ശരാശരി അഞ്ചു രൂപ വരെ വിലകിട്ടുമായിരുന്നു. മൂപ്പെത്തിയ കുരുവിന് കിലോയ്ക്ക് 350 രൂപയും പത്രിക്ക് 600 രൂപയും ഇപ്പോള്‍ വിലയുണ്ട്. മുന്‍ മാസങ്ങളില്‍ ജാതിപത്രിക്ക് 800 രൂപ വരെ വിലയുണ്ടായിരുന്നു. മുഴുവന്‍ ചില്ലകളിലും ഇത്തവണ ധാരാളം കായ്കള്‍ നിറഞ്ഞെങ്കിലും മൂപ്പെത്തി വലിപ്പം വയ്ക്കുന്നതിനു മുമ്പേ കൊഴിയുകയാണ്.
വിനയായത് കൂടിയ ചൂട്

ജാതിയില്‍ കായ് പിടിച്ചുതുടങ്ങുന്നതോടെ വേനലും തുടങ്ങും . വേനല്‍ പകുതിയില്‍ ഇടമഴ കാര്യമായി പെയ്യാതിരുന്നതിനാല്‍ ചൂട് ക്രമാതീതമായി കൂടിയതാണ് കായ് കൊഴിച്ചിലിന് പ്രധാന കാരണമെന്ന് കര്‍ഷകരും കൃഷിവകുപ്പ് അധികൃതരും പറയുന്നു. വേനലാരംഭം തൊട്ടേ ജലസേചനത്തിനു മാര്‍ഗ്ഗമില്ലാതിരുന്നതും കൊഴിച്ചിലിന് കാരണമായി. ഡിസംബറില്‍ തന്നെ കുറുമാലിപ്പുഴയില്‍ പലയിടത്തായി തടയണ കെട്ടിയാണ് ജലസേചനത്തിന് വഴിയൊരുക്കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം മാസങ്ങള്‍ പിന്നിട്ടാണ് തടയണ നിര്‍മ്മിച്ചത്. ഇതുമൂലം വേനല്‍ ആരംഭത്തിലേ ഈ പ്രദേശങ്ങളിലെ ജാതിത്തോട്ടങ്ങളില്‍ ജലസേചനം നടത്താനാകാത്ത സ്ഥിതിയായിരുന്നു. ഇറിഗേഷന്‍ കനാലിലും വേണ്ടസമയത്ത് വെള്ളമെത്തിക്കാന്‍ അധികൃതശ്രമമുണ്ടായില്ല. ഷോളയാറിലും പെരിങ്ങല്‍കുത്തിലും വൈദ്യുതി ഉല്പാദനം കുറഞ്ഞതാണ് ചാലക്കുടി പുഴയില്‍ വെള്ളമില്ലാത്തത്തിനു കാരണമായി അധികൃതര്‍ പറയുന്നത്. വേനല്‍സമയത്ത് ജാതിക്ക് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും നന ആവശ്യമെന്നിരിക്കെ കനാല്‍ വെള്ളമെത്താന്‍ ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കേണ്ട സ്ഥിതിയാണ് കര്‍ഷകര്‍ക്ക്. കടുത്ത വേനലില്‍ കുളങ്ങളും കിണറുകളും വറ്റിയതോടെ മറ്റു പ്രദേശങ്ങളിലെ ചെറുകിട കര്‍ഷകരും പ്രതിസന്ധിയിലാണ്. മഴ പെയ്താല്‍ മാത്രമേ ഇനി രക്ഷയുള്ളൂ. ജൈവ കാര്‍ഷിക സമ്പ്രദായത്തിലുള്ള മാറ്റവും പരിസ്ഥിതി വ്യതിയാനവും മൂലം വിളകള്‍ക്ക് ആവശ്യമായ സൂക്ഷ്മമൂലകങ്ങളുടെ കുറവും വളര്‍ച്ചാ മുരടിപ്പിന് കാരണമാണെന്ന് കൊടകര കൃഷി ഓഫീസര്‍ നരേന്ദ്രന്‍ പറഞ്ഞു.

നഷ്ടപരിഹാരത്തിന് വഴിയില്ല
മൂപ്പെത്താതെ വീണുകിട്ടുന്നതില്‍ പകുതി മാത്രമേ വിപണിയിലെത്തിക്കാനാകൂ. അതില്‍ വലിപ്പം തീരെ കുറഞ്ഞ കുരു മാത്രമേ ഉണ്ടാകൂ; പത്രിയുണ്ടാവില്ല. മൂപ്പ് കുറഞ്ഞ കുരുവിന് കിലോക്ക് 100 മുതല്‍ 150 രൂപ മാത്രമാണ് വിലകാണുന്നത്. വലിപ്പവും തൂക്കവും കുറവായതിനാല്‍ നാലിരട്ടി കായ് വേണം. ഇതുമൂലം വന്‍ നഷ്ടമാണ് ഇക്കുറി ജാതികര്‍ഷകര്‍ നേരിടുന്നത്. ജാതി വിപണിയും സജീവമല്ല. കര്‍ഷകരുടെ കനത്ത നഷ്ടത്തിന് ആശ്വാസമായി യാതൊരു നടപടിയും അധികൃതരില്‍ നിന്നും ഉണ്ടായിട്ടില്ല. കൃഷിനാശത്തിനു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു ആനുകൂല്യവും നാണ്യവിളയായ ജാതി കര്‍ഷകര്‍ക്കില്ല. നെല്ല്, വാഴ കൃഷികള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ കിട്ടുന്ന പരിഗണന ജാതി കര്‍ഷകര്‍ക്ക് നല്‍കുന്നില്ല. വളത്തിനും മറ്റും കൃഷി ഓഫീസില്‍ നിന്നുള്ള സബ്‌സിഡിയും വ്യക്തിഗത ആനുകൂല്യങ്ങളും ജാതി കര്‍ഷകര്‍ക്ക് പരിമിതമായേ ലഭിക്കുന്നുള്ളൂ. ജാതിക്ക് കായ് കൊഴിച്ചില്‍ മൂലം ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് കണക്കാക്കാവുന്നതല്ല എന്നതാണ് കൃഷിനാശമായി കരുതി നഷ്ടപരിഹാരത്തിന് പരിഗണിക്കാന്‍ കഴിയാത്തതെന്ന് കൊടകര കൃഷി ഓഫീസര്‍ അറിയിച്ചു . കൊഴിച്ചില്‍ ഭീഷണി നേരിടുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ പ്രതിരോധനിര്‍ദേശങ്ങള്‍ നല്‍കിവരുന്നുണ്ട്. ഗവണ്മെന്റ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചാല്‍ മാത്രമേ ആനുകൂല്യങ്ങള്‍ നല്‍കാനാകൂ. ഈ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മുഴുവന്‍ ജാതി കര്‍ഷകരും.
കടപ്പാട് : മാതൃഭൂമി

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!