തൃശ്ശൂര്‍: അയ്യന്തോളിലെ ഫ്ളാറ്റില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയുടെ ഡ്രൈവറും കൂട്ടാളിയും പോലീസ് പിടിയിലായി. ഡ്രൈവര്‍ കനകമല വട്ടേക്കാട് കാണിയത്ത് രതീഷ്, വടക്കുമുറി മാളിയേക്കല്‍ ബിജു എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ റഷീദിന്റെ സഹായികളാണ് ഇരുവരും. റഷീദിന്റെ സന്തതസഹചാരിയായ ബിജുവിന്റെ പേരില്‍ 25ഓളം ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
മാര്‍ച്ച് മൂന്നിന് അയ്യന്തോള്‍ ഫഌറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റഷീദും കാമുകിയായ ശാശ്വതിയും കാര്യസ്ഥന്‍ കൃഷ്ണപ്രസാദും ചേര്‍ന്നാണ് ബാലസതീശന്‍ എന്നയാളെ കൊലപ്പെടുത്തിയത്. ഇരുവരും നേരത്തെ പോലീസ് പിടിയിലായിരുന്നു. കൊലപാതകം ഏറ്റെടുക്കുന്നതിന് കൃഷ്പ്രസാദിന് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഇയാള്‍ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ട് എന്ന് ഉറപ്പിക്കാന്‍ ബിജുവിനെ ഏര്‍പ്പാടാക്കിയിരുന്നു.
ശേഷം ഡ്രൈവറും വിശ്വസ്തനുമായ രതീഷിനെ വിളിച്ചു വരുത്തിയാണ് റഷീദും ശാശ്വതിയും തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളിലേക്ക് പോയത്. ഇതിനിടെ നാട്ടിലെത്തിയ ശാശ്വതി പോലീസ് പിടികൂടുകയായിരുന്നു.റഷീദിന്റെ ഒളിസങ്കേതങ്ങളെ കുറിച്ച് വ്യക്തമായറിയാവുന്ന രതീഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു വരികയാണ്. ഇയാളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് പോലീസ്.