കൊടകര : ആകാശനിറമുള്ള ബലൂണുകളെ വാനിലേക്കു പറത്തിവിട്ട് ഇന്നസെന്റ് ചിരിച്ചു. കാന്‍സറിനെ അതിജീവിച്ചതിന്റെ കരുത്തുള്ള ചിരി. പേരാമ്പ്ര ഹീല്‍ ഓട്ടിസം സെന്ററില്‍ ലോക ഓട്ടിസം ദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരസംഘടനയായ ‘അമ്മ’യുടെ പ്രസി!ഡന്റ് ഇന്നസെന്റ് എംപി. ഓട്ടിസം ഒരു രോഗമല്ലെന്ന് ഇന്നസെന്റ് പറഞ്ഞു.
ഓട്ടിസം ബാധിച്ച കുരുന്നുകളെ ഒറ്റപ്പെടുത്തരുത്. അവരെയും സമൂഹത്തിന്റെ ഭാഗമായി കരുതണം. രാജ്യപുരോഗതിക്ക് ആരോഗ്യമുള്ള തലമുറയാണു വേണ്ടത്. ഈ മഹത്തായ ദൗത്യം സമാജം ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്ന് ഇന്നസെന്റ് പറഞ്ഞു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രസാദന്‍ അധ്യക്ഷത വഹിച്ചു. ബി.ഡി. ദേവസി എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
ഹീല്‍ ഓട്ടിസം സെന്റര്‍ ചെയര്മാന് ജോര്‍ജ് ജോസഫ് കരിമുണ്ടയ്ക്കല്‍, ജഗദ്ഗുരു ട്രസ്റ്റ് രക്ഷാധികാരി പി.കെ. സുബ്രഹ്മണ്യന്, പഞ്ചായത്ത് അംഗം കെ.എ. തോമസ്, നഗരസഭ കൗണ്‍സിലര്‍ വി.ജെ. ജോജി, എസ്ഐ ജിബു ജോണ്‍, ഡോ. ജിജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.