Breaking News

നീര്‍ക്കോലിയും മൂര്‍ഖനും

തക്ഷകന്‍ v/s പരീക്ഷിത്ത് കേസിന്റെ വിധി പ്രകാരം, പാമ്പുകള്‍ മനുഷ്യരെ അങ്ങോട്ട് ചെന്ന് കടിക്കില്ലെന്ന് സത്യം ചെയ്ത് കൊടുത്തിട്ടും എന്ത് ഫലം?

പാമ്പുവര്‍ഗ്ഗത്തിലെന്തിനെക്കണ്ടാലും അതിനെ എത്രയും പെട്ടെന്ന് തല്ലിക്കൊല്ലാതെ നമുക്ക് കെടക്കമരിങ്ങ് കിട്ടുമോ?

കടി കിട്ടിയാല്‍ കിട്ടിയപോലെയിരിക്കുന്ന വിഷപ്പാമ്പുകളെ കൊല്ലുന്നതില്‍ വല്ല്യ അഭിപ്രായവ്യത്യാസം എനിക്കില്ല. പക്ഷെ, ഒരു വിഷവുമില്ലാത്ത മഹാപ്രാക്കുകളായ നീര്‍ക്കോലികളെ എന്തിന്…

കൊയ്ത്ത് സീസണായാല്‍ കൊടകര പാടത്ത് നീര്‍ക്കോലിപ്പാമ്പുകളുടെ സംസ്ഥാന സമ്മേളനം നടക്കും. കൊയ്ത് കൂട്ടിയ നെല്ലിന്‍ ചുരുട്ടുകള്‍ക്കടിയില്‍ കയറിക്കൂടി, ആ ഇളം ചൂടില്‍ കുറച്ചുനേരമൊന്ന് നടുവളച്ച് റെസ്റ്റ് ചെയ്യാനെത്തുന്ന പാവം നീര്‍ക്കോലി പൈലുകളെ, കറ്റയെടുക്കുമ്പോള്‍ ക്രൂരമായി തല്ലിക്കൊന്നാല്‍ വല്ലാത്തൊരു സായൂജ്യം കിട്ടിയിരുന്നൊരു കാലം എനിക്കുമുണ്ടായിരുന്നു.

കൊന്ന് കൂട്ടിയിട്ട്, ‘കംബ്ലീറ്റ് പാമ്പിനേയും കൊന്നു, ഇനി ആര്‍ക്കും ഒന്നും പേടിക്കാനില്ല’ എന്ന്, കൊയ്ത്ത്കാര് പെണ്ണെങ്ങളുടെയിടയില്‍ നിന്ന് നെഞ്ചും വിരിച്ച് പറയുമ്പോള്‍, ‘കണ്ണേ എന്‍ മുന്നേ കടലും തുള്ളാത്’ എന്ന
ഭാവമായിരിക്കുമെനിക്ക് .

കാലങ്ങള്‍ കടന്നുപോയപ്പോള്‍ ഇമ്മാതിരി അഭ്യാസങ്ങളും ഒന്നിനുപിറകേ ഒന്നായി എന്നെ വിട്ടൊഴിഞ്ഞുപോയി. അങ്ങിനെയിരിക്കേ ഒരു ദിവസം, ഞാന്‍ ചേട്ടന്റെ കല്യാണം ക്ഷണിക്കാനായി ചാലക്കുടിക്കടുത്ത് കുന്നപ്പിള്ളി എന്ന സ്ഥലത്തുള്ള എന്റെ ബന്ധുവീട്ടില്‍ പോയി, ചായക്കും എസ്‌കോര്‍ട്ടായി പോകുന്ന കായവറുത്തതിനുമിടയിലുള്ള ഗ്യാപ്പില്‍ കല്യാണവിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, അവരുടെ പറമ്പില്‍ നിന്നൊരു ബഹളം.

പാമ്പ്…പാമ്പ്

എന്ന് പറഞ്ഞ് പറമ്പില്‍ പണിക്ക് വന്ന കുറച്ച് പേര്‍ ബഹളം വക്കുന്നു.

എന്റെ മനസ്സിലുറങ്ങിക്കിടന്നിരുന്ന പഴയ ആ പാമ്പ്കൊല്ലി, സടകുടഞ്ഞെണീക്കാന്‍ സെക്കന്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ!

കല്യാണം ക്ഷണിക്കാന്‍ പോയ ഞാന്‍ അതുചെയ്യാതെ, ആ വീട്ടുകാരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട്, ബാധകൂടിയപോലെ പറമ്പിലേക്കോടി. വഴിയില്‍ കിടന്ന ഒരു വടിയും എടുത്തോണ്ട്.

വെളിച്ചപ്പാടിന്റെ പിന്നാലെ ഓടുന്ന ഭക്തരെപ്പോലെ വീട്ടുകാരും.

സ്പോട്ടില്‍ ചെല്ലുമ്പോള്‍ നമ്മുടെ ചുള്ളന്‍, കുട്ടപ്പേട്ടന്‍ പറ്റായി റോഡ്സൈഡിലെ കാനയില്‍ കെടക്കണോണം കിടക്കുകയാണ്. കല്യാണം കഴിഞ്ഞ് രണ്ട് കൊച്ചാവാന്‍ പ്രായമുള്ള സാക്ഷാല്‍ പുല്ലാനി മൂര്‍ഖന്‍.

ഞാന്‍ വന്നത് അറിയാഞ്ഞഞ്ഞിട്ടാണോ, അതോ കണ്ടിട്ടും ‘പോയേരാ ചെക്കാ’ എന്ന റോളിലാണോ എന്ന് വ്യക്തമായില്ല., പാമ്പ് നമ്മളെ മൈന്റ് ചെയ്യാതെ ചെറിയ തോട്ടില്‍ എന്തോ ആലോചിച്ച് കിടക്കുകയാണ്.

എന്റെ പ്രകടനം കാണാന്‍ പണിക്കാരും പിന്നെ ആ വിട്ടിലെ ചേച്ചിമാരും പിന്നിലായി അണിനിരന്നു.

ഇടതുമാറി വലതുമാറി വലിഞ്ഞമര്‍ന്ന് ഞാന്‍ കൈപാങ്ങ് നോക്കി. എയിം ശരിയാവുന്നില്ല. ആ സെറ്റപ്പില്‍ അടി കിട്ടിയാലൊന്നും പാമ്പിന് കനപ്പെടില്ല എന്ന് എനിക്ക് മനസ്സിലായി.

പാമ്പിനോട് ‘ഒന്നഡ്ജസ്റ്റ് ചെയ്ത് കിടക്കാന്‍’ പറയാന്‍ പറ്റാത്തതുകൊണ്ട്, ഉദ്ദ്വേഗജനകമായ നിമിഷങ്ങളവസാനിപ്പിച്ച് കാണികളുടെ അക്ഷമയെക്കരുതി, ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് കിട്ടിയാ കിട്ടി പോയാ പോയി എന്ന നിലപാടില്‍, ഒറ്റ പെടയങ്ങ് കൊടുത്തു.

മൂര്‍ഖനും നീര്‍ക്കോലിയും തമ്മിലുള്ള പ്രധാന വ്യത്യാസം അപ്പോ എനിക്ക് മനസ്സിലായി!

അടികൊണ്ടവശം പാമ്പ്, ശ്ശ്ശ്ശൂ… എന്നൊരു ശബ്ദമുണ്ടാക്കി രണ്ടടിയോളം പൊങ്ങി ഒറ്റ വരവായിരുന്നു എന്റെ നേരെ.

അപ്രതീക്ഷിതമായ ആ പ്രത്യാക്രമണത്തില്‍ സകല കണ്ട്രോളും പോയ ഞാന്‍, പാമ്പുണ്ടാക്കിയതിനേക്കാളും പത്തിരട്ടി ഒച്ചയില്‍ ഒരു പ്രത്യേകതരം ശബ്ദം ഉണ്ടാക്കി ഒരു ചാട്ടം ചാടുകയും ‘എന്റമ്മോ…’ എന്ന് വിളിച്ച് തിരിഞ്ഞോടി. ഓടാനുള്ള ശേഷിയൊഴിച്ചെല്ലാം നഷ്ടപ്പെട്ട ഞാന്‍ അങ്ങിനെ ഹാപ്പിയായി പെനാല്‍ട്ടി അടിച്ച് മിസ്സായ കളിക്കാരനെപ്പോലെ പവലിയനിലേക്ക് മടങ്ങി. കൂടെ കാണികളും.

‘വിവാഹം ക്ഷണിക്കാന്‍ പോയ യുവാവ് പാമ്പുകടികൊണ്ട് മരിച്ചു’, ‘ആഗ്രഹങ്ങള്‍ ബാക്കിയാക്കി യുവാവ് യാത്രയായി’ എന്നീ ഹെഡിങ്ങുകളില്‍ പത്രത്തില്‍ എന്നെപ്പറ്റി ചരമകോളത്തില്‍ ഒറ്റക്കോളം ന്യൂസ് വരുന്നതില്‍ എനിക്ക് വല്യ ത്രില്ലൊന്നുമില്ലാത്തതുകൊണ്ടും ഞാന്‍ മൂലം ചേട്ടന്റെ കല്യാണം മുടങ്ങേണ്ട എന്നു വിചാരിച്ചും, ആ പാമ്പിനെ ഞാന്‍ വെറുതെ വിട്ടു.

തിരിച്ചുവന്ന് തണുത്ത ചായ കുടിച്ചവസാനിപ്പിക്കുമ്പോള്‍, ആ വീട്ടിലെ എല്ലാവരുടെയും മുഖത്ത് കണ്ട ആ ചെറുപുഞ്ചിരി, എന്തിനാണെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. പക്ഷെ, ‘ഒന്നും വേണ്ടായിരുന്നു’ എന്നെന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.

അങ്ങിനെ, രാത്രിയില്‍ ഭീകരസ്വപങ്ങള്‍ കളിക്കുന്ന എന്റെ മനസ്സിന്റെ തീയറ്ററില്‍ അന്നുമുതല്‍ പുതിയ ഒരു സ്വപ്നം കൂടെ റിലീസായി. പല പല രാവുകളിലും ഈ പാമ്പ് എന്നെ കൊത്താനോടിച്ചു; ഇപ്പോഴും ഓടിച്ചുകൊണ്ടേയിരിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!