Breaking News

ഭദ്രതയുള്ള വലിയ കുടുംബങ്ങള്‍ ഇന്നിന്റെ അനിവാര്യത: മാര്‍ പോളി കണ്ണൂക്കാടന്‍

കൊടകര : വിവാഹമോചനങ്ങള്‍ സര്‍വ്വ സാധാരണമാകുന്ന ഇക്കാലഘട്ടത്തില്‍ ഭദ്രതയുള്ള വലിയ കുടുംബങ്ങള്‍ രൂപപ്പെടേണ്ടത് അനിവാര്യതയാണെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. കുടുംബ ഭദ്രതയ്ക്കും ജീവന്റെ മൂല്യങ്ങള്‍ക്കും വെല്ലുവിളികള്‍ നേരിടുന്ന ആധുനിക കാലഘട്ടത്തില്‍ ജീവന്റെ സംരക്ഷണത്തിനും കുടുംബങ്ങളുടെ ഐക്യത്തിനും പ്രോത്സാഹനം നല്‍കാന്‍ ഇരിങ്ങാലക്കുട രൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ വച്ച് നടത്തിയ ബിഗ് ഫാ – 2017 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിതാവ്.

അണുകുടുംബ ശൈലി മാറണമെന്നും വലിയ വീടുകളല്ല വലിയ കുടുംബങ്ങളാണ് ഇന്നിന്റെ ആവശ്യമെന്നും പരിധിയില്ലാതെ സ്നേഹിക്കാനും പരാതികളില്ലാതെ സഹിക്കാനും ദമ്പതികള്‍ക്കാകണമെന്നും ത്രിതൈ്വക ദൈവത്തിന്റെ ഛായയില്‍ കുടുംബങ്ങള്‍ രൂപീകരിക്കാന്‍ സജ്ജരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വലിയ കുടുംബങ്ങള്‍ രാഷ്ട്രത്തിനും സഭയ്ക്കും മാതൃകയാണെന്നും വ്യക്തികളുടെ സമഗ്ര രൂപീകരണത്തിന് ഇവ ഏറെ സഹാകരമാണെന്നും കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. പോള്‍ മാടാശ്ശേരി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ആന്റോ തച്ചില്‍ അധ്യക്ഷനായിരുന്നു.

നാലും അതില്‍ കൂടുതലും മക്കളുള്ള നൂറ്റമ്പതോളം കുടുംബങ്ങളാണ് ഇരിങ്ങാലക്കുട രൂപതയില്‍ നിന്നും മാത്രമായി ഈ ചടങ്ങില്‍ സംബന്ധിച്ചത്. ജീവന്റെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാന്‍ ക്രൈസ്തവര്‍ ബദ്ധശ്രദ്ധരാകണമെന്ന് ദിവ്യബലി മധ്യേ വചനസന്ദേശത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഓര്‍മിപ്പിച്ചു.  കാത്തലിക് കപ്പിള്‍സ് മൂവ്മെന്റ്, പ്രോ-ലൈഫ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഇരിങ്ങാലക്കുട രൂപതയിലുള്ള നാലും അതില്‍ കൂടുതലും കുട്ടികളുള്ള കുടുംബങ്ങളെ പ്രത്യേകമായി ആദരിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന ഈ സംരംഭം നടത്തിയത്.

തൃശൂര്‍ ലോഫ് (LOAF) പ്രസിഡന്റ് ഡോ. ടോണി ജോസഫ് ക്ലാസെടുത്തു. നാലാമത്തെതോ പിന്നീടുള്ളതോ ആയ കുട്ടി 2010 ജനുവരി ഒന്നിനുശേഷം ജനിച്ച കുടുംബങ്ങളെയാണ് ഈ ചടങ്ങില്‍ പങ്കെടുപ്പിച്ചത്. പങ്കെടുത്ത കുടുംബങ്ങള്‍ക്ക് സ്വര്‍ണപതക്കം നല്‍കി. ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോജി കല്ലിങ്ങല്‍, രൂപത കേന്ദ്രസമിതി പ്രസിഡന്റ് സോജന്‍ മേനാച്ചേരി, രൂപത ചാന്‍സലര്‍ ഡോ. നെവിന്‍ ആട്ടോക്കാരന്‍, മുണ്ടത്തിക്കോട് വില്ലേജ് ഓഫീസര്‍ ജെയിംസ് അഴപ്പൂങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!