Breaking News

‘വാര്‍ത്തായനം’: ഗ്രാമീണപത്രപ്രവര്‍ത്തകന് സുവര്‍ണതൂലിക സമര്‍പ്പണം ശനിയാഴ്ച

Apple

കൊടകര  : മലയോരഗ്രാമമായ മറ്റത്തൂരിന്റെ അടയാളങ്ങളെ മൂന്ന് പതിറ്റാണ്ടിലേറെയായി പൊതുശ്രദ്ധയിലെത്തിയ്ക്കാന്‍ പരിശ്രമിച്ച ഗ്രാമീണപത്രപ്രവര്‍ത്തകനാണ് ലോനപ്പന്‍ കടമ്പോട്. ആദിവാസികള്‍നിറഞ്ഞ ആനപ്പാന്തം കോളനിയും കാട്ടുപന്നികളും കാട്ടുപോത്തുകളും ഭീഷണിയായ കര്‍ഷകഗ്രാമങ്ങളും ലോകത്തിന് പരിചിതമാക്കുന്നതില്‍ ഏറെ യത്‌നിച്ച കുഗ്രാമപത്രപ്രവര്‍ത്തകന്‍.

കൊടകര മേഖലയില്‍ ആദ്യമായി ഒരു ദിനപത്രത്തിന്റെ ഔദ്യോഗിക പ്രാദേശിക ലേഖകനായി ചുമതലയേറ്റയാളാണ് ജോണ്‍ കോപ്‌ളി എന്ന ലോനപ്പന്‍ കടമ്പോട്. 1986ല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന ജീവിതം മുപ്പതാണ്ട് പിന്നിട്ടിരിയ്ക്കയാണ്. പത്രപ്രവര്‍ത്തനമേഖലയില്‍ ഇന്നത്തെപ്പോലുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലഘട്ടത്തില്‍ മലയോരത്തിന്റെ ജീവല്‍പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ പുലര്‍ത്തിയ ജാഗ്രത നാടിന്റെ വികസനത്തിന് വേഗം കൂട്ടി.ചൂണ്ടിക്കാട്ടിയ നന്മകള്‍ നാടിന്റെ പെരുമയായി.

സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ കവിതകളും കഥകളും പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വന്നു.ബിരുദപഠന നാളുകളില്‍ ഒട്ടനവധി മാസികകളില്‍ എഴുതി. ആകാശവാണിയില്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു. കലാലയജീവിതം കഴിഞ്ഞ് ഇരുപത്തിമൂന്നാം വയസ്സില്‍ കൊടകരയില്‍ പ്രാദേശിക ലേഖകനായി പത്രപ്രവര്‍ത്തനം ആരംഭിച്ചു.

1986 മുതല്‍ ആനപ്പാന്തം കാട്ടിലെ ആദിവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍,വന്യമൃഗ വേട്ട ,മലയോര കര്‍ഷകദുരിതങ്ങള്‍ ,ഗ്രാമീണ വിദ്യാഭ്യാസം,പരിസ്ഥിതി സംരക്ഷണം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ പരമ്പരകളെഴുതി.90ല്‍ അധ്യാപകനായി നാഗാകുന്നുകളിലെത്തി.നാഗാലാന്‍ഡ്,ആസ്സാം എന്നിവിടങ്ങളിലെ അധ്യാപനജീവിതത്തിനിടയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രശ്‌നങ്ങളും സംഭവങ്ങളും മലയാള ദിനപത്രങ്ങളിലും ഡല്‍ഹിയില്‍ നിന്നുള്ള സണ്‍ വീക്കിലി ഉള്‍പ്പടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും എഴുതി.

എട്ട് വര്‍ഷത്തെ അധ്യാപനസേവനത്തിന് ശേഷം തിരിച്ചെത്തി,വീണ്ടും പ്രാദേശിക പത്രപ്രവര്‍ത്തകനായി സജീവമായി. കടമ്പോട് ചലിപ്പിച്ച നന്മയുടതൂലിക ഗ്രാമത്തിന് വെളിച്ചമേകി. അന്നത്തെകാലത്തെ യുവാക്കളുടെ ഹരമായിരുന്ന ആകാശവാണിയില്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു. കത്തുകളിലൂടെ കടമ്പോടിന്റെ പേര് ശ്രോതാക്കള്‍ക്ക് ഏരെ പരിചിതമായി.

നിസ്വാര്‍ഥമായ മാധ്യമപ്രവര്‍ത്തനം സാമൂഹ്യസേവനമാക്കിയ ലോനപ്പന്‍ കടമ്പോടിന്റെ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന് സുവര്‍ണ്ണതൂലിക സമ്മാനിയ്ക്കാന്‍ കൊടകരയിലെ പൌരാവലി ഒരുങ്ങുകയാണ്. ഒരു പക്ഷേ കേരളത്തില്‍തന്നെ ആദ്യമായിരിക്കാം ഒരു പ്രാദേശീക പത്രപ്രവര്‍ത്തകന് ഇത്തരത്തില്‍ സുവര്‍ണതൂലിക സമര്‍പ്പിച്ച് ഒരാദരം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈ ആദരം കേരളത്തിലെ പ്രാദേശികപത്രപ്രവര്‍ത്തനത്തിന്റെ പൈതൃകത്തിനുതന്നെയുള്ള ഒരു സമര്‍പ്പണമാണ്.

കടമ്പോടിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകും നാട്ടുകാരും വിവിധസംഘടനകളും ചേര്‍ന്നൊരുക്കുന്ന ‘വാര്‍ത്തായനം’ എന്ന ആദരണസദസ്സ് 11 ന് കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിലാണ് അരങ്ങേറുന്നത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനവും സുവര്‍ണതൂലികസമര്‍പ്പണവും നിര്‍വഹിക്കും. മാടമ്പ് കുഞ്ഞുക്കുട്ടന്‍ സുവര്‍ണമുദ്രസമര്‍പ്പിക്കും.

ഇന്നസെന്റ് എം.പി ഉപഹാരസമര്‍പ്പണവും സി.എന്‍.ജയദേവന്‍ എം.പി പുഷ്പഹാരസമര്‍പ്പണവും നടത്തും.പെരുവനം കുട്ടന്‍മാരാര്‍ പ്രശസ്തപത്രസമര്‍പ്പണവും അനില്‍ അക്കര എം.എല്‍.എ മംഗളപത്രസമര്‍പ്പണവും നിര്‍വഹിക്കും. കെ.രാജന്‍ എം.എല്‍.എ പൊന്നാട അണിയിക്കും. നടന്‍ ജയരാജ് വാര്യര്‍ മുഖ്യപ്രഭാഷണം നടത്തും. ജോയ് കൈതാരത്ത് ലോനപ്പനെ സദസ്സിനും വേദിക്കും പരിചയപ്പെടുത്തും. പരിപാടിയുടെ ഭാഗമായി പെരിങ്ങോട് സുബ്രഹ്മണ്യന്‍ നയിക്കുന്ന ഇടയ്ക്കവിസ്മയം, പൂരം നാടകവേദി തൃശൂരിന്റെ ‘അച്ഛന്റെ ഒറ്റമകന്‍’ നാടകം എന്നിവയുമുണ്ടാകും.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery