കർക്കട ചെകുത്താൻ

അപ്പുട്ടേട്ടൻ സൈസിൽ ചെറുതായിരുന്നു.

കാഴ്ചക്ക്‌ ബോൺസായി മരം പോലെയിരുന്നാലെന്താ..? തെങ്ങ്‌ കയറ്റം, അടക്കാരം കയറ്റം, നാളികേരം പൊളി, കാവടിയാട്ടം തുടങ്ങിയ കലാപരിപാടികളിൽ അപ്പുട്ടേട്ടനെ പിടിക്കാൻ അക്കാലത്ത്‌ ചുറ്റുവട്ടത്തൊന്നും ചന്തുവിന്റെ കാര്യം പറഞ്ഞോണം. ‘ആണായിപ്പിറന്നവരിൽ ആരുമുണ്ടായിരുന്നില്ല’.

ഹൈറ്റ്‌, വെയ്റ്റ്‌, ബോഡി, കളറ്‌, ഗ്ലാമറ്‌, വിദ്യഭ്യാസം, വിവിധ ഭാഷാജ്ഞാനം, ലോകവിവരം, കുടുംബമഹിമ, തുടങ്ങി സാധാരണഗതിയിൽ ഒരു മനുഷ്യന്‌ ആളുവില കിട്ടാനുതകുന്ന സ്പെസിഫിക്കേഷനുകളൊന്നുമില്ലെങ്കിലും സ്വന്തം നാട്ടിൽ ഒരു പുലിയായി, നാട്ടുകാർക്ക്‌ പ്രിയപ്പെട്ടവനായി ആർമാദിച്ച്‌ ജീവിതം നയിക്കാമെന്ന് അപ്പുട്ടേട്ടനും തെളിയിച്ചു.

ചെയ്യുന്ന പണികളിൽ അതിസമർത്ഥനായതുകൊണ്ട്‌ അപ്പുകുട്ടൻ എന്ന ഓർഡിനറി പേരിൽ ആളെ ഒതുക്കരുതെന്ന പൊതു അഭിപ്രായം കണക്കിലെടുത്ത്‌, കഞ്ചാവടിച്ച പോലെയുള്ള ചോരക്കണ്ണും, കട്ടപ്പുരികനും, കാന്തത്തിനെ കാന്തനായിക്കണ്ട്‌ മോഹപാരവശ്യം പൂണ്ട ഇരുമ്പയിര്‌ പോലെ നിൽക്കുന്ന മീശയുമെല്ലാമെല്ലാമുള്ള രൂപത്തിന്‌ ചേർന്ന ‘കർക്കിടക ചെകുത്താൻ’ എന്ന് നാമധേയം ആരോ നൽകി. കാലാന്തരങ്ങളിൽ ഈ പേര്‌ ലോപിച്ച്‌ ലോപിച്ച്‌,’കർക്കടം’ എന്നായി മാറുകയായിരുന്നു.

കാട്ടുമുയൽ ഓടിപ്പോകുമ്പോലെ കർക്കടം തെങ്ങിൽ കയറുന്നത്‌ കണ്ടാൽ, ‘ഈ കുരുപ്പ്‌ ഇങ്ങോട്ട്‌ പോരുമോ’ എന്ന സംശത്താൽ പലരും മുകളിലെത്തും വരെ ടെൻഷനോടെ കുറച്ച്‌ നേരം നോക്കി നിന്നുപോകുമായിരുന്നു.

കർക്കടത്തിന്റെ കാവടിയാട്ടം പ്രശസ്തമാണ്‌. 50 നിലയുള്ള കാവടികൾ വരെ ഇദ്ദേഹം ‘വയ്ക്കോൽ കണ്ൺ’ എടുക്കുമ്പോലെ തലയിൽ എടുത്തുവച്ചാടുമത്രെ..! (അതുവ്വ, കാര്യമൊക്കെ ശരി, എന്നാലും 50 നിലക്കാവടി അങ്ങേരെടുത്ത്‌ തലയിൽ വച്ചാൽ, ഗഡി ഒന്നുകൂടെ കുറുതായി, ഉയരം രണ്ടടിയിൽ താഴെയാവും.!) അങ്ങിനെ 25 നിലയുള്ള കാവടികൾ വരെ അദ്ദേഹം തലയിലും തോളിലും വച്ച്‌, തകിലടിയുടെ മാസ്മരിക താളത്തിനൊത്ത്‌ തിമിർത്താടുന്നത്‌ കരക്കാരെ മാത്രമല്ല, കരകാട്ടത്തിന്‌ തമിഴ്‌നാട്ടിൽ നിന്നെത്തുന്ന മിസ്സ്‌ ഇന്ത്യമാരെ പ്പോലും ആകർഷിച്ചിരുന്നു.

കർക്കടം സ്മാർട്ടായിരുന്നു. പതിനെട്ടുവയസ്സിൽ മേയ്ഡ്‌ ഫോർ ഈച്ച്‌ അദർ എന്നപോലെയുള്ള ഒരു ഭാര്യയെ കണ്ടുപിടിച്ചു, പതൊൻപതാം വയസ്സിൽ അച്ഛനുമായി.

കർക്കടത്തിന്‌ മക്കൾ രണ്ടാണ്‌. പുത്രൻ സുബാഷ്‌,കാഴ്ചക്ക്‌, കർക്കടം എങ്ങോട്ട്‌ പോയീന്ന് നോക്കണ്ട. അത്രക്കും സാമ്യമായിരുന്നു.

അമരം സിനിമ കണ്ടതിന്‌ ശേഷണോ എന്നറിയില്ല, എത്ര കഷ്ടപ്പെട്ടിട്ടായാലും വേണ്ടീല്ല്യ, തന്റെ മകനെ ഒരു ഡോക്ടറാക്കണം എന്ന ഒരാഗ്രഹം എപ്പഴോ.. കർക്കടത്തിനുണ്ടായി. ഒറ്റക്ക്‌ കിട്ടുന്ന സമയങ്ങളിൽ കർക്കടം മകനോട്‌ അമരത്തിലെ മമ്മുട്ടി പറയുന്ന ഡയലോഗ്‌ പറഞ്ഞ്‌ സെന്റി നമ്പറടിച്ചു.
‘മോനേ, നിന്റെ അച്ചാമ്മ ചോര പോയിട്ടാണ്‌ മരിച്ചത്‌. പായേലും തറയിലും എല്ലാം ചോര’.
ഡോക്ടറെ വിളിച്ചപ്പോൾ ‘ചക്കംകുറ്റി കോളനിയിലേക്ക്‌ പാതിരാത്രി വന്ന് വെട്ട്‌ കൊണ്ട്‌ ചാവാൻ ഒഴിവില്ലാ’ എന്ന് പറഞ്ഞ്‌ ഡോക്ടർ കയ്യൊഴിഞ്ഞു…..

‘നീ പഠിച്ച്‌ ഒരു ഡോക്ടറാവണം. ഈ ചക്കൻ കുറ്റി കോളനിക്ക്‌ അഭിമാനമായി, രാത്രിയെന്നോ പകലെന്നോ മഴയെന്നോ വെയിലെന്നോ നോക്കാതെ, ഏത്‌ സമയത്തും രോഗികളെ ചികിത്സിക്കുന്ന, പുല്ലുപറമ്പൻ അപ്പുട്ടന്റെ മകൻ, ഡോക്ടർ.സുബാഷ്‌ ‘.

സംഗതി, പത്തൊന്ന് കടന്ന് കിട്ടിയാൽ ഏത്‌ കോളേജിൽ വേണമെങ്കിലും ഏതു ഗ്രൂപ്പും കിട്ടുമായിരുന്നിട്ടും, സുബാഷ്‌, ഏഴു വരെ പഠിച്ചപ്പോഴേക്കും, എടവാട്‌ നിർത്തി. ‘എൻ വഴി തനി വഴി’ എന്നു പറഞ്ഞു കൊടകര ടൌണിൽ,

‘തക്കാളി കിലോ പത്ത്‌..പച്ച..പ്പയറ്‌ പത്ത്‌… വെണ്ടക്കായ വിലകുറവ്‌… കൂർക്ക കൊണ്ടുവാം..’ എന്ന് ഉറക്കെ വിളിച്ചുപറയുന്ന പച്ചക്കറി സെയിൽസമാനായി മാറി.

മാനസികമായി കർക്കടത്തിനെ തകർത്തൊരു സംഭവമായിരുന്നു അത്‌. സദാ ഊർജ്ജസ്വലനായി നടന്നിരുന്ന അദ്ദേഹം പിന്നെ വളരെ വിഷാദനായി മാറി.

‘ഡോക്ടറായി കൊമ്പും കുഴലും കൊണ്ട്‌ നടക്കേണ്ട ചെക്കനാ… ആ സ്ഥാനത്ത്‌, പച്ചപ്പയറും തക്കാളിയും.’ ടൌണിൽ വച്ച്‌ മകനെ കാണുമ്പോൾ, കർക്കടം സ്വയം പറഞ്ഞു.

എന്തായാലും അധികം കാലമങ്ങിനെ നിരാശനായി നടക്കാൻ അപ്പുട്ടേട്ടന്‌ കഴിഞ്ഞില്ല. അപ്പുട്ടേട്ടന്റെ കുടുംബത്തിൽ ഒരു ഡോക്ടർ വേണം, അതിനൊരു പോംവഴി ആൾ കണ്ടു.

ഒരു നാടൻ പട്ടിക്കുഞ്ഞിനെ പിടിച്ചോണ്ട്‌ വന്ന് വാല്‌ മുറിച്ച്‌ കളഞ്ഞു ഡോബർമാനാക്കി മാറ്റി, ലോകത്തിന്നുവരെ ആരും ഒരു പട്ടിക്കിടാത്ത ഒരു പേരിട്ടു വിളിച്ചു. ‘ഡോക്ടർ’

ഒരച്ഛന്റെ സ്നേഹവാത്സല്യങ്ങൾ നൽകി കർക്കടം പട്ടിയെ വളർത്തി. കർക്കടം പോകുന്നിടത്തെല്ലാം ഡോക്ടർ കൂട്ട്‌ പോയി. എപ്പോഴും എവിടെയും ഡോക്ടറുടെ എസ്കോർട്ടുണ്ടാകും. ലൈഫ്ബോയ്‌ സോപ്പിന്റെ പരസ്യം പോലെ, കർക്കടം എവിടെയുണ്ടോ അവിടെ ഡോകടറുമുണ്ട്‌ എന്ന അവസ്ഥ.

സ്വന്തം മകൻ ഡോക്ടറാവാത്തതിലുള്ള വിഷമം മറക്കാനായി, കർക്കടം കരക്കാരോടിടക്കെല്ലാം പറഞ്ഞു ചിരിച്ചു:

‘എന്റെ വളർത്തുമകൻ ഡോക്ടറാണ്‌’

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!