ഒരു പത്തുകൊല്ലം മുൻപായിരുന്നത്. വീട്ടുകാരുടെ പ്രതീക്ഷകൾക്കപ്പുറത്തേക്ക്, ബോംബെയും ചാടി കടന്ന് നോം ഓടിപ്പോയി.
ഓ.എൻ.വി. സാറ് പറഞ്ഞപോലെ, പെറ്റുവളർന്ന കുടിവിട്ട്, മറ്റൊരിടത്ത് കുടിവെയ്പ്പ്. നാട്ടിൽ നിന്നാലൊന്നും എന്റെ മാവ് പൂക്കില്ലെന്ന് ബോധ്യായപ്പോൾ, അമ്പ് പെരുന്നാളിന്റന്ന് മാലപ്പടക്കം കയ്യിൽ പിടിച്ചു പൊട്ടിക്കലും ഏറ്റുമീൻ പിടിക്കലും പഞ്ചഗുസ്തിയുമെല്ലാം ഉപേക്ഷിച്ച് എന്നെ ഞാൻ തന്നെ മുൻ കൈയെടുത്ത് ദുബായിലേക്ക് പറിച്ചുനടുവിച്ചു.
അന്നൊക്കെ, ഭർത്താവിന്റെ വീട്ടിലെത്തിയെത്തിയ പുത്തനച്ചിയുടെ റോളിലായിരുന്നു ഞാൻ. സൌമ്യൻ, സുസ്മേര വദനി, വിനിയകുനിയൻ, …..
കന്തൂറയിട്ട് നടക്കുന്ന ആരെക്കാണ്ടാലും, അതിനി, മലപ്പുറം മാൾബറോ (മലബാറി)യായാലും, ളോഹയിട്ട പള്ളീലച്ചനായാലും അറബിയാണെന്ന് കരുതി പേടിച്ചു ‘അസ്സലാമു അലൈക്കും’ എന്ന് പറഞ്ഞിരുന്നു.
അങ്ങിനെ, ഓഫീസിലെ ചെയറിനെയും ടേബിളിനേയും ബോസിനെയും ബോസിന്റെ കാറിനേയും എന്നുതുടങ്ങി കാണുന്നതിനെയെല്ലാം ആവശ്യത്തിനും അനാവശ്യത്തിനും ബഹുമാനിച്ച് ജീവിക്കുന്ന കാലത്ത്, ഒരു ദിവസം, സകുടുംബം ഓഫീസിൽ വന്ന മാനേജർ, ഉച്ചക്ക് ഭക്ഷണം കഴിക്കാൻ എന്നെ ക്ഷണിക്കുകയുണ്ടായി.
ഓർമ്മ വച്ച കാലം മുതലേ കാലത്ത് കഞ്ഞി കുടിക്കാത്ത ദിവസങ്ങളിൽ ഒരു മണിയാവുമ്പോഴേക്കും വയറ് കങ്ങം പിടിച്ചു തുടങ്ങും എനിക്ക്. ആ സമയത്ത്, കണ്ണും പുരികവും ഉപയോഗിച്ച് തലയൊന്ന് വെട്ടിച്ച് ചോറുണ്ണാൻ ‘പൂവാം’ എന്നൊരു സിമ്പിൾ ആക്ഷൻ കിട്ടിയാൽ, ആരുടെ കൂടെ വേണമെങ്കിലും പോകുന്ന ഞാൻ ആർഭാടമായ ക്ഷണം കേട്ട് കോരിത്തരിച്ചല്ലേ പറ്റൂ.
‘മക്ഡൊണാൾഡ്സ്’ എന്ന് വായിക്കാൻ എന്നെ സഹായിച്ചതിന് ‘മക്ഡവൽസ്’ ബ്രാന്റിനോട് നന്ദി തോന്നി. അകത്തുകയറി കൌണ്ടറിനടുത്തുവച്ച് എന്നോട് മാനേജർ സീരിയസ്സായി ചോദിച്ചു.
നിനക്കിതിലേത് കഴിക്കേണം??
തികച്ചും അപ്രസക്തമായതും പ്രത്യേകിച്ചൊരുത്തരമില്ലാത്തതുമായ ഇത്തരത്തിലൊരു ചോദ്യം ഫ്ലൈറ്റിൽ വച്ചും ഞാൻ കേട്ടതാണ്. അന്നത് എയർഹോസ്റ്റസ് കുട്ടിമാണിയിൽ നിന്നുമിങ്ങനെയായിരുന്നു.
മട്ടൺ ഓർ ചിക്കൻ??
‘എന്റെ പൊന്നു കൂടെപ്പിറപ്പേ, രണ്ടിനോടും നമുക്ക് ഒരേ മനോഭാവമാണ്, ചെറുങ്ങനെയൊന്ന് നിർബന്ധിച്ചാൽ ഞാൻ രണ്ടും കഴിക്കും..’
എന്നായിരുന്നു എന്റെ സത്യസന്ധമായ അഭിപ്രായം. പക്ഷെ, ഫ്ലൈറ്റല്ലേ? ചീപ്പാവാൻ പാടുണ്ടോ? എയർ ഇന്ത്യക്കല്ലേ അതിന്റെ മാനക്കേട്.!
സംഗതി, നമ്മടോടെ ഇപ്പറയുന്ന ഐറ്റംസ്, വിരുന്നുകാർ വരുമ്പോഴോ ചങ്കരാന്തിക്കോ കൊടകര ഷഷ്ഠിക്കോ മാത്രം സംഭവിക്കുന്നതുകൊണ്ട് അങ്ങിനെയൊരു ‘പക്ഷപാതം’ തോന്നാനുള്ള ചാൻസൊന്നും വന്നിട്ടില്ല. പലതരം രുചിയുള്ള, മീൻ കറിയും ബീഫ് ഫ്രൈയും കൂർക്ക ഉപ്പേരിയും അച്ചാറും മോരും ഒരുമിച്ച് ചോറിനൊപ്പൊം ചേർത്ത് മിശ്രിതമാക്കി; ഉരുളയാക്കി, ലഡുവിന്റെ മുകളിൽ ഉണക്കമുന്തിരി വക്കുമ്പോലെ, മീൻ ഫ്രൈ നുള്ളി വച്ച് , അണ്ണാക്കിലേക്ക് എറിയുന്ന, കോമ്പിനേഷൻ സെൻസില്ലാത്ത ഒരു പാവം കൊടകരക്കാരനായ ഞാൻ, തൊട്ടടുത്ത സീറ്റിൽ കോട്ടിട്ടിരിക്കുന്ന VIP ചേട്ടൻ മട്ടൺ എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് അന്ന് ചിക്കൻ എന്ന് പറഞ്ഞത്.
ഇപ്പോൾ വീണ്ടും അതേ പ്രശ്നം.
സത്യത്തിൽ ഈ ഭൂമിയിലെ എന്റെ ജനനത്തിനുശേഷം ആദ്യായിട്ടാണ് ബർഗ്ഗർ എന്ന് കേൾക്കണത് തന്നെ. പടം കണ്ടപ്പോൾ ‘ബെന്നിന്റെ ഉള്ളിൽ കട്ലേറ്റും തക്കാളിയും ക്യാബേജുമൊക്കെ വച്ചിട്ടുള്ള ബെന്നപ്പം’ എന്നൂഹിച്ചു. ഇതിന് എരുവാണൊ മധുരമാണോ ഇനി ചവർപ്പാണോ എന്നൊന്നുപോലുമറിയാത്ത ഞാൻ എന്തറഞ്ഞിട്ടാ ഇന്നത് വേണമെന്ന് പറയുക?
ഭക്ഷണസാധനങ്ങൾ ഏത് വേണം എന്ന് ചോദിച്ചാൽ, ഫാസ്റ്റ് ഓപ്ഷൻ എപ്പോഴും, അതിനി പല്ലുവേദനയായിട്ട് ഒന്നും കഴിക്കാൻ പറ്റാതിരിക്കുകയാണെങ്കിൽ പോലും, ‘ഏറ്റവും വലുത്’ എന്ന് പറയുന്ന ടീമിൽപെട്ട ഞാൻ, കൂട്ടത്തിൽ ഏറ്റവും ഹൈറ്റുള്ള ‘ഡബിൾ ഡക്കർ’ ബർഗർ തന്നെ ചൂണ്ടിക്കാട്ടിക്കൊടുത്തൂ.
ഒരു വെട്ട് ഗ്ലാസ് അരിയുടെ ചോറുകൊണ്ടുള്ള കോർക്ക് ബോൾ പോലത്തെ ചോറുരുളകൾക്കുള്ള ദഹനരസവുമായി കാത്ത് നിൽക്കുന്ന എന്റെ നിഷ്കളങ്കനായ അമാശയത്തിനോടു ചെയ്യുന്ന പാപമായിരിക്കുമോ ഈ ബെന്നാഹാരം എന്നോർത്തപ്പോൾ സങ്കടം തോന്നി.
‘എങ്ങിനെ ഇത് കഴിക്കും? ‘ എന്നത് പുതിയ തരം ഭക്ഷണം കഴിക്കുമ്പോൾ പൊതുവേയുള്ള ഒരു പ്രശ്നമാണല്ലോ. അതുകൊണ്ട്, അന്നും കൂടെ വന്നവർ കഴിച്ചു തുടങ്ങും വരെ തട്ടിയും മുട്ടിയും ഇരിക്കേണ്ടി വന്നു കഴിപ്പിന്റെ ടെക്നിക്ക് പിടികിട്ടാൻ.
കഴിക്കാൻ നോക്കിയപ്പോൾ ഒരു ചെറിയ പ്രശ്നം. ഞാനെന്റെ വായ പരമാവധി പൊളിച്ചുപിടിച്ചിട്ടും ഉദ്ദേശിച്ചപോലെ കടിക്കാൻ പറ്റണില്ല.. അവരൊക്കെ കൂളായി കഴിക്കുന്നുമുണ്ട്. ഞാൻ ഒന്നു കൂടെ ആർഭാടമായി വായപോളിക്കാൻ തീരുമാനിച്ചു. അപ്പോൾ മനസ്സിലൂടെ ഒരു മിന്നായം.
പണ്ട്, കൊയ്യാൻ വന്നിരുന്ന ആനകാർത്ത്യേച്ചി കോട്ടുവാ ഇട്ടപ്പോൾ കോച്ചിപ്പിടിച്ച് തുറന്ന വായുമായി ഓട്ടോ റിക്ഷയിൽ ആശുപത്രീപ്പോയതിന്റെ ചിത്രം തെളിഞ്ഞങ്ങിനെ വരുന്നു.
അയ്യേ..! ഈ ചെറിയ കാര്യത്തിന് അത്രക്കും റിസ്കെടുക്കണോ?. വായ പൊളിച്ചുപിടിച്ച ആങ്കിളിൽ ദുബായിലൂടെ പോകുന്ന എന്നെ എനിക്ക് സങ്കൽപിക്കാൻ പോലും കഴിയുന്നില്ല..!
എന്നാലും ഒരു ശ്രമം കൂടി നടത്താം, എന്നിട്ടും പറ്റിയില്ലെങ്കിൽ മുകളീന്ന് ഓരോന്നും എടുത്ത് ഹൈറ്റ് കുറക്കാമെന്നും ഉറപ്പിച്ചു. അങ്ങിനെ, ബർഗർ പരമാവധി അമർത്തിപ്പിടിച്ച്, കോച്ചിപ്പിടിക്കല്ലേ മുത്തപ്പാ എന്ന് പ്രാർത്ഥിച്ച് കണ്ണടച്ചുപിടിച്ച് ദന്ത ഡോക്ടർടെ അടുത്ത് ചെന്നോണം വാ പൊളിച്ച് ഒറ്റ കടിയങ്ങ് കൊടുത്തു.
വെയ്റ്റ് വെയ്റ്റ്… എന്ന മാനേജരുടെ ശബ്ദം കേട്ട് ഞാൻ കണ്ണുതുറക്കുമ്പോൾ, അടിയിലെ ബെന്നിങ്കഷണവും മോളിലെ കഷണവും എന്റെ വിരലുകളിക്കിടയിൽ ഭദ്രം പക്ഷെ, പലവ്യഞ്ജനങ്ങൾ മിക്കതും ടേബിളിൽ. തക്കാളിയുടെ ഒരു പീസ് സ്ലോമോഷനിൽ ഷർട്ടിലൂടെ താഴോട്ട്…..
അപ്പോൾ ജർമ്മൻ ഭാഷയിൽ മാനേജരുടെ ഭാര്യ ആളോട് എന്തോ പറയുന്നത് കേട്ടു. പറഞ്ഞത് മനസ്സിലായില്ലെങ്കിലും ‘എരുമ കഞ്ഞികുടിച്ചാൽ ഇത്രക്കും വൃത്തികേടാവില്ല’ എന്നായിരിക്കും ഒരുപക്ഷെ, പറഞ്ഞിരിക്കുക എന്ന് ഞാൻ ഊഹിച്ചെടുത്തു. ഹവ്വെവർ, പിന്നെ ആളെന്നെ ഒരിക്കലും, നാളിന്നുവരെ ബർഗർ കഴിക്കാൻ വിളിച്ചിട്ടില്ല…!
‘എന്റെ അമ്മക്കും അമ്മാമ്മക്കും ബർഗ്ഗർ ഉണ്ടാക്കാനറിയാഞ്ഞതും കൊടകര മക്ഡോണാൾഡ്സിന് ഔട്ട് ലെറ്റ് ഇല്ലാതെപോയതും എന്റെ കുറ്റമാണോ?’