Breaking News

നിസ്സംഗ മനോഭാവത്തിനെതിരെ നിലയുറപ്പിക്കുക: മാര്‍ പോളി കണ്ണൂക്കാടന്‍

ആളൂര്‍ :  സഭയെയും ക്രൈസ്തവ സമൂഹത്തെയും താറടിക്കാനും സഭയുടെ നിലപാടുകളെപ്പറ്റി പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയും പരത്താനും വിവിധ കോണുകളില്‍ നിന്ന് ശ്രമം  നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഏതാണ് സത്യമെന്ന് വ്യക്തമായും ശക്തമായും വിളിച്ചുപറയുകയെന്നതാണ് ‘കേരളസഭ’യുടെ ദൗത്യമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ ചൂണ്ടികാട്ടി. ഈ ദൗത്യത്തില്‍ പങ്കാളികളാകാന്‍ രൂപതയിലെ മുഴുവന്‍ വിശ്വാസികളെയും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ ‘കേരളസഭ’യുടെ കുടുംബസംഗമവും അവാര്‍ഡ് സമര്‍പ്പണവും സംയുക്തമായി നടത്തിയ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മാര്‍ പോളി കണ്ണൂക്കാടന്‍. ഈ പ്രേഷിത യത്നത്തില്‍ വൈദികരും സന്യസ്തരും വിശ്വാസികളും ഇതുവരെ നല്‍കിപ്പോന്ന സഹകരണവും പങ്കാളിത്തവും തുടരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സമൂഹത്തില്‍ വളര്‍ന്നു വരുന്ന മറ്റുള്ളവരോടുള്ള നിസ്സംഗമനോഭാവവും വലിച്ചെറിയല്‍ സംസ്‌കാരവും ആത്മീയതയില്ലാത്ത ആഘോഷങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള വര്‍ഗ്ഗീയവല്‍ക്കരണവും ദൂരവ്യാപകമായ ദുഷ്ഫലങ്ങള്‍ ഉളവാക്കും.

ഇതിനെതിരെ മൂല്യബോധമുള്ള പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.  വിശ്വാസം സംരക്ഷിക്കാനും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ‘കേരളസഭ’ നിലകൊള്ളുമ്പോള്‍, അതോടൊപ്പം കൂടെ നില്‍ക്കാന്‍ വിശ്വാസിസമൂഹം സജ്ജമാകണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ ആഹ്വാനം ചെയ്തു. ‘കേരളസഭാതാരം’ അവാര്‍ഡ് സ്വീകരിച്ച പ്രഫ. ജോര്‍ജ്ജ് മേനാച്ചേരി, സേവനപുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങിയ ജോണ്‍സന്‍ ആലപ്പാട്ട്, ജോളി ജോസഫ്, ചാലക്കുട ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി, മാനേജിംഗ് എഡിറ്റര്‍ ഫാ. വില്‍സന്‍ ഈരത്തറ, ചിഫ് എഡിറ്റര്‍ ജോസ് താളിയത്ത്, എക്സിക്യൂട്ടീവ് എഡിറ്റര്‍ ഫാ. ജോമി തോട്ട്യാന്‍, ഫാ. ഫ്രാങ്കോ പറപ്പുള്ളി, ജോണ്‍ തട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ‘കേരളസഭ’ നടത്തിയ വര്‍ണക്കൂട്ട്, ബൈബിള്‍ ചിത്രരചനാ മത്സരം, ദാബാര്‍ ക്വിസ്മത്സരം എന്നിവയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പറപ്പൂക്കര സെന്റ് ജോണ്‍സ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ രംഗപൂജയോടെയാണ് കുടുംബസംഗമം ആരംഭിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!